യഥാർത്ഥ മതേതരത്വം പ്രോത്സാഹിപ്പിക്കപ്പെടണം: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മെഡിറ്ററേനിയൻ സമുദ്രത്താൽ തഴുകപ്പെട്ട പ്രദേശങ്ങൾ, ചരിത്രത്തിന്റെ ഭാഗമാണെന്നും, അവ ഗണ്യമായ വികസനം കൈവരിച്ച നിരവധി നാഗരികതകളുടെ കളിത്തൊട്ടിലായി മാറുകയും ചെയ്തുവെന്ന മുഖവുരയോടെയാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. പൌരാണികവും, ഗ്രീക്ക്, ലത്തീൻ സാഹിത്യങ്ങളിൽ ഇടം പിടിച്ച കഥകളുടെയും, ഐതീഹ്യങ്ങളുടെയും അനുയോജ്യമായ പശ്ചാത്തലമായി മാറുവാനും ഈ നാടുകൾക്കു സാധിച്ചുവെന്നതും പാപ്പാ എടുത്തു പറഞ്ഞു. മതാന്തരമായ സഹോദര്യമനോഭാവം ഊട്ടിയുറപ്പിക്കുവാനും, മെഡിറ്ററേനിയനും സമീപ പൗരസ്ത്യദേശത്തിനും ഇടയിൽ സാധിച്ചുവെന്നതും ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിച്ചു.
ഇസ്രയേലിന്റെ ദൈവം, തന്റെ ജനതയോട് നിരന്തരം സംഭാഷണത്തിൽ ഏർപ്പെട്ടതും, തുടർന്ന് കാലത്തിന്റെ പൂർത്തിയിൽ പിതാവിന്റെ മുഖം അതിന്റെ പൂർണ്ണതയിൽ വെളിവാക്കിയ ക്രിസ്തുവിന്റെ ജനനത്തെയും അനുസ്മരിച്ച പാപ്പാ, എന്നാൽ ക്രിസ്തുവിന്റെ മനുഷ്യാവതാരഫലമായി നിലവിൽ വന്ന സംസ്കാരങ്ങൾ, ഇന്ന് യൂറോപ്പ്യൻ ഭൂഖണ്ഡത്തിൽ കുറവ് വരുന്നതും, ദൈവത്തെക്കുറിച്ചുള്ള ചോദ്യം ദുർബലമാകുന്നതും, അവന്റെ സാന്നിധ്യത്തോടും അവന്റെ വചനത്തോടുമുള്ള ഉദാസീനതയും എടുത്തുകാണിച്ചു. ക്രിസ്തീയ സംസ്കാരത്തെയും, മതേതര സംസ്കാരത്തെയും എതിർക്കുന്ന ആധുനികയുഗത്തിൽ നിലവിൽ വന്നിരിക്കുന്ന തിടുക്കത്തിലുള്ള പരിഗണനകളിലും പ്രത്യയശാസ്ത്ര വിധികളിലും നമ്മെത്തന്നെ ഉപേക്ഷിക്കരുതെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു.
നേരെമറിച്ച്, ഈ രണ്ട് ചക്രവാളങ്ങൾ തമ്മിലുള്ള പരസ്പര തുറന്ന സമീപനം തിരിച്ചറിയേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു. എന്നാൽ അടിച്ചേൽപ്പിക്കുന്ന ഒരു വിശ്വാസമല്ല പാപ്പാ ആഹ്വാനം ചെയ്യുന്നത്, മറിച്ച് ഓരോ വിശ്വാസവും, ജീവിതത്തിന്റെ രഹസ്യാത്മകതയെ മനസിലാക്കുന്നതിനും, പൊതുനന്മ പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുമാറാകണമെന്നു പാപ്പാ പറഞ്ഞു. ഇവിടെയാണ് ജനകീയമായ പൊതുഭക്തിയുടെ പ്രാധാന്യവും, സൗന്ദര്യവും ഗ്രഹിക്കുവാൻസാധിക്കുന്നതെന്ന കാര്യവും പാപ്പാ ചൂണ്ടിക്കാണിച്ചു. പൊതുവായ ഈ ഭക്തിമാർഗ്ഗമാണ് ക്രൈസ്തവവിശ്വാസത്തിന്റെ അടിത്തറയെന്നും, ഇത് വിശ്വാസത്തിന്റെ പടിവാതിക്കൽ നിൽക്കുന്നവരെ പോലും അകത്തേക്ക് ക്ഷണിക്കുവാൻ തക്കവണ്ണം ആദർശാത്മകമെന്നും പാപ്പാ പറഞ്ഞു.
ജനങ്ങളുടെ സംസ്കാരത്തിൽ വേരൂന്നിയ ലളിതമായ അടയാളങ്ങളിലൂടെയും, പ്രതീകാത്മക ഭാഷകളിലൂടെയും വിശ്വാസം പ്രകടിപ്പിക്കുന്ന ജനപ്രിയ ഭക്തി, ചരിത്രത്തിന്റെ ജീവനുള്ള ശരീരത്തിൽ ദൈവത്തിന്റെ സാന്നിധ്യം വെളിപ്പെടുത്തുകയും, സഭയുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും അതുവഴിയായി കൂട്ടായ്മാനുഭവം വളർത്തുകയും ചെയ്യുന്നുവെന്ന് പാപ്പാ പറഞ്ഞു. ഇതിനു, നമ്മുടെ മുൻഗാമികളുടെ പാതകൾ ശ്രദ്ധിക്കണമെന്നും അവയിൽ നിന്നും പാഠം ഉൾക്കൊള്ളണമെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
ജനപ്രിയഭക്തി, ഒരു സുവിശേഷസേവനമാണെന്നു പറഞ്ഞ പാപ്പാ, എന്നാൽ ഇതിന്റെ മറുവശത്തു, ബാഹ്യമായ മേഖലകളിലേക്ക് മാത്രം ഒതുങ്ങിക്കൂടുന്നതിനുള്ള പ്രലോഭനങ്ങളും പതിയിരിക്കുന്നുവെന്നു പറഞ്ഞു. ഇത് അന്ധവിശ്വാസങ്ങളിലേക്കും, മറ്റു വിശ്വാസമാർഗ്ഗഭ്രംശങ്ങളിലേക്കും മനുഷ്യനെ നയിക്കുന്നതിനുള്ള സാഹചര്യങ്ങളും പാപ്പാ ചൂണ്ടിക്കാട്ടി. അതിനാൽ ജനപ്രിയ ഭക്തിയിൽ, ജാഗ്രതയും, വിവേചനവും, ശ്രദ്ധയും നിരന്തരം പുലർത്തുന്നതിനും പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.
ഈ ജനപ്രിയ ഭക്തിയിൽ നിന്നുമാണ്, നിരവധി സാമൂഹ്യപ്രവർത്തനങ്ങൾക്ക് ജന്മം നൽകുന്നതിനും, സേവനം ചെയ്യുന്നതിനും അതുവഴി ഒരു ക്രിയാത്മക പൗരത്വത്തെ പരിപോഷിപ്പിക്കുന്നതിനും സഭയ്ക്ക് സാധിച്ചതെന്നും പാപ്പാ പറഞ്ഞു. അതിനാൽ മതേതരത്വം എന്ന ആശയം അതിന്റെ എല്ലാ നന്മകളോടും കൂടെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ അടിവരയിട്ടു. ആരോഗ്യകരമായ മതേതരത്വം എന്നാൽ "മതത്തെ രാഷ്ട്രീയത്തിന്റെ ഭാരത്തിൽ നിന്ന് മോചിപ്പിക്കുകയും മതത്തിന്റെ സംഭാവനകളാൽ സമ്പന്നമാക്കുകയും, ആവശ്യമായ അകലം, വ്യക്തമായ വേർതിരിവ്, അവ രണ്ടും തമ്മിൽ ആവശ്യമായ സഹകരണം എന്നിവ നിലനിർത്തുകയും ചെയ്യുക എന്ന ബനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകളും പാപ്പാ എടുത്തു പറഞ്ഞു.
ആരോഗ്യകരമായ ആദർശങ്ങളുടെ പ്രേരണയോടെയും, പൊതുനന്മയോടുള്ള അഭിനിവേശത്തോടെയും സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ജീവിതത്തിൽ കൂടുതൽ സജീവമായി ഇടപെടാൻ യുവാക്കളെ പാപ്പാ ആഹ്വാനം ചെയ്തു. എല്ലാവരും തമ്മിൽ സംഭാഷണം ഊട്ടിയുറപ്പിച്ചുകൊണ്ട്, സുദൃഢമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: