തിരയുക

ഇടവകസന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പാ  ഇടവകസന്ദർശന വേളയിൽ ഫ്രാൻസിസ് പാപ്പാ   (ANSA)

ജൂബിലി, ദൈവത്തെയും സഹോദരങ്ങളെയും കണ്ടുമുട്ടാനുള്ള മനോഹരമായ സന്ദർഭമാണ്: പാപ്പാ

ഇറ്റാലിയൻ ദിനപത്രമായ ഇൽ മെസ്സജേരോ, ആസന്നമായിരിക്കുന്ന ജൂബിലിയെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പായുടെ ചിന്തകൾ പ്രസിദ്ധീകരിച്ചു

വത്തിക്കാൻ ന്യൂസ്

ജൂബിലി വർഷം, വീണ്ടെടുപ്പിന്റെയും, പുനർജന്മത്തിന്റെയും അവസരമെന്നു തന്റെ ചിന്തകളിൽ ഫ്രാൻസിസ് പാപ്പാ പങ്കുവച്ചു. ഇറ്റാലിയൻ ദിനപത്രമായ 'ഇൽ മെസ്സജേരോ'യിൽ ആണ് പാപ്പായുടെ ചിന്തകൾ പ്രസിദ്ധീകരിച്ചത്. പഴയനിയമത്തിൽ ആഘോഷിക്കപെട്ട ജൂബിലി വർഷത്തിന്റെ പ്രതീകാത്മക സ്വഭാവമുള്ള തിരഞ്ഞെടുപ്പുകൾ ഇന്നും ഏറെ പ്രസക്തമാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. നാം ആയിരിക്കുന്ന ദേശം ദൈവത്തിന്റേതാണെന്നും, അതിനെ ഏറെ വിലമതിക്കണമെന്നും അസമത്വങ്ങൾക്കും, അനീതികൾക്കുമെതിരെ പ്രതികരിക്കുവാനും ജൂബിലി വർഷം ആഹ്വാനം ചെയ്യുന്നതായും പാപ്പാ പറയുന്നു.

എല്ലാ അടിമത്തത്തിൽ നിന്നും മോചിപ്പിക്കാനും അന്ധരുടെ കണ്ണുകൾ തുറക്കാനും അടിച്ചമർത്തപ്പെട്ടവരെ സ്വതന്ത്രരാക്കാനുമായി ഈ ഭൂമിയിലേക്ക് കടന്നുവന്ന യേശു, പ്രതീക്ഷകളാൽ അടയാളപ്പെടുത്തിയ ഒരു യാത്രയ്ക്കുവേണ്ടിയാണ് ഈ ജൂബിലി വർഷം  നമ്മെ ക്ഷണിക്കുന്നതെന്നും പാപ്പാ പറഞ്ഞു. ദൈവത്തെയും, മറ്റുള്ളവരെയും  കാണാനും കർത്താവിനെ കണ്ടുമുട്ടിയതിൻ്റെ സന്തോഷം പുനരുജ്ജീവിപ്പിക്കാനും അങ്ങനെ പ്രത്യാശയുടെ അടയാളത്തിൽ ജീവിതയാത്ര പുനരാരംഭിക്കാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്യുന്നു.

ക്രിസ്സ്തുമസ് രാത്രിയിൽ തുറക്കുന്ന വിശുദ്ധ വാതിൽ, ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിലൂടെ നമുക്ക് വാഗ്ദാനം ചെയ്യുന്ന ആ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള ഒരു പാത രൂപപ്പെടുത്തട്ടെയെന്നും പാപ്പാ ആശംസിച്ചു. ജൂബിലി വർഷത്തിൽ, നിത്യനഗരമായ റോമിലേക്ക് കടന്നുവരുന്ന തീർത്ഥാടകർക്ക്, സ്വാഗതം ഏകുന്നതിനും, ആതിഥ്യമരുളുന്നതിനുമുള്ള വിശ്വാസികളുടെ കടമയെയും പാപ്പാ ഓർമ്മിപ്പിച്ചു. ഭാവിയുടെ പ്രവചനാതീതതയെ അഭിമുഖീകരിക്കുമ്പോൾ, അവിശ്വാസത്തിനും സംശയത്തിനും മരണത്തിനും വഴങ്ങാതിരിക്കാനുള്ള പ്രതീക്ഷ നമ്മുടെയുള്ളിൽ ജ്വലിപ്പിക്കുവാൻ ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനും പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 December 2024, 10:52