സമർപ്പിതജീവിതം ദൈവത്തിനും സഹോദരങ്ങൾക്കുമായുള്ള സമർപ്പണത്തിന്റെ ജീവിതം: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സമർപ്പിതജീവിതം എന്നത് സഹോദരങ്ങൾക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവർക്ക് നൽകുന്ന കരുതലും ശുശ്രൂഷകളും വഴി, ദൈവത്തിനായി നമ്മെത്തന്നെ സമർപ്പിക്കുന്നതാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. സാസ്സിയയിലെ പരിശുദ്ധാത്മാവിന്റെ സഹോദരിമാർ ഉൾപ്പെടെ, മോന്തേപെല്ലിറിലേ വാഴ്ത്തപ്പെട്ട ഗ്വിയുടെ (Guy de Montpellier) സിദ്ധിയുമായി ബന്ധപ്പെട്ട സമൂഹാംഗങ്ങൾക്ക് ഡിസംബർ 5 വ്യാഴാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് സമർപ്പിതജീവിതത്തിന്റെ പ്രത്യേകതകളെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്. തങ്ങളെത്തന്നെ പാവപ്പെട്ടവർക്കുള്ള ശുശ്രൂഷയ്ക്കും കരുതലിനുമായി സമർപ്പിക്കാൻ പാപ്പാ സന്ന്യസ്തരെ ആഹ്വാനം ചെയ്തു.
സാസ്സിയയിലെ പരിശുദ്ധാത്മാവിന്റെ സഹോദരിമാർ എന്ന സന്ന്യാസിനീസമൂഹത്തിന്റെ നിയമസംഹിതയിൽ, "സ്വന്തമായി ഒന്നുമില്ലാതെ" ജീവിക്കുക എന്നെഴുതിയിട്ടുള്ളതിനെ പരാമർശിച്ച പാപ്പാ, ഇത്, കർശനമായ ദാരിദ്ര്യാരൂപിയിലും, ലോകത്തോടുള്ള വിരക്തിയിലും, ഒന്നും സ്വന്തമാക്കാതെയും ജീവിക്കുക എന്ന് മാത്രമല്ല ഉദ്ദേശിക്കുന്നതെന്നും, നാം ദൈവഭവനത്തിന്റെ, പരിശുദ്ധ ത്രിത്വത്തിന്റെ ഭവനത്തിന്റെ അതിഥികളാണെന്ന ബോധ്യത്തിൽ ജീവിക്കാനുള്ള ഓർമ്മപ്പെടുത്തലാണെന്നും ഉദ്‌ബോധിപ്പിച്ചു. ഈ ഭവനം നാം ശുശ്രൂഷിക്കാനായി വിളിക്കപ്പെട്ടിരിക്കുന്ന പാവപ്പെട്ടവരുമായി പങ്കിടുവാനും നാം ഒരുങ്ങേണ്ടതുണ്ടെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
സമർപ്പിതജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താനുള്ള ഇന്നസെന്റ് മൂന്നാമൻ പാപ്പായുടെ പൊതുവായ ആഹ്വാനം സ്വീകരിച്ചാണ് വാഴ്ത്തപ്പെട്ട ഗ്വി പുതിയൊരു സമൂഹത്തിന് ജന്മമേകിയതെന്നും, പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ആരംഭിക്കുന്ന അതിന്റെ നിയമസംഹിത രചിച്ചതെന്നും പാപ്പാ അനുസ്മരിച്ചു.
സഹോദര്യത്തിലുള്ള ജീവിതമെന്നാൽ ഒരേ ഇടവും, ചുമതലകളും ശുശ്രൂഷകളും മറ്റുള്ളവരുമായി പങ്കിടുക എന്ന് മാത്രമല്ല, നമ്മെത്തന്നെ ദൈവത്തിനുള്ള ഒരു ദാനമായി സഹോദരങ്ങളിലൂടെ നൽകുക എന്നതുകൂടിയാണെന് പാപ്പാ ഓർമ്മിപ്പിച്ചു. തങ്ങൾക്കായി പ്രത്യേകമായി ഒന്നും മാറ്റിവയ്ക്കാതെയുള്ള ഒരു സ്വയം ദാനമാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്ന് പാപ്പാ വിശദീകരിച്ചു. സുവിശേഷാത്മകമായ ദാരിദ്ര്യം സഹോദര്യത്തിലേക്ക് വളർത്തുന്നതാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
പാവപ്പെട്ടവരുടെ നേർക്കുള്ള കരുതലിനും, അവർക്കുള്ള സേവനത്തിനും ശ്രദ്ധ കൊടുത്താണ് വാഴ്ത്തപ്പെട്ട മോന്തേപെല്ലിറിലേ വാഴ്ത്തപ്പെട്ട ഗ്വി പുതിയ ഒരു സമൂഹത്തിന് ജന്മം നൽകിയതെന്ന് പാപ്പാ തന്റെ പ്രഭാഷണത്തിന്റെ ആരംഭത്തിൽ അനുസ്മരിച്ചിരുന്നു.
പരിശുദ്ധാത്മാവിനാൽ പ്രേരിതരായി, ക്രിസ്തുവിനെ പിന്തുടരുന്ന നാം, ദൈവത്തിലേക്കുള്ള ഒരു യാത്രയ്ക്കായാണ് ഒരുങ്ങുന്നതെന്ന് പറഞ്ഞ പാപ്പാ, ക്രിസ്തു ശുശ്രൂഷിക്കപെടാനല്ല, ശുശ്രൂഷിക്കാനാണ് (Mt. 20, 28) എത്തിയതെന്ന് ഓർമ്മിപ്പിച്ചു. ഈയൊരു മാതൃകയിലാണ് നാം ശുശ്രൂഷ ചെയ്യേണ്ടതെന്നും ഉദ്‌ബോധിപ്പിച്ച പാപ്പാ, സ്വയം ചെറുതാകുകയും, മറ്റുള്ളവരുടെ ശുശ്രൂഷകരാകുകയും ചെയ്യുന്നതിനനുസരിച്ചാണ് നമ്മുടെ വിശുദ്ധി അളക്കപ്പെടുന്നതെന്ന് കൂട്ടിച്ചേർത്തു.
2024 മെയ് 18-നായിരുന്നു മോന്തേപെല്ലിറിലേ ഗ്വിയെ ഫ്രാൻസിസ് പാപ്പാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: