തിരയുക

ഫ്രാൻസിസ് പാപ്പാ സന്യസ്തരെ അഭിസംബോധന ചെയ്യുന്നു ഫ്രാൻസിസ് പാപ്പാ സന്യസ്തരെ അഭിസംബോധന ചെയ്യുന്നു  (VATICAN MEDIA Divisione Foto)

സുവിശേഷപ്രഘോഷണം എല്ലാവരുടെയും ഉത്തരവാദിത്വമാണ്: പാപ്പാ

സുവിശേഷ സേവനത്തോടുള്ള ദൈനംദിന പ്രതിബദ്ധതയെക്കുറിച്ചും എല്ലാവരിലേക്കും എത്തിച്ചേരേണ്ട ദൈവവചനത്തിന്റെ പ്രചാരണത്തെക്കുറിച്ചും പാപ്പാ സന്യസ്തരെ ഓർമ്മിപ്പിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പരിശുദ്ധാത്മാവിന്റെ കർമ്മലീത്ത സന്ദേശവാഹകരായ സന്യാസിനിസമൂഹത്തിനു ഫ്രാൻസിസ് പാപ്പാ സ്വകാര്യസദസ് അനുവദിക്കുകയും, അവർക്കു ലഘുസന്ദേശം നൽകുകയും ചെയ്തു. ഡിസംബർ മാസം ആറാം തീയതിയാണ് സ്വകാര്യകൂടിക്കാഴ്ച നടത്തിയത്. വിശുദ്ധ പത്രോസ് പൗലോസ് അപ്പസ്തോലന്മാരുടെ കബറിടങ്ങളിലേക്ക്, ബ്രസീലിൽ നിന്നും, യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തീർത്ഥാടകരായി എത്തിയ സന്യസ്തരെയാണ് ഫ്രാൻസിസ് പാപ്പാ സന്ദർശിച്ചത്.

തന്നെ സന്ദർശിക്കാനെത്തിയവർക്ക് ഫ്രാൻസിസ് പാപ്പാ നന്ദിയർപ്പിക്കുകയും, തന്റെ അതീവസന്തോഷം രേഖപ്പെടുത്തുകയും ചെയ്തു. ജൂബിലി വർഷത്തിൽ വിശുദ്ധ വാതിൽ തുറക്കുന്നതിനു മുന്നോടിയായി എത്തിയ സഹോദരിമാരുടെ സാന്നിധ്യം ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

തുടർന്ന് വിശുദ്ധ ലൂക്കയുടെ സുവിശേഷത്തിൽ പ്രതിപാദിക്കുന്ന, യേശുവിന്റെ, സിനഗോഗിലെ ആദ്യവായനയുടെ ഭാഗവും പാപ്പാ എടുത്തു പറഞ്ഞു. "കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട്, കർത്താവിനു സ്വീകാര്യമായ ഒരു വത്സരം പ്രഖ്യാപിക്കുവാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു",  എന്ന വചനം ഉദ്ധരിച്ച പാപ്പാ, അവസാനിക്കാൻ പോകുന്ന ഈ വർഷം ഇതിനകം തന്നെ കൃപയുടെ വർഷമാണെന്ന് ചൂണ്ടിക്കാട്ടി. സഭാസ്ഥാപനത്തിന്റെ നാല്പതാമത് വാർഷികവും, പൊതു തിരഞ്ഞെടുപ്പും, പുതിയ നേതൃത്വത്തിന്റെ തുടക്കവുമെല്ലാം പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

സുവിശേഷ സേവനത്തോടുള്ള  ദൈനംദിന പ്രതിബദ്ധതയെക്കുറിച്ചും എല്ലാവരിലേക്കും എത്തിച്ചേരേണ്ട ദൈവവചനത്തിന്റെ പ്രചാരണത്തെക്കുറിച്ചും പാപ്പാ സന്യസ്തരോട് എടുത്തു പറയുകയും, സുവിശേഷപ്രഘോഷണം എല്ലാ ക്രൈസ്തവരുടെയും ഉത്തരവാദിത്വമാണെന്ന് അടിവരയിടുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 December 2024, 13:26