പൗരോഹിത്യവഴിയിൽ അൻപത്തിയഞ്ചു വർഷങ്ങൾ പൂർത്തിയാക്കി ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് പാപ്പാ, പൗരോഹിത്യം സ്വീകരിച്ചിട്ട് ഡിസംബർ മാസം പതിമൂന്നാം തീയതി അമ്പത്തിയഞ്ചു വർഷങ്ങൾ പൂർത്തിയായി. 1969 ഡിസംബർ പതിമൂന്നാംതീയതിയാണ് കോർദോബായിലെ മെത്രാപ്പോലീത്തയായിരുന്ന മോൺസിഞ്ഞോർ രാമോൻ ഹോസെ കാസ്റ്റെജ്ജോയുടെ കൈവയ്പുശുശ്രൂഷയാൽ ബെർഗോഗ്ലിയോ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്.
തന്റെ ദൈവവിളിയെ, വിശുദ്ധ മത്തായിയുടെ ദൈവവിളിയോടാണ് ഫ്രാൻസിസ് പാപ്പാ സാമ്യപ്പെടുത്തി സംസാരിച്ചിരുന്നത്. പാപിയായ തന്നെ ദൈവം തന്റെ വിരൽ നീട്ടി കൃപ തന്നതിന്റെ ഫലമാണ് തന്റെ ജീവിതം വൈദികവൃത്തിയിൽ മുൻപോട്ട് പോകുന്നതെന്നു ഫ്രാൻസിസ് പാപ്പാ നൽകിയ അഭിമുഖസംഭാഷണങ്ങളിൽ പലപ്പോഴും സൂചിപ്പിച്ചിരുന്നു.
1958 മാർച്ച് 11-ന് ഈശോസഭാ സെമിനാരിയിൽ പ്രവേശിച്ച ഫ്രാൻസിസ് പാപ്പാ, തത്വശാസ്ത്രവും, ദൈവശാസ്ത്രവും പഠിക്കുകയും, 1964 മുതൽ വിവിധ കോളജുകളിൽ സാഹിത്യവും മനഃശാസ്ത്രവും പഠിപ്പിക്കുകയും ചെയ്തു. തുടർന്ന് മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, തന്റെ ജീവിത ആദര്ശവാക്യമായി തിരഞ്ഞെടുത്ത വാചകം പിന്നീട് പരിശുദ്ധ പിതാവിന്റെ ജീവിതത്തിലൂടെ തെളിയിക്കപ്പെട്ടതാണ്, "കരുണയോടെ അവനെ നോക്കുകയും അവനെ തിരഞ്ഞെടുക്കുകയു ചെയ്തു" എന്നതായിരുന്നു വചനം (Miserando atque eligendo). അന്നുമുതൽ, "അടുപ്പം, അനുകമ്പ, ആർദ്രത" എന്നിവ തന്റെ ജീവിതത്തിൽ ഫ്രാൻസിസ് പാപ്പാ അഭംഗുരം കാത്തുസൂക്ഷിച്ചിരുന്നുവെന്നതിനു നിരവധിയാളുകൾ സാക്ഷികളാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: