തിരയുക

കൺസിസ്റ്ററിവേളയിൽ ഫ്രാൻസിസ് പാപ്പാ കൺസിസ്റ്ററിവേളയിൽ ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

കർദിനാൾമാർ യേശുവിന്റെ പാതയിൽ നടക്കണം: ഫ്രാൻസിസ് പാപ്പാ

യേശുവിന്റെ പാതയിലൂടെ നടക്കുകയെന്നാൽ അവനുമായുള്ള കണ്ടുമുട്ടലിന്റെ അനുഭവം വളർത്തിയെടുക്കുക എന്നാണ് അർത്ഥം. സഭയിൽ പുതിയതായി ഇരുപത്തിയൊന്നു കർദിനാൾമാരെയാണ് ഫ്രാൻസിസ് പാപ്പാ നിയോഗിച്ചിരിക്കുന്നത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കത്തോലിക്കാസഭയിൽ പുതിയതായി ഇരുപത്തിയൊന്നു കർദിനാൾമാരെക്കൂടി ചേർത്തുകൊണ്ടുള്ള കൺസിസ്റ്ററി, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ വച്ച് ഡിസംബർ മാസം ഏഴാം തീയതി, പ്രാദേശിക സമയം വൈകുന്നേരം നാലു മണിക്ക് നടന്നു. പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുകയും, വചനസന്ദേശം നൽകുകയും ചെയ്തു. ജറുസലേമിലേക്ക് വധിക്കപ്പെടുവാൻ നയിക്കപ്പെടുന്ന യേശുവിന്റെ യാത്രയും, സെബദി പുത്രന്മാരുടെ സ്ഥാനങ്ങൾക്കു വേണ്ടിയുള്ള അഭ്യർത്ഥനയുമായിരുന്നു സന്ദേശത്തിന്റെ അടിസ്ഥാനവചനഭാഗം. ഈ യാത്ര ലോകമഹത്വങ്ങളിലേക്ക് ആയിരുന്നില്ല മറിച്ച്, മരണത്തിന്റെ അഗാധഗർത്തങ്ങളിലേക്ക് ഇറങ്ങുന്ന ദൈവത്തിന്റെ മഹത്വത്തിലേക്കായിരുന്നുവെന്ന് പാപ്പാ പ്രത്യേകം അനുസ്മരിച്ചു. കാൽവരിയിലേക്കുള്ള യേശുവിന്റെ സഹനത്തിന്റെ യാത്രയെ മറന്നുകൊണ്ട്, അധികാരത്തിന്റെ വശീകരണത്തിൽ ഉൾപ്പെട്ടുകൊണ്ട് അഭ്യർത്ഥന നടത്തുന്ന സെബദി പുത്രന്മാരുടെ പ്രലോഭനം ഇന്നും ഉണ്ടാകുവാനുള്ള സാധ്യത പാപ്പാ അടിവരയിട്ടു പറഞ്ഞു.

ഇപ്രകാരം ഹൃദയങ്ങൾ വഴിതെറ്റിപ്പോകുന്ന അവസരത്തിൽ നമ്മുടെ ഉള്ളിലേക്ക് ദൃഷ്ടികൾ ഉറപ്പിക്കണമെന്നും, താഴ്മയോടെയും, സത്യസന്ധതയോടെയും ദൈവത്തിന്റെ മുൻപിൽ നമ്മെത്തന്നെ പ്രതിഷ്ഠിക്കണമെന്നും പാപ്പാ പറഞ്ഞു. വിശുദ്ധ ആഗസ്തീനോസ് പുണ്യവാന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ലോകത്തിന്റെ മറ്റു ഇടങ്ങളിലേക്ക് നമ്മെ തിരിച്ചുവിട്ട വഴികളിൽ നിന്നും തിരികെ ക്രിസ്തു വസിക്കുന്ന ഹൃദയങ്ങളിലേക്ക് തിരികെ വരുവാനും പാപ്പാ ഉദ്‌ബോധിപ്പിച്ചു. കർദിനാൾ സ്ഥാനം ഏൽക്കുന്നവർ യേശുവിന്റെ പാതയിൽ ചരിക്കുക എന്നതാണ് പ്രധാനവും പ്രഥമവുമെന്നു ഓർമ്മപ്പെടുത്തിയ പാപ്പാ, എല്ലാ കാര്യങ്ങളുടെയും കേന്ദ്രബിന്ദുവായി യേശുവിനെ പ്രതിഷ്ഠിക്കണമെന്നും അടിവരയിട്ടു പറഞ്ഞു. ബാഹ്യമായ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ജീവിതത്തിന്റെ അടിത്തറയായ ക്രിസ്തുവിൽ നമ്മുടെ ജീവിതത്തെ ഊട്ടിയുറപ്പിക്കണെമന്നും പാപ്പാ പറഞ്ഞു.

നിശ്ചലമായി നിൽക്കുന്നത് ഹൃദയത്തെ നശിപ്പിക്കുന്നുവെന്നും നിശ്ചലമായ ജലമാണ് ആദ്യം ദുഷിപ്പിക്കുന്നതെന്നും പറഞ്ഞ പാപ്പാ, ജീവിതത്തിൽ ദുർബലരായവരെയും, സഹായം ആവശ്യമായവരെയും കണ്ടെത്തുവാൻ നിരന്തരം യാത്രയിൽ ആയിരിക്കണമെന്നും ഓർമ്മിപ്പിച്ചു. ഇപ്രകാരം, ഐക്യത്തിന്റെയും കൂട്ടായ്മയുടെയും നിർമ്മാതാക്കളായി മാറുവാൻ എല്ലാവർക്കും സാധിക്കട്ടെയെന്നും, ശത്രുതയുടെ മതിൽ തകർത്തുകൊണ്ട്, സാഹോദര്യത്തിന്റെ കൂട്ടായ്മാനുഭവം വളർത്തുവാൻ  കഴിയട്ടെയെന്നും പാപ്പാ തന്റെ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 December 2024, 13:39