കൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ  (VATICAN MEDIA Divisione Foto)

കായികമേഖല സൗഹൃദം ഊട്ടിയുറപ്പിക്കുന്നു: പാപ്പാ

ഇറ്റലിയിലെ പരമ്പരാഗതമായ കായികഇനമായ 'ബോച്ചേ'ഫെഡറേഷൻ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ ഡിസംബർ മാസം ഇരുപതാം തീയതി കൂടിക്കാഴ്ച്ച നടത്തി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ലാളിത്യവും, സാഹോദര്യവും ഒത്തിണങ്ങുന്ന ഒരു കായികഇനം എന്ന നിലയിൽ, ബോച്ചേ എന്ന ഇറ്റലിയിലെ പരമ്പരാഗത മത്സരം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നു ഫ്രാൻസിസ് പാപ്പാ പറഞ്ഞു.  'ബോച്ചേ'ഫെഡറേഷൻ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ ഡിസംബർ മാസം ഇരുപതാം തീയതി കൂടിക്കാഴ്ച്ച നടത്തിയ അവസരത്തിലാണ്  ഇക്കാര്യം അടിവരയിട്ടു പറഞ്ഞത്. ഫെഡറേഷൻ ഭാരവാഹികളെയും, പ്രതിനിധികളെയും കണ്ടുമുട്ടുവാൻ സാധിച്ചതിൽ തനിക്കുള്ള അതിയായ സന്തോഷവും പാപ്പാ പ്രത്യേകം ചൂണ്ടിക്കാട്ടി. പന്തുകൊണ്ടുള്ള കളികൾ പൊതുവെ ഇഷ്ടപ്പെടുന്ന തനിക്ക്, ബോച്ചേ മത്സരത്തിന്റെ പ്രത്യേകതയായി തോന്നിയിട്ടുള്ളത്, മത്സരത്തിന്റെ ലാളിത്യമാണെന്നും പാപ്പാ പറഞ്ഞു.

ജീവിതത്തിൽ വിവിധ മേഖലകളിൽ ജോലിചെയ്യുന്നവർ ഈ കായിക ഇനത്തിൽ മത്സരിക്കുവാൻ എത്തുന്നുവെന്നതും, ശതകോടീശ്വരന്മാരുടെ നക്ഷത്രകരാറുകൾ ഇല്ലാതെ, സാധാരണ ആളുകൾ ഈ മത്സരത്തിൽ അംഗങ്ങൾ ആകുന്നുവെന്നതും, ഈ കായികഇനത്തിന്റെ പ്രത്യേകതയാണെന്നു പാപ്പാ പറഞ്ഞു. ഇത് മാനവികതയുടെ സമ്പന്നതയാണെന്നും പാപ്പാ അടിവരയിട്ടു.

സാമൂഹ്യപരവും, സൗഹൃദപരവുമായ കളിയുടെ പ്രത്യേകതയാണ് തുടർന്ന് പാപ്പാ ചൂണ്ടിക്കാണിച്ചത്. ഗ്രാമീണ ലോകത്ത്, എല്ലായിടത്തും, ഇടവകകളിൽ പോലും ഈ മത്സരം സംഘടിപ്പിച്ചിരുന്നുവെന്നത് പാപ്പാ അനുസ്മരിച്ചു. ഒരുമിച്ചിരിക്കുവാനും, കൂട്ടായ്മയിൽ വളരുവാനും സാധിക്കുന്നതരത്തിലുള്ള ആരോഗ്യകരവും സമാധാനപരവുമായ വിനോദമാണിതെന്നും പാപ്പാ എടുത്തു പറഞ്ഞു. എല്ലാ മനുഷ്യർക്കും ഒരുപോലെ പങ്കെടുക്കുവാൻ കഴിയുമെന്ന പ്രത്യേകതയും പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 December 2024, 13:35