വിശ്വാസവും, പ്രത്യാശയും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
'ദൈവത്തോടുള്ള അസാധാരണമായ സ്നേഹത്താൽ എപ്പോഴും വേറിട്ടുനിൽക്കുന്ന നിക്കരാഗ്വൻ ജനത' എന്ന അഭിസംബോധനയോടെ പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാളിനോടനുബന്ധിച്ച് നടന്ന തീർത്ഥാടനത്തിൽ സംബന്ധിച്ച വിശ്വാസികൾക്ക് ഫ്രാൻസിസ് പാപ്പാ തന്റെ ശ്ലൈഹീകാശീർവാദം നൽകി ഇടയലേഖനം അയച്ചു. നൊവേനയുടെ ഈ ദിവസങ്ങളിൽ വിശ്വാസികൾക്ക് തന്റെ ആത്മീയ സാമീപ്യം പാപ്പാ പ്രത്യേകം അറിയിച്ചു. നമ്മെ അനുഗമിക്കുന്നതും ഏക ഉറപ്പുള്ള വഴികാട്ടിയുമായ കർത്താവിൻ്റെ സ്നേഹനിർഭരമായ കരുതലിനെ മറക്കരുതെന്നു ഉദ്ബോധിപ്പിച്ച പാപ്പാ, പ്രയാസകരമായ നിമിഷങ്ങളിൽ കർത്താവിനെ സംശയത്തോടെ വീക്ഷിക്കരുതെന്നും, വിശ്വാസവും പ്രത്യാശയും അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന പുണ്യങ്ങളാണെന്നും അടിവരയിട്ടു പറഞ്ഞു.
ഈ വിശ്വാസത്തിന്റെ സാക്ഷ്യമായ പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃപിന്തുണ നിക്കരാഗ്വൻ ജനത എപ്പോഴും അനുഭവിച്ചിട്ടുണ്ടെന്നും, അതിനു വിശ്വാസിസമൂഹം എപ്പോഴും നന്ദിയുള്ളവരായിരുന്നുവെന്ന കാര്യവും പാപ്പാ തന്റെ ഇടയലേഖനത്തിൽ പ്രത്യേകം അനുസ്മരിച്ചു. 2025-ലെ ജൂബിലിയുടെ ഉദ്ഘാടനത്തിനായി നമ്മെ ഒരുക്കുന്ന അമലോത്ഭവത്തിരുനാൾ, ബുദ്ധിമുട്ടുകളിലും അനിശ്ചിതത്വങ്ങളിലും ഇല്ലായ്മകളിലും ആവശ്യമായ സഹായങ്ങൾ പ്രദാനം ചെയ്യുമെന്നും, അതിനാൽ യേശുവിന്റെ കരങ്ങളിലേക്ക് സ്വയം സമർപ്പിക്കുവാനും പാപ്പാ ആഹ്വാനം ചെയ്തു.
മറിയത്തോടുള്ള ആർദ്രമായ ഭക്തിയുടെ പിന്തുണയോടെ, ഒരുമിച്ച് നടക്കുന്നത് സുവിശേഷത്തിൻ്റെ പാതയിൽ ഉറച്ചുനിൽക്കുന്നതിനും, വിശ്വാസം പുതുക്കാനും നമ്മെ സഹായിക്കുമെന്നും പാപ്പാ പറഞ്ഞു. ജപമാലപ്രാർത്ഥനകളിൽ നമ്മുടെ ജീവിതത്തെയും ഉൾപ്പെടുത്തിക്കൊണ്ട്, കൃപയുടെ നിറവ് ജീവിതത്തിൽ അനുഭവിക്കുന്നതിനും പാപ്പാ വിശ്വാസികളെ പ്രത്യേകം ക്ഷണിച്ചു. ജൂബിലി വർഷത്തിനായി തയ്യാറാക്കിയ പ്രത്യേക പ്രാർത്ഥനയും പാപ്പാ തന്റെ സന്ദേശത്തിൽ ഉപസംഹാരമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: