മാനവികതയുടെ ആധികാരിക ചിത്രമാണ് പരിശുദ്ധ അമ്മ: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഡിസംബർ മാസം എട്ടാം തീയതി, സഭയിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയൊന്നു കർദിനാൾമാരുമായി ചേർന്ന് ഫ്രാൻസിസ് പാപ്പാ ദിവ്യബലിയർപ്പിക്കുകയും, വചന സന്ദേശം നൽകുകയും ചെയ്തു. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ വച്ചുനടന്ന ചടങ്ങുകളിൽ ആയിരക്കണക്കിനു വിശ്വാസികളും പങ്കെടുത്തു. സഭയുടെ ജീവിതത്തിൽ പരിശുദ്ധ അമ്മ നൽകുന്ന വലിയ മാതൃകകളെയും ദർശനങ്ങളെയും ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ എടുത്തു പറഞ്ഞു. നിഷ്കളങ്കതയും വിശുദ്ധിയും നിറഞ്ഞ പരിശുദ്ധ അമ്മയുടെ ജീവിതം മാനവികതയുടെ മുഴുവൻ ആധികാരികമായ ചിത്രമാണെന്ന് പറഞ്ഞ പാപ്പാ, ഈ ചടുലതയും, ലാളിത്യവും നമുക്കും ജീവിത മാതൃകയാകണമെന്നും അടിവരയിട്ടു.
ഒരു മകൾ എന്ന നിലയിൽ പരിശുദ്ധ അമ്മയിൽ വിളങ്ങിയിരുന്ന വിശ്വാസതീക്ഷ്ണതയെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. പരിശുദ്ധ മായ ഹൃദയത്തിനു ഉടമയായിരുന്ന അവളിൽ പ്രതിഫലിച്ചിരുന്നത് പിതാവിന്റെ സ്നേഹമായിരുന്നുവെന്നും, ഈ ജീവിതം അവൾ ഒരു സമ്മാനമായിട്ടാണ് സമർപ്പിച്ചതെന്നും പാപ്പാ പറഞ്ഞു.
തുടർന്ന് രക്ഷാപദ്ധതിയിൽ സഹകാരിയായി, ഒരു മണവാട്ടിയെന്നവണ്ണം പരിശുദ്ധ അമ്മയെ അലംകൃതയാക്കിയ ദൈവകരുണയെ പാപ്പാ പ്രത്യേകം സ്മരിച്ചു. തന്റെ രക്ഷാപദ്ധതിക്കായി ഒരു സ്ത്രീയെ തന്റെ കൂട്ടാളിയായി തിരഞ്ഞെടുത്തു. സഭയും ഒരു സ്ത്രീയായതിനാൽ, സ്ത്രീയെക്കൂടാതെ രക്ഷ സാധ്യമല്ല എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വാക്കുകളും പാപ്പാ ഉദ്ധരിച്ചു. വിശ്വസ്തത, പരിചരണം എന്നിങ്ങനെ പങ്കാളികൾക്കിടയിൽ നിലനിൽക്കുന്ന പരസ്പര സ്നേഹത്തിന്റെ സവിശേഷതകൾ പരിശുദ്ധ അമ്മയിലും വിളങ്ങിയിരുന്നുവെന്നു വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ട് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
തുടർന്ന് പരിശുദ്ധ അമ്മയുടെ സൗന്ദര്യത്തിന്റെ മൂന്നാമത്തെ തലമായ മാതൃഭാവത്തെക്കുറിച്ചും പാപ്പാ അനുസ്മരിച്ചു. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും എല്ലായ്പ്പോഴും പുത്രനോടൊപ്പം ആയിരുന്ന പരിശുദ്ധ അമ്മ, മറ്റുള്ളവരുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട നിമിഷങ്ങളിലും സഹായത്തിനായി ഓടിയെത്തിയിരുന്നത്, അവളിലെ അമ്മഭാവം അതിന്റെ പൂർണ്ണതയിൽ വെളിവാക്കുന്നതാണെന്നു പാപ്പാ പറഞ്ഞു.
പരിശുദ്ധ അമ്മയെപ്പോലെ നമ്മുടെ പദ്ധതികളിൽ കർത്താവിന് ഇടം നൽകാനും മാതൃ ആർദ്രതയോടെ സ്വാഗതം ചെയ്യാനും അപ്രകാരം എല്ലാവരെയും സഹോദരങ്ങളായി ചേർത്ത് പിടിക്കുവാനും സാധിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. നിസ്സംഗത ഉപേക്ഷിച്ചുകൊണ്ട്, മറ്റുള്ളവർക്കായി സേവനങ്ങൾ ചെയ്യുവാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു. സ്നേഹം നിറഞ്ഞ അവളുടെ ഹൃദയം നമ്മെ കീഴടക്കട്ടെയെന്നും, അത് നമ്മെ പരിവർത്തനത്തിന്റെ പാതയിൽ നയിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: