തിരയുക

ഫ്രാൻസിസ് പാപ്പാ കാരിത്താസ് അംഗങ്ങളുമൊത്ത് ഫ്രാൻസിസ് പാപ്പാ കാരിത്താസ് അംഗങ്ങളുമൊത്ത്   (VATICAN MEDIA Divisione Foto)

സമൂഹ പരിവർത്തനത്തിനുള്ള വെല്ലുവിളി ഏറ്റെടുക്കണം: ഫ്രാൻസിസ് പാപ്പാ

സമൂഹത്തിൽ നിഷ്ക്രിയമായും, നിദ്രയിലാഴ്ന്നും കിടക്കുന്ന സാഹോദര്യത്തിന്റെ മനോഹാരിത വീണ്ടും ഉണർത്തുവാനും, അതിനായി പരിശ്രമിക്കുവാനും സ്‌പെയിനിലെ തോളെദോ രൂപതയിൽ നിന്നുള്ള കാരിത്താസ് സംഘടനയുടെ പ്രതിനിധിസംഘത്തിനു നൽകിയ സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു പറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സ്‌പെയിനിലെ തോളെദോ രൂപതയിൽ നിന്നുള്ള കാരിത്താസ് സംഘടനയുടെ പ്രതിനിധിസംഘവുമായി ഫ്രാൻസിസ് പാപ്പാ സ്വകാര്യകൂടിക്കാഴ്ച നടത്തി. ഡിസംബർ മാസം അഞ്ചാം തീയതി വത്തിക്കാനിൽ വച്ചു നടത്തിയ കൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകുകയും ചെയ്തു. തോളെദോ പ്രവിശ്യയിൽ ഏറെ ദുരിതമനുഭവിക്കുന്ന ആളുകൾക്ക് വേണ്ടി കഴിഞ്ഞ അറുപതു വർഷങ്ങളായി കാരിത്താസ് സംഘടന സേവനങ്ങൾ നടത്തിവരുന്നു.

തന്റെ സന്ദേശത്തിൽ, പ്രതിബദ്ധതയോടെ  കാരുണ്യവും നീതിയും കൂടുതൽ വ്യാപിപ്പിച്ചുകൊണ്ട്, ഇനിയും സമൂഹത്തിൽ പരിവർത്തനത്തിന്റെ വക്താക്കളാകുവാൻ പാപ്പാ സംഘടനയിലെ അംഗങ്ങളെ ക്ഷണിച്ചു. ഇന്ന് സമൂഹത്തിൽ നിഷ്ക്രിയമായും, നിദ്രയിലാഴ്ന്നും കിടക്കുന്ന സാഹോദര്യത്തിന്റെ മനോഹാരിത വീണ്ടും ഉണർത്തുവാനും, വളർത്തിയെടുക്കുവാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

ജീവകാരുണ്യപ്രവർത്തനങ്ങൾ, സുവിശേഷവത്ക്കരണത്തിന്റെ സാർവ്വത്രികഭാഷയാണെന്നും, ഇവയെ പരിഭാഷപ്പെടുത്തേണ്ട ആവശ്യമില്ലെന്നും പറഞ്ഞ പാപ്പാ, ഈ ഭാഷ എല്ലാവർക്കും മനസിലാകുന്നതും, ഓരോ ജീവകാരുണ്യ പ്രവർത്തകനും ഈ ഭാഷയുടെ സാക്ഷിയാണെന്നും പറഞ്ഞു.  സഭയുടെ സാമൂഹിക മാനത്തിൽ നിന്നും ഉരുത്തിരിയുന്ന ഈ ജീവകാരുണ്യപ്രവൃത്തികൾ, സഹകരണത്തിന്റെയും സിനഡാലിറ്റിയുടെയും ചൈതന്യം ഊട്ടിയുറപ്പിക്കുന്നതാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

സന്ദേശത്തിന്റെ ഉപസംഹാരത്തിൽ, ജീവകാരുണ്യ ഉദ്യമങ്ങളിൽ ഉത്തരോത്തരം വളരുന്നതിന്, പ്രാർത്ഥനയുടെയും, വചനവായനയുടെയും, കൂദാശസ്വീകരണത്തിന്റെയും ആവശ്യകതയും പാപ്പാ അടിവരയിട്ടു പറഞ്ഞു.  അപ്രകാരം, ലോകത്തിന് വളരെയധികം ആവശ്യമുള്ള ജ്ഞാനത്തിന്റ ദാതാക്കളായി മാറുവാൻ എല്ലാവർക്കും സാധിക്കട്ടെയന്നും പാപ്പാ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 December 2024, 13:37