ധനകാര്യസ്ഥാപനങ്ങൾ സ്വാർത്ഥത വെടിയണം: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
അവസരങ്ങളുടെ വാതായനങ്ങൾ തുറക്കുവാൻ വിവിധ ബാങ്കുകൾ സ്വീകരിച്ചിട്ടുള്ള പദ്ധതികളെ എടുത്തുപറഞ്ഞുകൊണ്ടാണ് ഇറ്റലിയിലെ വിവിധ ബാങ്കുകളിലെ ഉദ്യോഗസ്ഥരുമായി ഫ്രാൻസിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ചയിൽ സന്ദേശം നൽകിയത്. ജനകീയ തലത്തിൽ, ധനകാര്യസ്ഥാപനങ്ങൾ എത്തിക്കുന്നതിന് സഭ നൽകിയിട്ടുള്ള സംഭാവനകളും പാപ്പാ ചൂണ്ടിക്കാട്ടി. ദാരിദ്ര്യം ഇന്നും ഒരു യാഥാർഥ്യമായി തുടരുമ്പോൾ, പാവപ്പെട്ടവർക്ക് വായ്പകൾ നൽകി നിരവധി കുടുംബങ്ങളെ അവരുടെ കാലിൽ നിൽക്കാനും നഗരത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ സമന്വയിപ്പിക്കാനും ബാങ്കുകൾ നടത്തിയ പ്രവർത്തനങ്ങളെ പാപ്പാ നന്ദിയോടെ സ്മരിച്ചു.
കാർഷിക മേഖലയിലും വ്യവസായ, വാണിജ്യ മേഖലകളിലും നിരവധി സാമ്പത്തിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ, പ്രായോഗികമായ ഒരു സമ്പദ്വ്യവസ്ഥ നിലവിൽ കൊണ്ടുവരുന്നതിന്, ലിയോ പതിമൂന്നാമൻ പാപ്പാ രചിച്ച റേരും നോവാരും എന്ന ചാക്രികലേഖനത്തെയും പാപ്പാ പരാമർശിച്ചു. എന്നാൽ ധനകാര്യസ്ഥാപനങ്ങളുടെ ഒരേയൊരു മാനദണ്ഡം ലാഭം മാത്രം ആയി ചുരുങ്ങുമ്പോൾ , യഥാർത്ഥ സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രതികൂല പ്രത്യാഘാതങ്ങളെയും പാപ്പാ അടിവരയിട്ടു പറഞ്ഞു. ഒരു പ്രദേശത്തുനിന്നും നിക്ഷേപം സ്വീകരിച്ചുകൊണ്ട്, അത് മറ്റൊരു സ്ഥലത്തു വിനിയോഗിക്കുന്നത് ചൂഷണമാണെന്നും, ഇത് സ്വാർത്ഥപരമായ താത്പര്യഫലമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ധനകാര്യം, പലിശ മനോഭാവം, ഊഹക്കച്ചവടം, പരിസ്ഥിതിയെ നശിപ്പിക്കുകയും യുദ്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിക്ഷേപങ്ങളായി മാറുമ്പോൾ, അത് സമഗ്രമായ മാനുഷിക വികസനത്തിന് വിഘാതമായി തീരുന്നുവെന്നും പാപ്പാ പറഞ്ഞു. ജൂബിലി വർഷത്തോടനുബന്ധിച്ച്, ദരിദ്രരായ ആളുകളുടെ കടങ്ങൾ ഇളച്ചുകൊടുക്കുവാൻ മനസുണ്ടാകണമെന്നും പാപ്പാ തന്റെ സന്ദേശത്തിൽ അഭ്യർത്ഥിച്ചു. ദരിദ്രരുടെ ജീവിതത്തിൽ പ്രത്യാശയും ഭാവിയും സൃഷ്ടിക്കുന്നതിനും, ആത്മവിശ്വാസം വിതയ്ക്കാനും പാപ്പാ അംഗങ്ങളെ പ്രോത്സാഹിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: