പ്രതിനിധികളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച്ച നടത്തുന്നു പ്രതിനിധികളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച്ച നടത്തുന്നു   (VATICAN MEDIA Divisione Foto)

പരസ്പരമുള്ള തുറവാണ്, ഐക്യത്തിന്റെ അടിസ്ഥാനം: ഫ്രാൻസിസ് പാപ്പാ

ആഗോള മെത്തഡിസ്റ്റ് സഭയുടെ കൗൺസിൽ പ്രതിനിധിസംഘവുമായി ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച്ച നടത്തി

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

മെത്തഡിസ്റ്റ് സഭയും, കത്തോലിക്ക സഭയും തമ്മിലുള്ള പരസ്പര ധാരണയും, സ്നേഹവും, അറിവും ഇരു സഭകളെയും ഏറെ അടുപ്പിച്ചുവെന്നു ആഗോള മെത്തഡിസ്റ്റ് സഭയുടെ കൗൺസിൽ പ്രതിനിധിസംഘവുമായി നടത്തിയ കൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ഡിസംബർ മാസം പതിനാറാം തീയതി, വത്തിക്കാനിൽ വച്ചാണ് കൂടിക്കാഴ്ച്ച നടത്തിയത്. മെത്തഡിസ്റ്റ് സഭയിലെ വനിതാമെത്രാൻ ദേബ്‌റാ വാലസ് പാഡ്ജറ്റും, വൈദികനായ ഫെരേര ലിയോ-നെറ്റോയുടെ നേതൃത്വത്തിലാണ് പ്രതിനിധിസംഘം പാപ്പായെ കണ്ടത്.

നിരവധി വർഷങ്ങൾ, അപരിചിതത്വവും, സംശയവും പുലർത്തിയിരുന്ന ഇരു സഭകളും, തുടർന്ന് പരസ്പര സ്നേഹത്തിൽ ഐക്യപ്പെട്ടതിന്റെ സന്തോഷം പാപ്പാ, തന്റെ സന്ദേശത്തിൽ പ്രത്യേകം ചൂണ്ടിക്കാട്ടി. ഇരുസഭകളും തങ്ങളുടെ തുറവിൽ നിന്നുമാണ് കൂടുതൽ ഒത്തൊരുമയിലേക്ക് കടന്നുവന്നതെന്നും, തുടർന്ന് ശാന്തപൂർണ്ണമായ ഒരു സൗഹാർദ്ദം പുലർത്തുവാൻ സാധിച്ചിട്ടുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു. യേശുവിന്റെ തിരുഹൃദയം, നമ്മുടെ ഹൃദയങ്ങളെ സ്പർശിച്ചുകൊണ്ടു രൂപാന്തരപ്പെടുത്തുന്നത്, വ്യത്യസ്തതകളെ സമന്വയിപ്പിക്കുവാൻ ഉതകുന്നതാണെന്നും, ഈ ഐക്യത്തിന്റെ  പാതയിൽ  സഞ്ചരിക്കണമെന്നും പാപ്പാ എടുത്തു പറഞ്ഞു.

അടുത്ത വർഷം, ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ആദ്യത്തെ എക്യുമെനിക്കൽ കൗൺസിലായ നിഖ്യ സൂനഹദോസിന്റെ 1700-ാം വാർഷികം ആഘോഷിക്കുമ്പോൾ, ലോകത്തിനു ദൈവീക സാന്നിധ്യത്തിനു സാക്ഷ്യം വഹിക്കുന്നതിനുള്ള എല്ലാ സഭകളുടെയും ഉത്തരവാദിത്വവും, ഏക വിശ്വാസവും അരക്കിട്ടുറപ്പിക്കണമെന്നും, ദൃശ്യമായ ഐക്യത്തിലേക്കുള്ള പാതയിൽ മുന്നോട്ടുപോകാനും, 'എല്ലാവരും ഒന്നായിരിക്കണമെന്ന' യേശുവിന്റെ പ്രാർത്ഥനയോട് ഉചിതമായി പ്രതികരിക്കുന്നതിനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 December 2024, 13:56