തിരയുക

ഫ്രാൻസിസ് പാപ്പാ സമ്മേളനത്തിൽ പങ്കെടുത്തവർക്കൊപ്പം ഫ്രാൻസിസ് പാപ്പാ സമ്മേളനത്തിൽ പങ്കെടുത്തവർക്കൊപ്പം   (Vatican Media)

ദൈവശാസ്ത്രപഠന കേന്ദ്രങ്ങളുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിടണം: ഫ്രാൻസിസ് പാപ്പാ

ദൈവശാസ്ത്ര പഠനം എല്ലാവർക്കും പ്രാപ്യമായിരിക്കണമെന്നും, പ്രായവ്യത്യാസമില്ലാതെ എല്ലാവരുടെയും വിശ്വാസം ആഴത്തിൽ ഊട്ടിയുറപ്പിക്കുവാനും ദൈവശാസ്ത്രപഠന കേന്ദ്രങ്ങൾ സൗകര്യങ്ങൾ ഒരുക്കണമെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സംസ്കാര- വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായുള്ള വത്തിക്കാൻ ഡിക്കസ്റ്ററിയുടെ ആഭിമുഖ്യത്തിൽ ദൈവശാസ്ത്രപഠനങ്ങളുടെ ഭാവിയെക്കുറിച്ചുള്ള  അന്താരാഷ്ട്ര സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി. ഡിസംബർ മാസം ഒൻപതാം തീയതിയാണ് പാപ്പായുമായുള്ള കൂടിക്കാഴ്ച്ച വത്തിക്കാനിൽ വച്ച് നടത്തിയത്. ദൈവശാസ്ത്രത്തെ കുറിച്ചുള്ള ചിന്തകൾ, പ്രകാശത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണെന്നു പറഞ്ഞ പാപ്പാ, വെളിച്ചം മറ്റു കാര്യങ്ങളെ ദൃശ്യമാക്കുന്നതുപോലെ, ദൈവശാസ്ത്രപഠനം ക്രിസ്തുവിന്റെയും അവന്റെ സുവിശേഷത്തിന്റെയും വെളിച്ചം ഉയർന്നുവരേണ്ടതിന് എളിമയുള്ള സേവനമാണെന്നു എടുത്തുപറഞ്ഞു. അതിനാൽ ഇന്നത്തെ വെല്ലുവിളികൾ നിറഞ്ഞ ജീവിതത്തിൽ, ദൈവശാസ്ത്രജ്ഞർ ഒരുമിച്ചു നടക്കുവാനും പാപ്പാ ആഹ്വാനം ചെയ്തു.

വികാരങ്ങളെയും ഇച്ഛാശക്തിയെയും തീരുമാനങ്ങളെയും രൂപപ്പെടുത്തുന്ന ചിന്താരീതികൾ പോലെ, ദൈവശാസ്ത്രം നമ്മെ ചിന്തിപ്പിക്കുവാൻ ഉതകുന്നവയാകണമെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു. എന്നാൽ യാഥാർഥ്യത്തെ നശിപ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും, അവ ഏക ആശയത്തിലേക്കും, ഉപരിപ്ലവമായ ചിന്തകളിലേക്കും മാത്രം മനുഷ്യനെ വഴിത്തിരിക്കുന്നതാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. അതിനാൽ സമഗ്രമായ ഒരു സമീപനം ദൈവശാസ്ത്ര പഠനങ്ങളിൽ ഉൾച്ചേർക്കണമെന്നും പാപ്പാ പറഞ്ഞു.

വിദ്യാഭ്യാസം പുനരാരംഭിക്കുന്നതിൽ മുതിർന്നവരിൽ താൽപ്പര്യം ജനിക്കുന്ന ഈ കാലഘട്ടത്തിൽ ദൈവശാസ്ത്രപഠനം എല്ലാവർക്കും പ്രാപ്യമാക്കണമെന്നു പാപ്പാ ആഹ്വാനം ചെയ്തു. ജീവിത യാത്രയുടെ മധ്യഭാഗത്ത് എല്ലാം മരവിച്ചുപോകുന്നുവെന്നു കരുതുന്ന കാലഘട്ടത്തിൽ,   തങ്ങളുടെ വിശ്വാസജീവിതത്തിനു ഊഷ്മളത കൈവരിക്കുവാൻ ദൈവശാസ്ത്ര പഠനകേന്ദ്രനഗളുടെ വാതിലുകളിൽ മുട്ടുകയാണെങ്കിൽ നിരാകരിക്കാതെ അവരെ സ്വീകരിക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 December 2024, 13:28