തിരയുക

വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വിശുദ്ധവാതിൽ തുറക്കുന്ന വേളയിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വിശുദ്ധവാതിൽ തുറക്കുന്ന വേളയിൽ   (VATICAN MEDIA Divisione Foto)

ശാന്തത സ്നേഹത്തിന്റെ പ്രകടനമാണ്: ഫ്രാൻസിസ് പാപ്പാ

ബി ബി സി ചാനലിൽ, 'അനുദിന ചിന്ത' എന്ന പരിപാടിയിൽ, 'പ്രത്യാശയും ശാന്തതയും ' എന്ന തലക്കെട്ടിൽ ഫ്രാൻസിസ് പാപ്പാ ചിന്തകൾ പങ്കുവച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പ്രത്യാശയും, ശാന്തതയും  നിറഞ്ഞ ഒരു ലോകത്തിന്റെ സൗന്ദര്യം വർണ്ണനകൾക്കെല്ലാം അതീതമെന്നു എടുത്തു പറഞ്ഞുകൊണ്ട് ബി ബി സി ചാനലിലെ , 'അനുദിന ചിന്ത' എന്ന പരിപാടിയിൽ ഫ്രാൻസിസ് പാപ്പാ തന്റെ ചിന്തകൾ പങ്കുവച്ചു. ഈ രണ്ടു നന്മകളാണ് സുവിശേഷത്തിന്റെ ഹൃദയമെന്നു പറഞ്ഞ പാപ്പാ, നമ്മുടെ ജീവിതചര്യകൾ നിയന്ത്രിക്കപ്പെടേണ്ടതു ഇവയിൽ അടിസ്ഥാനപ്പെടുത്തിയാവണമെന്നും അടിവരയിട്ടു പറഞ്ഞു. ആത്മവിശ്വാസത്തോടെ ഭാവിയിലേക്ക്  ദൃഷ്ടികൾ ഉറപ്പിക്കുകയും,  പരസ്പരം ബഹുമാനത്തോടെയും സഹാനുഭൂതിയോടെയും പെരുമാറുകയും ചെയ്യുന്ന ഒരു സമൂഹം കൂടുതൽ മാനുഷികമാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.

പ്രത്യാശയുടെ തീർത്ഥാടകരാകാൻ എല്ലാവരും വിളിക്കപ്പെടുന്ന ജൂബിലി വർഷം, അശുഭാപ്തിവിശ്വാസങ്ങളെ പാടെ ഉപേക്ഷിച്ചുകൊണ്ട്, സ്നേഹം മാത്രം തിരഞ്ഞെടുക്കുവാൻ എല്ലാവരെയും പ്രാപ്തരാകട്ടെയെന്നും പാപ്പാ ആശംസിച്ചു. ഈ സ്നേഹം തന്നെയാണ്, നമ്മുടെ ഹൃദയങ്ങളെ കൂടുതൽ തീക്ഷ്ണതയുള്ളതും, ആത്മവിശ്വാസവുമുള്ളതാക്കുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

സൗമ്യതയെന്നത്, വെറും നയതന്ത്രഘടകമല്ലെന്നും, മറിച്ച് അത് സ്‌നേഹത്തിൻ്റെ ഒരു രൂപമാണെന്നും,  അത് സ്വീകാര്യതയിലേക്ക് ഹൃദയങ്ങൾ തുറക്കുന്നതിനും, എല്ലാവരെയും കൂടുതൽ വിനയാന്വിതരാകാൻ സഹായിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു. തെറ്റിദ്ധാരണകളെ മറികടക്കാൻ സഹായിച്ചുകൊണ്ട്, കൂടുതൽ നന്ദിയുള്ളവരായി, സംഭാഷണത്തിലേർപ്പെടുവാൻ എല്ലാവരെയും പ്രചോദിപ്പിക്കുന്ന ഒന്നാണ് സൗമ്യത അല്ലെങ്കിൽ ശാന്തതയെന്നു പാപ്പാ പറഞ്ഞു. അപ്രകാരം മറ്റുള്ളവരുമായുള്ള സ്നേഹബന്ധത്തിൽ ഉത്തരോത്തരം വളരുവാൻ ഈ രണ്ടു പുണ്യങ്ങളും സഹായിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 December 2024, 13:54