അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ   (Vatican Media)

കുടിയേറ്റക്കാരെ ജീവിതത്തിൽ ചേർത്തുനിർത്തണം: ഫ്രാൻസിസ് പാപ്പാ

മെഡിറ്ററേനിയൻ കടൽ കടന്നു യൂറോപ്പിലേക്ക് സമുദ്രമാർഗം എത്തുന്ന കുടിയേറ്റക്കാരുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനയിലെ അംഗങ്ങൾ ഫ്രാൻസിസ് പാപ്പായെ സന്ദർശിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

യുദ്ധത്തിന്റെ ഭീഷണിയിൽ നിന്നും, മറ്റു ജീവിത ദുരിതങ്ങളിൽ നിന്നും രക്ഷ തേടി ജോലിക്കുവേണ്ടി കടൽ കടന്നു യൂറോപ്പിലേക്ക് എത്തുന്ന കുടിയേറ്റക്കാരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.  കുടിയേറ്റക്കാരുടെ സംരക്ഷണത്തിനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയായ റെസ്‌ക്യു - പീപ്പിൾ സേവിംഗ് പീപ്പിൾ എന്ന സംഘടനയിലെ അംഗങ്ങളുമായി  ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച്ച നടത്തുകയും, അവർക്കു സന്ദേശം നൽകുകയും ചെയ്തു. ഡിസംബർ മാസം പതിനൊന്നാം തീയതി ബുധനാഴ്ച്ച, പ്രാദേശിക സമയം രാവിലെയാണ് സ്വകാര്യകൂടിക്കാഴ്ച്ച നടന്നത്. തന്റെ സന്ദേശത്തിൽ, സംഘടനയിലെ അംഗങ്ങൾ നടത്തുന്ന നിസ്വാർത്ഥമായ സേവനങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ നന്ദിയർപ്പിച്ചു.

വിവിധ ചെറിയ ബോട്ടുകളിൽ എത്തുന്ന കുടിയേറ്റക്കാരുടെ അടുത്തെത്തി മനുഷ്യജീവനുകളെ രക്ഷിക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങൾ ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നു പാപ്പാ പറഞ്ഞു. ഇപ്രകാരം നീണ്ട യാത്രകൾക്കൊടുവിൽ യൂറോപ്പിൽ എത്തുന്നവരെ സ്വീകരിക്കേണ്ടതും എല്ലാവരുടെയും കടമയാണെന്നും പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി. നിർബന്ധിത കുടിയേറ്റങ്ങൾ പലപ്പോഴും ദുരന്തമായി മാറിയപ്പോഴും, അവരുടെ സംരക്ഷണത്തിനായി, യാതൊരു വിവേചനവും, നിസ്സംഗതയും കൂടാതെ, മനുഷ്യന്റെ അന്തസ്സും, അതുല്യതയും മാത്രം കണക്കിലെടുത്തുകൊണ്ട് സംഘടന നടത്തിയ പ്രവർത്തനങ്ങളെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു.

തുടർന്ന്,  ഇന്ന് കുടിയേറ്റക്കാർ നേരിടുന്ന ചൂഷണങ്ങളുടെയും, അടിമത്തത്തിന്റെയും, ദുരുപയോഗങ്ങളുടെയും ഭയാനകമായ അവസ്ഥകളെ എടുത്തു പറഞ്ഞ പാപ്പാ, ഇവരുടെ സംരക്ഷണത്തിനായി സർക്കാർ അധികാരികൾ ഉത്തരവാദിത്വപൂർണ്ണമായി പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. കുടിയേറ്റക്കാരുടെ കഷ്ടപ്പാടുകൾ  ലഘൂകരിക്കുന്നതിനും, അവരെ രക്ഷിക്കുന്നതിനും, സ്വാഗതം ചെയ്യുന്നതിനും, ഏകോപിപ്പിക്കുന്നതിനുമായി എടുക്കുന്ന നടപടികളെ സഭ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു. കുടിയേറ്റക്കാരുടെ സഹായിയായ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിനു എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിച്ചുകൊണ്ടാണ് പാപ്പാ തന്റെ വാക്കുകൾ ഉപസംഹരിച്ചത്. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 December 2024, 12:20