ദക്ഷിണകൊറിയൻ വിമാനാപകടത്തിൽ പ്രാർത്ഥനകളറിയിച്ച് ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഡിസംബർ മാസം ഇരുപത്തിയൊമ്പതാം തീയതി ഫ്രാൻസിസ് പാപ്പാ നയിച്ച മധ്യാഹ്ന പ്രാർത്ഥനയുടെ അവസാനം, ദക്ഷിണ കൊറിയയിലെ മുവാൻ വിമാനത്താവളത്തിൽ നടന്ന വിമാന അപകടത്തിലെ ഇരകൾക്ക് തന്റെ പ്രാർത്ഥനകളും, ആത്മീയ സാമീപ്യവും ഫ്രാൻസിസ് പാപ്പാ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങളെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു.
ക്രിസ്തുമസിന്റെ സന്തോഷം പങ്കുവയ്ക്കുന്ന ഈ നാളുകളിലും യുദ്ധത്തിന്റെ ഭീകരതയാൽ ദുരിതമനുഭവിക്കുന്ന വിവിധ രാജ്യങ്ങളെയും പാപ്പാ തന്റെ അഭ്യർത്ഥനകളിൽ പരാമർശിച്ചു. പ്രത്യേകമായി ഉക്രൈൻ, പലസ്തീൻ, ഇസ്രായേൽ, മ്യാന്മാർ, സുഡാൻ, കിവ് എന്നീ പ്രദേശങ്ങളെ പേരെടുത്തു പറഞ്ഞുകൊണ്ട്, ഈ നാടുകളിലെ എല്ലാ കുടുംബങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തു.
തിരുക്കുടുംബത്തിന്റെ തിരുനാൾ ദിനമായിരുന്നതിനാൽ, പാപ്പാ പ്രത്യേകമായി കുടുംബങ്ങളെ പറ്റി പരാമർശിച്ചു. സമൂഹത്തിന്റെ അവശ്യഘടകമാണ് കുടുംബമെന്നും, അതിനാൽ, "അമൂല്യ നിധിയായ" കുടുംബങ്ങളെ സംരക്ഷിക്കുവാനും, പിന്തുണയ്ക്കുവാനും എല്ലാവരെയും പാപ്പാ ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: