വിശുദ്ധ ലൂസിയയുടെ രക്തസാക്ഷിത്വം സഭാജീവിതത്തിനു മുതൽക്കൂട്ടാണ്: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
വിശുദ്ധ ജൂബിലി വർഷത്തിൽ, ഇറ്റലിയിലെ സിറാക്കൂസ സഭ വളരെ പ്രത്യേകമായി, സ്വദേശിയായ രക്തസാക്ഷിണി വിശുദ്ധ ലൂസിയയുടെ പ്രത്യേക വണക്കത്തിനായി, ഭൗതീക ശരീരം വെനീസിൽ നിന്നും സിറാക്കൂസായിലേക്ക് താത്ക്കാലികമായി കൊണ്ടുവരുന്നു. തദവസരത്തിൽ വിശ്വാസികൾക്ക് തന്റെ ആശംസകളും പ്രാർത്ഥനകളും അറിയിച്ചുകൊണ്ട് സിറാക്കൂസായിലെ മെത്രാപ്പോലീത്തയായ മോൺസിഞ്ഞോർ ഫ്രഞ്ചെസ്‌കോ ലോമാന്തോയെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് പാപ്പാ എഴുത്തയച്ചു. "പ്രത്യാശയുടെ തീർത്ഥാടകരാകാൻ" ലക്ഷ്യമിടുന്ന ജൂബിലിവർഷത്തിൽ സിറാക്കൂസ സഭ മറ്റൊരു തീർത്ഥാടനത്തിനു തയ്യാറെടുക്കുന്നുവെന്നു അറിയുന്നതിൽ തനിക്കുള്ള അതിയായ സന്തോഷം പാപ്പാ എഴുത്തിൽ പ്രത്യേകം കുറിച്ചു.
വെനീസിൽ നിന്നും സിറാക്കൂസായിലേക്ക് വിശുദ്ധ ലൂസിയയുടെ ശരീരം മാറ്റുന്നത്, സമ്മാനങ്ങൾ കൈമാറുന്ന മഹത്വം ഉരുവാക്കുന്നുവെന്നു പറഞ്ഞ പാപ്പാ, സാഹോദര്യത്തെ നശിപ്പിക്കുകയും സൃഷ്ടിയെ നശിപ്പിക്കുകയും ചെയ്യുന്ന അനുദിനസാഹചര്യത്തിൽ, യഥാർത്ഥ ക്രൈസ്തവ സാക്ഷ്യമാണെന്നും പറഞ്ഞു. ഒരു സ്ത്രീ എന്ന രീതിയിൽ വിശുദ്ധ ലൂസിയ സഭയ്ക്കും സമൂഹത്തിനും നൽകുന്ന ധീരോദാത്തമായ മാതൃകയും പാപ്പാ എടുത്തുപറഞ്ഞു. സ്ത്രീകളുടെ ദീർഘവീക്ഷണവും, നിശബ്ദമായ സാക്ഷ്യവും സഭയ്ക്ക് മുതൽക്കൂട്ടാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. നേത്രരോഗബാധിതരായവർ വിശുദ്ധ ലൂസിയയുടെ മാധ്യസ്ഥ്യം തേടി പ്രാർത്ഥിച്ചുകൊണ്ട്, അത്ഭുതങ്ങൾ സ്വീകരിക്കുന്ന ജീവിതസാക്ഷ്യങ്ങളും പാപ്പാ സൂചിപ്പിച്ചു.
അതിനാൽ വെളിച്ചത്തിന്റെ പക്ഷത്തു നിന്നുകൊണ്ട്, രക്തസാക്ഷിത്വം വരുവാൻ വിശുദ്ധ ലൂസിയയുടെ ജീവിതം ഏവർക്കും പ്രചോദനമാണെന്നും, ധൈര്യപൂർവ്വം, ജീവിതത്തിന്റെ അവ്യക്തതകളിൽ നിന്നും പുറത്തുകടന്നുകൊണ്ട്, ഭയം കൂടാതെ മുൻപോട്ടു പോകുവാനും, വിമർശനാത്മക ബോധം വളർത്തിയെടുക്കാനും, മനസ്സാക്ഷിയെ അനുസരിക്കാനും വിശുദ്ധ നൽകുന്ന മാതൃകകളും പാപ്പാ അടിവരയിട്ടു പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: