പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ   (VATICAN MEDIA Divisione Foto)

നോത്രദാം കത്തീഡ്രലിന്റെ പുനർനിർമ്മാണം വിശ്വാസപൈതൃകം ഊട്ടിയുറപ്പിക്കുന്നു: പാപ്പാ

അഗ്നിബാധയിൽ നശിച്ച ചരിത്രപ്രാധാന്യമുള്ള പാരീസിലെ നോത്രദാം കത്തീഡ്രലിന്റെ പുനർനിർമ്മാണ പ്രവർത്തങ്ങൾ പൂർത്തിയാക്കി വീണ്ടും വിശ്വാസികൾക്കായി തുറന്നുകൊടുത്തു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പാരീസ് അതിരൂപതയുടെ മാതൃദേവാലയമായ നോത്രദാം കത്തീഡ്രലിന്റെ പുനർനിർമ്മാണം പൂർത്തിയാക്കി ആരാധനയ്ക്കായി തുറന്നുകൊടുത്തു. തദവസരത്തിൽ, അതിരൂപതയുടെ ആർച്ചുബിഷപ്പ് മോൺസിഞ്ഞോർ ലോറന്റ് ഉൽറിച്ചിന്, ഫ്രാൻസിസ് പാപ്പാ ആശംസകളും പ്രാർത്ഥനകളും അറിയിച്ചുള്ള സന്ദേശം കൈമാറി. അഞ്ചുവർഷങ്ങൾക്ക് മുൻപ് നടന്ന ഭയാനകമായ അഗ്നിബാധയിലാണ് ചരിത്രപ്രാധാന്യമുള്ള കത്തീഡ്രൽ നശിച്ചത്. തീപിടുത്തത്തിൽ ദേവാലയത്തിന്റെ മുൻഭാഗം പൂർണ്ണമായി തകരുകയും, അഗ്നിശമനസേനയിലെ ഉദ്യോഗസ്ഥർക്ക് പരിക്കുകൾ ഏൽക്കുകയും ചെയ്തിരുന്നു. തന്റെ സന്ദേശത്തിൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള  ക്രിസ്തീയ വിശ്വാസത്തിന്റെയും വാസ്തുവിദ്യയുടെയും സാക്ഷ്യമായ ഈ ദേവാലയവും, അതിന്റെ കരവിരുതുകളും അപ്രത്യക്ഷമായ അവസരത്തിൽ ഉണ്ടായ ഹൃദയ വേദന ഇന്ന് സന്തോഷമായി പരിവർത്തനം ചെയ്യപ്പെടുന്നുവെന്നു അനുസ്മരിച്ചു.

പുനരുദ്ധാരണത്തിന് വിവിധ രീതിയിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്തവരെ പാപ്പാ കൃതജ്ഞതയോടെ ഓർക്കുകയും, അവരുടെ അക്ഷീണപരിശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. പ്രതീകാത്മകവും പവിത്രവുമായ കെട്ടിടങ്ങളുടെയും സ്ഥാപനങ്ങളുടെയും  മൂല്യം ഇപ്പോഴും സമൂഹത്തിൽ  മനസ്സിലാക്കപ്പെടുകയും, വിലമതിക്കപ്പെടുകയും ചെയ്യുന്നുവെന്നതിന്റെ തെളിവാണ് ഈ പുനരുദ്ധാരണമെന്നും പാപ്പാ അടിവരയിട്ടുപറഞ്ഞു. 

പുനരുദ്ധാരണത്തിന്റെ ഈ സാഹസികത ഒരു ആധികാരിക ആത്മീയ യാത്രയായി അനുഭവിച്ചുവെന്ന ജോലിക്കാരുടെ സാക്ഷ്യങ്ങളും പാപ്പായുടെ സന്ദേശത്തിൽ എടുത്തുപറഞ്ഞു. ഈ പുനരുദ്ധാരണം, ഫ്രാൻസിലെ സഭയുടെ നവീകരണത്തിന്റെ പ്രവാചക അടയാളമായിരിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു.

"സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവ് വസിക്കുന്ന ഈ വാസസ്ഥലം നിങ്ങളുടേതാണ്; നിങ്ങൾ അതിന്റെ ജീവനുള്ള കല്ലുകളാണ്. വിശ്വാസത്തിൽ നിങ്ങൾക്കു മുൻപേ കടന്നുപോയവർ   ഈ ആരാധനാലയം  പണിതിരിക്കുന്നു; അതിൽ അടങ്ങിയിരിക്കുന്ന എണ്ണമറ്റ പ്രതീകങ്ങളും ചിഹ്നങ്ങളും നിങ്ങളെ ദൈവം സൃഷ്ടിച്ച മനുഷ്യനുമായുള്ള കണ്ടുമുട്ടലിലേക്ക് നിങ്ങളെ കൂടുതൽ അടുപ്പത്തിൽ  നയിക്കുന്നതിനും അവന്റെ അപാരമായ സ്നേഹം വീണ്ടും കണ്ടെത്തുന്നതിനുമായി ഉദ്ദേശിച്ചുള്ളതാണ്", പാപ്പാ തന്റെ സന്ദേശത്തിൽ കുറിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 December 2024, 13:33