പെസഹാ വ്യാഴാഴ്ച്ച ഫ്രാൻസിസ് പാപ്പാ തടവറയിലുള്ളവരുടെ കാലുകൾ കഴുകി ചുംബിക്കുന്നു (ഫയൽ ചിത്രം) പെസഹാ വ്യാഴാഴ്ച്ച ഫ്രാൻസിസ് പാപ്പാ തടവറയിലുള്ളവരുടെ കാലുകൾ കഴുകി ചുംബിക്കുന്നു (ഫയൽ ചിത്രം)  (Vatican Media)

"ദൈവത്തിലാശ്രയിക്കണം", തടവുകാരോട് ഫ്രാൻസിസ് പാപ്പാ

ഫ്ലോറൻസിലെ സോളിക്സിയാനോ ജയിലിലെ തടവുകാർക്കൊപ്പം ഫ്ലോറൻസ് ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ജെറാർഡോ ഗാംബെല്ലി വിശുദ്ധ ബലിയർപ്പിച്ചു. തദവസരത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശവും വായിക്കപ്പെട്ടു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

2025 ജൂബിലി വർഷത്തിൽ, 'പ്രത്യാശയിലേക്കുള്ള ക്ഷണം'  തടവിൽ കഴിയുന്നവർക്ക് നൽകുവാനുള്ള  ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട്, ഫ്ലോറൻസിലെ സോളിക്സിയാനോ ജയിലിലെ തടവുകാർക്കൊപ്പം ഫ്ലോറൻസ് ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ജെറാർഡോ ഗാംബെല്ലി  വിശുദ്ധ ബലിയർപ്പിച്ചു. ആർച്ചുബിഷപ്പിനോടൊപ്പം കർദിനാൾ ഏർണസ്റ്റ് സിമോണിയും സഹകാർമികത്വം വഹിച്ചു. തദവസരത്തിൽ ഫ്രാൻസിസ് പാപ്പാ, കർദിനാൾ വഴിയായി നൽകിയ പ്രത്യേക സന്ദേശവും വായിക്കപ്പെട്ടു.

പാപ്പായുടെ സന്ദേശത്തിൽ, തന്റെ ആത്മീയവും മാനുഷികവുമായ സാമീപ്യം എല്ലാവർക്കും അറിയിച്ചു. നല്ലവനും കരുണാമയനുമായ പിതാവായ ദൈവത്തിൽ ആശ്രയം വച്ചുകൊണ്ട് ജീവിക്കുവാൻ പാപ്പാ തടവുകാരായ സഹോദരങ്ങളെ ക്ഷണിച്ചു. നമ്മുടെ ഹൃദയങ്ങളിൽ വിശ്വാസവും പ്രത്യാശയും നിറയ്ക്കുന്നതിനായി ഭൂജാതനാകുന്ന യേശുവിനെ സ്വാഗതം ചെയ്യുവാനും പാപ്പാ ആഹ്വാനം ചെയ്തു. പിതൃതുല്യമായ തന്റെ ആശീർവാദം, തടവിൽ കഴിയുന്നവർക്കും, അവരുടെ കുടുംബത്തിലെ അംഗങ്ങൾക്കും നൽകിയ പാപ്പാ, ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകളും എല്ലാവർക്കും നേർന്നു.

അൽബേനിയയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പീഡനത്തിന് ഇരയായി 28 വർഷത്തെ ജയിൽവാസം  അനുഭവിച്ച കർദിനാൾ ഏർണസ്റ്റ് സിമോണി, തന്റെ സന്ദേശത്തിൽ, നമ്മുടെ കഷ്ടതകളിലും തെറ്റുകളിലും കർത്താവ് ഒരിക്കലും നമ്മെ കൈവിടുകയില്ല എന്ന ഉറപ്പിലാണ് നമ്മുടെ പ്രത്യാശയെന്നു എടുത്തുപറഞ്ഞു. അവനിൽ ആശ്രയിച്ചാൽ, ജയിലിൽപോലും  ഹൃദയ സമാധാനം കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 December 2024, 13:38