ജോ ബൈഡനെ ഫോണിൽ വിളിച്ച് ഫ്രാൻസിസ് പാപ്പാ
സാൽവത്തോരെ ചേർന്നൂത്സിയോ, വത്തിക്കാൻ ന്യൂസ്
അമേരിക്കൻ രാഷ്ട്രപതി സ്ഥാനത്തുനിന്നും ജനുവരിയിൽ പദവിയൊഴിയുന്ന ജോ ബൈഡനെ ഫ്രാൻസിസ് പാപ്പാ ഫോണിൽ ബന്ധപ്പെട്ടു സംസാരിച്ചു. ലോകത്ത് സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ ശ്രമങ്ങൾ ഇരുവരും ചർച്ച ചെയ്തു. മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും, ആഗോള ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമായി പാപ്പാ നടത്തിയ നിരവധി പരിശ്രമങ്ങളെയും, പാപ്പായുടെ പ്രതിബദ്ധതയെയും പ്രസിഡന്റ് കൃതജ്ഞതയോടെ അനുസ്മരിച്ചു. അടുത്ത മാസം വത്തിക്കാൻ സന്ദർശിക്കുവാൻ ഫ്രാൻസിസ് പാപ്പാ നൽകിയ ക്ഷണം ജോ ബൈഡൻ സ്വീകരിക്കുകയും ചെയ്തു. ജനുവരി മാസം ഇരുപതാം തീയതിയാണ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേൽക്കുന്നത്.
അമേരിക്കയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരുടെ മേലുള്ള ഫ്രാൻസിസ് പാപ്പായുടെ ആശങ്കകൾ പ്രസിഡന്റിനെ അറിയിച്ചു. വധശിക്ഷയുടെ അസ്വീകാര്യത ഫ്രാൻസിസ് പാപ്പാ എപ്പോഴും പ്രകടമാക്കിയിരുന്നു. ജൂബിലി വർഷത്തിൽ ക്ഷമാപണം പോലുള്ള ശക്തമായ നടപടികൾ കൈക്കൊള്ളാൻ കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
ഫെഡറൽ ജയിലുകളിൽ നിലവിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാൽപ്പത് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന്, ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനപ്രകാരം അമേരിക്കൻ മെത്രാൻ സമിതി അപേക്ഷിച്ചിരുന്നു. അമേരിക്കയിൽ വധശിക്ഷ നിർത്തലാക്കുന്നതിന് വേണ്ടി പോരാടുന്ന ഒരു ദേശീയ കത്തോലിക്ക സംഘടനയും ഇതേ ആവശ്യം സർക്കാരുകളെ അറിയിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: