പ്രത്യാശ ജീവസുറ്റതാണ്, അത് നമ്മുടെ ജീവിതത്തെ വലയം ചെയ്യുന്നു, പാപ്പാ!
കരിവേലി, വത്തിക്കാൻ സിറ്റി
പ്രത്യാശ നശിച്ചിട്ടില്ലെന്നും നമ്മുടെ ജീവിതത്തെ എന്നന്നേക്കുമായി ആവരണം ചെയ്യുന്ന ജീവസുറ്റതും നിരാശപ്പെടുത്താത്തതുമാണ് അതെന്നും പാപ്പാ.
തിരുപ്പിറവിത്തിരുന്നാളിൻറെ തലേന്ന്, ചൊവ്വാഴ്ച (24/12/24) രാത്രി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ വിശുദ്ധ വാതിൽ തുറന്നുകൊണ്ട് പ്രത്യാശയുടെ ജൂബിലിവർഷത്തിന് തുടക്കം കുറിച്ച ഫ്രാൻസീസ് പാപ്പാ തുടർന്നർപ്പിച്ച തിരുപ്പിറവിത്തിരുന്നാൾ നിശാ ദിവ്യബലിമദ്ധ്യേ പങ്കുവച്ച സുവിശേഷ ചിന്തകളിലാണ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
ദൈവം നമ്മോടു സദാ ക്ഷമിക്കുന്നു എന്ന ബോധ്യം കർത്താവിലുള്ള പ്രത്യാശ ഗ്രഹിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന ഒരു മാർഗ്ഗമാണെന്ന് പറഞ്ഞ പാപ്പാ ഈ ദാനം നമുക്ക് സ്വീകരിക്കാൻ കഴിയുന്നതിന് നമ്മൾ ബത്ലഹേമിലെ ആട്ടിടയന്മാരെപ്പോലെ വിസ്മയത്തോടുകൂടി യാത്രയാരംഭിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓർമ്മിപ്പിച്ചു.
യുദ്ധങ്ങൾ, കുഞ്ഞുങ്ങളെയും മറ്റും യന്ത്രത്തോക്കുകൾക്ക് ഇരകളാക്കുന്നതും ആശുപത്രികളും വിദ്യാലയങ്ങളും മറ്റും ബോംബിട്ടു തകർക്കുന്നതുമായ സംഭവങ്ങൾ തുടങ്ങിയവ നമ്മുടെ ഇക്കാലത്ത് നമ്മെ ദുരിതത്തിലാഴ്ത്തുന്ന അവസ്ഥകളാണെങ്കിലും നമ്മുടെ ചുവടുകളുടെ വേഗത കുറയ്ക്കരുതെന്നും സദ്വാർത്തായാൽ ആകർഷിതരാകാൻ നമ്മെത്തന്നെ അനുവദിക്കണമെന്നും പാപ്പാ പറഞ്ഞു.
കാലവിളംബം വരുത്താതെ മുന്നോട്ടുനീങ്ങാൻ നമ്മോടാവശ്യപ്പെടുന്ന ഒന്നാണ് ക്രിസ്തീയ പ്രത്യാശയെന്നു പറഞ്ഞ പാപ്പാ, ജീവിതത്തിൻറെ വിഭിന്നങ്ങളായ അവസ്ഥകളിൽ പ്രത്യാശയെ വിവർത്തനം ചെയ്യുകയാണ് നമ്മുടെ കടമയെന്നും നൂതനവും സമാധാനവും നീതിയും വാഴുന്നതുമായ ഒരു ലോകത്തെക്കുറിച്ച് മടുക്കാതെ സ്വപ്നം കാണുന്നവരും സത്യത്തിൻറെ തീർത്ഥാടകരുമാകണം നമ്മളെന്നും ഓർമ്മപ്പെടുത്തി.
ജീവിതം മുറിവേറ്റിടത്ത്, കബളിപ്പിക്കപ്പെട്ട പ്രതീക്ഷകളിൽ, തകർന്ന സ്വപ്നങ്ങളിൽ, ഹൃദയഭേദകമായ പരാജയങ്ങളിൽ; നിസ്സഹായരുടെ തളർച്ചയിൽ, തോൽവിയാലുള്ള കയ്പേറിയ ഏകാന്തതയിൽ, ആത്മാവിനെ തുളയ്ക്കുന്ന യാതനകളിൽ; തടവുകാരുടെ സുദീർഘവും ശൂന്യവുമായ ദിനങ്ങളിൽ, ദരിദ്രരുടെ ഇടുങ്ങിയതും തണുപ്പേറിയതുമായ മുറികളിൽ, യുദ്ധവും അക്രമവും മൂലം നിന്ദിതമായ ഇടങ്ങളിൽ പ്രത്യാശയെത്തിക്കുക, അവിടെ പ്രത്യാശ വിതയ്ക്കുക നമ്മുടെ കടമയാണെന്ന് പാപ്പാ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: