തിരയുക

ഫ്രാൻസീസ് പാപ്പാ ഓർബെ 21 അർജന്തീനിയൻ ടെലവിഷൻ ചാനലിന് വത്തിക്കാനിൽ വച്ച് അഭിമുഖം നല്കുന്നു. ഫ്രാൻസീസ് പാപ്പാ ഓർബെ 21 അർജന്തീനിയൻ ടെലവിഷൻ ചാനലിന് വത്തിക്കാനിൽ വച്ച് അഭിമുഖം നല്കുന്നു. 

ആയുധങ്ങളേകിക്കൊണ്ട് സമാധാനം പ്രഘോഷിക്കുന്നത് കാപട്യം, പാപ്പാ!

ഫ്രാൻസീസ് പാപ്പാ, അർജന്തീനയിലെ ബുവെനോസ് അയിരെസ് അതിരൂപതയുടെ ടെലെവിഷൻ ചാനെലായ “ഓർബെ 21”-ന് ഒക്ടോബറിൽ നടന്ന സിനഡാനന്തരം അനുവദിച്ച അഭിമുഖം ഡിസംബർ 20-ന് സംപ്രേഷണം ചെയ്യപ്പെട്ടു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നാം സമധാനത്തെക്കുറിച്ച് വാചാലരാകുകയും യുദ്ധങ്ങൾക്ക് ആയുധങ്ങൾ സംഭാവനചെയ്യുകയും ചെയ്യുമ്പോൾ അവിടെ കാപട്യം പ്രകടമാണെന്ന് മാർപ്പാപ്പാ.

തൻറെ ജന്മനാടായ അർജന്തീനയിലെ ബുവെനോസ് അയിരെസ് അതിരൂപതയുടെ ആർച്ചുബിഷപ്പായിരിക്കവെ താൻ തന്നെ അതിരൂപതയ്ക്കുവേണ്ടി സ്ഥാപിച്ച ടെലെവിഷൻ ചാനെലായ “ഓർബെ 21”-ന് ഒക്ടോബറിൽ നടന്ന സിനഡാനന്തരം അനുവദിച്ചതും ഡിസംബർ 20-ന് സംപ്രേഷണം ചെയ്തതുമായ അഭിമുഖത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ കാപട്യം എടുത്തുകാട്ടിയിരിക്കുന്നത്.

ഇന്ന് യൂറോപ്പിൽ ഏറ്റവും കൂടുതൽ ആദായമുള്ള മാർഗ്ഗങ്ങളിൽ ഒന്നു ആയുധനിർമ്മാണശാലകളിലുള്ള നിക്ഷേപമാണെന്ന് പാപ്പാ അപലപിക്കുന്നു. ഒരു വശത്ത് നമ്മൾ സമാധാനത്തിനു വേണ്ടി സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും കൂടിക്കാഴ്ചക്കാഴ്ചകൾ നടത്തുകയും ചെയ്യുകയും മറുവശത്ത്, കൊല്ലുന്നതിന് ആയുധങ്ങൾ ഉല്പാദിപ്പിക്കുകയും ചെയ്യുകയാണെന്ന് പാപ്പാ പറയുന്നു. യുദ്ധത്താൽ കലുഷിതമായ നിലവിലെ അവസ്ഥയെക്കുറിച്ചു പരാമർശിക്കുന്ന പാപ്പാ അന്താരാഷ്ട്രസംഘടനകളുടെ നിരവധിയായ സമാധാനാഭ്യർത്ഥനകൾ ഒരു ചെവിയിലുടെ കടന്നു മറുചെവിയിലൂടെ പുറത്തേക്കു പോകുന്ന സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിക്കുന്നു.

യുദ്ധം വഴി സ്വയം നാശത്തിലേക്കു പോകുന്ന ഒരു ആഗോളപ്രവണതയാണ് ഇന്നു കാണുന്നതെന്നും പ്രത്യേകിച്ച് ഉക്രൈയിനിലും വിശുദ്ധ നാട്ടിലും നടക്കുന്നത് കുറ്റകൃത്യങ്ങളാണെന്നും യുദ്ധം എന്നതിലുപരി ഗറില്ല യുദ്ധ ശൈലിയാണ് പ്രകടമാകുന്നതെന്നും കുഞ്ഞുങ്ങളുമായി വഴിയിലൂടെ പോകുന്ന അമ്മയെ, എന്തെങ്കിലുമെടുക്കാൻ വീട്ടിലേക്കു പോയി മടങ്ങുന്നയാളെ യാതൊരു കാരണവുമില്ലാതെ വെടിവെച്ചു കൊല്ലുമ്പോൾ അത് ഒരു യുദ്ധമല്ലെന്നും ഇവിടെ യുദ്ധത്തിൻറെ ഒരു നിയമവും പാലിക്കപ്പെടുന്നില്ലെന്നും അത് ഭീകരമാണെന്നും പാപ്പാ പറയുന്നു.

സംഘർഷങ്ങളിൽ നിന്നു പുറത്തുകടക്കുന്നതിനു സഹായിക്കുന്ന സംഭാഷണത്തിൻറെ അഭാവത്തിൽ സമാധാനം ഉണ്ടാകില്ലെന്ന തൻറെ ബോധ്യം പാപ്പാ ആവർത്തിക്കുകയും നിഷേധാതത്മകതകൾക്കും വിദ്വേഷപ്രസംഗങ്ങൾക്കുമെതിരെ വിരൽ ചൂണ്ടുകയും ചെയ്യുന്നു. മതം രാഷ്ട്രത്തിൻറെ ഒരു നയമായി മാറുന്നതിൻറെ അപകടവും പാപ്പാ എടുത്തുകാട്ടുന്നു.

ആരംഭിക്കാൻ പോകുന്ന ജൂബിലി വർഷത്തെക്കുറിച്ചും പാപ്പാ തൻറെ അഭിമുഖത്തിൽ പരാമർശിക്കുന്നുണ്ട്. ഈ ജൂബിലി മതപരമായ ഒരു വിനോദസഞ്ചാരവുമായി ഇഴചേർക്കപ്പെടുന്ന അപകടത്തെക്കുറിച്ച് പാപ്പാ മുന്നറിയേപ്പകുകയും ജൂബിലി സമ്പൂർണ്ണ നവീകരണത്തിൻറെ ഒരു സമയമാണെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. വിനോദസഞ്ചാരമായി ചുരുങ്ങുന്ന ജൂബിലികൊണ്ട് ഒരു ഗുണവുമില്ലെന്നും അത് തന്നെ ഭയപ്പെടുത്തുന്നുവെന്നും പാപ്പാ പറയുന്നു.

കൃത്രിമബുദ്ധിയെക്കുറിച്ചും അഭിമുഖത്തിൽ പരാമർശിക്കുന്ന പാപ്പാ അതിൻറെ പ്രാധാന്യം എടുത്തുകാട്ടുകയും ഒപ്പം അതിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചു മുന്നറിയിപ്പേകുകയും ചെയ്യുന്നു. മാനവ മാനദണ്ഡങ്ങൾ അനുസരിച്ചുവേണം നിർമ്മിതബുദ്ധിയെ കൈകാര്യം ചെയ്യേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 December 2024, 12:26