സാഹോദര്യാരൂപിയിൽ ഒത്തുചേരുക സുപ്രധാനം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലോകം കടുത്ത പരീക്ഷണങ്ങളിലുടെ കടന്നു പോകുകയും അനേകം നാടുകൾ അക്രമത്തിൻറെയും യുദ്ധത്തിൻറെയും വേദികളാക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൻറെ പശ്ചാത്തലത്തിൽ പങ്കുവയ്ക്കലിൻറെയും സാഹോദര്യത്തിൻറെയും അരൂപിയിൽ ഒത്തുചേരുക എന്നത് അത്യധികം പ്രാധാന്യമർഹിക്കുന്നുവെന്ന് മാർപ്പാപ്പാ.
എസ്തോണിയയുടെ തലസ്ഥാനമായ ടാല്ലിന്നിൽ ടെസെ എക്യുമെനിക്കൽ സമൂഹത്തിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന നാല്പത്തിയേഴാം യൂറോപ്യൻ യുവജന സമ്മേളനത്തിൻറെ ഉദ്ഘാടന ദിനമായിരുന്ന ഇരുപത്തിയെട്ടാം തീയതി ശനിയാഴ്ച (28/12/24) വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ പാപ്പായുടെ നാമത്തിൽ പ്രസ്തുത സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് ഈ പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്നത്.
യുദ്ധത്തിൻറെയും അക്രമത്തിൻറെയും വേദികളായ നാടുകളിൽ അനേകർ മനുഷ്യത്വരഹിത നടപടികൾക്ക് വിധേയരാക്കപ്പെടുന്നതും മറ്റു ചിലർ നമ്മുടെ സമൂഹങ്ങളിലെ അസമത്വങ്ങൾക്കും പാരിസ്ഥിതിക അപകടങ്ങൾക്കും മുന്നിൽ വഴിതെറ്റുന്നതും പാപ്പാ അനുസ്മരിക്കുന്നുവെന്ന് കർദ്ദിനാൾ പരോളിൻ എഴുതുന്നു.
“എല്ലാ പ്രതീക്ഷകൾക്കുമെതിരെ പ്രത്യാശിക്കാനാണ്” യുവജനങ്ങൾ ടാല്ലിന്നിൽ സമ്മേളിച്ചിരിക്കുന്നതെന്നും എല്ലാ യുവതീയുവാക്കളും പ്രത്യാശയിൽ ചരിക്കണമെന്നും പ്രത്യാശ സകല തളർച്ചകളെയും പ്രതിസന്ധികളെയും ഉത്കണ്ഠകളെയും മറികടക്കുകയും മുന്നോട്ട് പോകാനുള്ള ശക്തമായ പ്രചോദനം നൽകുകയും ചെയ്യുന്നുവെന്നും, കാരണം അത് ദൈവത്തിൽ നിന്ന് തന്നെ നമുക്ക് ലഭിക്കുന്ന ഒരു ദാനമാണെന്നും സന്ദേശം തുടർന്നു പറയുന്നു.
ദൈവം നമ്മുടെ സമയത്തെ സാരസാന്ദ്രമാക്കുകയും പാതയിൽ നമുക്ക് വെളിച്ചമേകുകയും ദിശയും ലക്ഷ്യവും കാണിക്കുകയും ചെയ്യുന്നുവെന്നും യുവജനത്തിൽ പ്രതീക്ഷയർപ്പിക്കുന്ന പാപ്പാ സഭയ്ക്ക് അവരിലുള്ള പ്രത്യാശ നവീകരിക്കുകയും ദൈവസ്നേഹത്തിൻറെ സദ്വാർത്ത പ്രഘോഷിക്കുന്നതിന് സാർവ്വത്രിക സഭയ്ക്ക് അവരെ ആവശ്യമുണ്ടെന്ന വസ്തുത അനുസ്മരിക്കുകയും ചെയ്യുന്നുവെന്നും കർദ്ദിനാൾ പരോളിൻ സന്ദേശത്തിൽ എഴുതുന്നു.
ശനിയാഴ്ച ആരംഭിച്ച ടാല്ലിൻ പഞ്ചദിന യുവജന സമ്മേളനം 2025 ജനുവരി 1-നാണ് സമാപിക്കുക.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: