തിരയുക

“മാനോസ് ഉണിദാസ്” (Manos Unidas) അഥവാ, “സംഘടിത കരങ്ങൾ” എന്ന സംഘടനയുടെ സ്ഥിരസമിതിയുടെ  പ്രതിനിധികളെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 09/12/24 “മാനോസ് ഉണിദാസ്” (Manos Unidas) അഥവാ, “സംഘടിത കരങ്ങൾ” എന്ന സംഘടനയുടെ സ്ഥിരസമിതിയുടെ പ്രതിനിധികളെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ, 09/12/24  (VATICAN MEDIA Divisione Foto)

മഹിളകൾ ലോകത്തെ മുന്നോട്ടു നയിക്കുന്നു, പാപ്പാ!

പട്ടിണിനിർമ്മാർജ്ജന പ്രചാരണപരിപാടിയുമായി സ്പെയിനിൽ 1959-ൽ കത്തോലിക്കാപ്രവർത്തനത്തിൻറെ ഭാഗമായി രൂപംകൊണ്ട “മാനോസ് ഉണിദാസ്” (Manos Unidas) അഥവാ, “സംഘടിത കരങ്ങൾ” എന്ന സംഘടനയുടെ പ്രതിനിധികളെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു. തദ്ദവസരത്തിൽ പാപ്പാ ലോകത്തിൻറെ മുന്നേറ്റത്തിൽ സ്ത്രീകളുടെ നിർണ്ണായക പങ്കിനെ പ്രകീർത്തിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലോകത്തെ മുന്നോട്ടു കൊണ്ടുപോകുന്നത് മഹിളകളാണെന്ന വസ്തുത നാം വിസ്മരിക്കുന്നുവെന്ന് മാർപ്പാപ്പാ.

പട്ടിണിനിർമ്മാർജ്ജന പ്രചാരണപരിപാടിയുമായി സ്പെയിനിൽ 1959-ൽ കത്തോലിക്കാപ്രവർത്തനത്തിൻറെ ഭാഗമായി രൂപംകൊണ്ട “മാനോസ് ഉണിദാസ്” (Manos Unidas) അഥവാ, “സംഘടിത കരങ്ങൾ” എന്ന വനിതകളുടെ സ്ഥിരസമിതിയുടെ ഒരു പ്രതിനിധിസംഘത്തെ തിങ്കളാഴ്ച (09/12/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

കുടുംബത്തെ, ജനതകളെ മുന്നോട്ടു കൊണ്ടുപോകുന്നതും, ആവശ്യത്തിലിരിക്കുന്നവരുടെ ചാരെയെത്തുന്നതും സ്ത്രീകളാണെന്നും അതിന് അവരെ പ്രാപ്തകളാക്കുന്ന ആ സംവേദനക്ഷമതയാൽ സമ്പന്നരാണ് അവരെന്നും പാപ്പാ പറഞ്ഞു.

പട്ടിണി, അവികസനം, വിദ്യാഭ്യാസമില്ലായ്മ എന്നിവയ്‌ക്കെതിരെ പോരാടുന്നതിനും ഇവയ്ക്ക് ജന്മമേകുന്ന ഘടനാപരമായ കാരണങ്ങളെ ഉന്മൂലനം ചെയ്യുന്നതിനും വേണ്ടി പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണ് “മാനോസ് ഉണിദാസ്”  എന്ന് അനുസ്മരിച്ച പാപ്പാ  സുവിശേഷവും സഭയുടെ സാമൂഹിക സിദ്ധാന്തവും അടിസ്ഥാനമായുള്ള ക്രിസ്തീയ മാനവ ദർശനത്തിലൂടെ മാത്രമേ ഈ ദൗത്യം സാധ്യമാകൂ എന്നു വ്യക്തമാക്കി.

ജൂബിലിവത്സരാരംഭം അടുത്തുവരുന്നതിനെക്കുറിച്ചും സ്പാനിഷ് ഭാഷയിൽ നടത്തിയ തൻറെ പ്രഭാഷണത്തിൽ പരാമർശിച്ച പാപ്പാ സന്നദ്ധസേവനത്തിൻറെയും സഹായത്തിൻറെയും ഒത്തൊരുമിച്ചുള്ള യാത്രയുടെയുമായ മനോഹരമായ ദൗത്യത്തിൽ മുന്നേറാൻ അവർക്ക് പ്രചോദനം പകർന്നു. ഏറ്റവും ദുർബ്ബലരും ദരിദ്രരുമായവരുടെ ഭൗതിക പുരോഗതി, ധാർമ്മിക പുരോഗതി, ആത്മീയ വളർച്ച എന്നിവയ്ക്ക് സംഭാവനയേകുകയും ദൈവമക്കൾക്കടുത്ത ഔന്നത്യത്തിനനുയോജ്യമായ ജീവിതം നയിക്കാൻ അവരെ സഹായിക്കുകയും ചെയ്തുകൊണ്ട് പ്രത്യാശയുടെ തീർത്ഥാടകരാകാനും തങ്ങളുടെ ജീവിതത്തെ ക്രിസ്തോന്മുഖമാക്കി പുനഃക്രമീകരിക്കാനും പാപ്പാ അവരെ ക്ഷണിച്ചു.

 

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 December 2024, 12:19