എവിടെയും എല്ലാവരോടും പ്രത്യാശയായ ക്രിസ്തുവിനെ പ്രഘോഷിക്കൂ, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
യേശുക്രിസ്തുവുമായുള്ള വൈക്തികവും അധികൃതവുമായ കൂടിക്കാഴ്ച നടത്താൻ ജൂബിലിവർഷം എല്ലാ വിശ്വാസികളെയും സഹായിക്കട്ടെയെന്ന് മാർപ്പാപ്പാ ആശംസിക്കുന്നു.
സാർവ്വത്രികസഭയുടെ പ്രേഷിത-ഉപവി പ്രവർത്തനങ്ങൾക്ക് സഹായമേകുന്നവരും അമേരിക്കൻ ഐക്യനാടുകളിൽ കുടിയേറിയിരിക്കുന്നവരുമായ വിയറ്റ്നാംകാരായ അഭ്യുദയകാംക്ഷികളുടെ അറുപതിലേറെപ്പേരടങ്ങിയ സംഘത്തെ വ്യാഴാഴ്‌ച (19/12/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
യേശുക്രിസ്തു നമ്മുടെ പ്രത്യാശയാണെന്ന് നാം സർവ്വത്ര, സർവ്വരോടും പ്രഘോഷിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഈ അഭ്യുദയകാംക്ഷികൾ സഭയുടെ പ്രേഷിത-ഉപവി പ്രവർത്തനങ്ങൾക്ക് താങ്ങാകുന്നതിനു നടത്തുന്ന ശ്രമങ്ങൾ ഈ പ്രഘോഷണത്തിൻറെ സമൂർത്ത പ്രകടനമാണെന്നും സുവിശേഷത്തിൽ നിന്നു ജന്മംകൊണ്ട പ്രത്യാശ ലോകത്തിൻറെ വിവിധയിടങ്ങളിൽ അനേകം സഹോദരീസഹോദരന്മാർക്ക് പകർന്നുകൊടുക്കുന്നതിന് സംഭാവനചെയ്യുമെന്നും പാപ്പാ പറഞ്ഞു.
ക്രിസ്തുഗാത്രത്തിലെ അംഗങ്ങൾ അപ്പൊസ്തോലികകാലം തൊട്ടുതന്നെ തങ്ങൾക്കുള്ള വിഭവങ്ങളാൽ പരസ്പരം സഹായിച്ചുപോന്നുവെന്നത് അനുസ്മരിച്ച പാപ്പാ പാവപ്പെട്ടവരോടും സമൂഹത്തിൽ പ്രാന്തവല്ക്കരിക്കപ്പെട്ടവരോടും ഈ അഭ്യുദയകാംക്ഷികൾക്കുള്ള ഐക്യദാർഢ്യം എളിയവരെ കാത്തുപരിപാലിക്കുകയെന്ന കർത്താവിൻറെ കല്പനയ്ക്കുള്ള പ്രത്യുത്തരമാണെന്ന് പ്രസ്താവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: