സംഗീതസൗന്ദര്യം ഹൃദയങ്ങളെ ഒന്നിപ്പിക്കുന്നു, ആത്മാവിനെ ഉന്നമിപ്പിക്കുന്നു, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സകലരുടെയും സഹകരണം കൂടാതെ യഥാർത്ഥ പൊരുത്തം സംജാതമാക്കാനാകില്ലെന്ന് മാർപ്പാപ്പാ.
സംഗീതകലയെന്ന സാർവ്വലൗകിക ഭാഷയിലൂടെ സൗന്ദര്യവും ഉപവിയും ആഘോഷിക്കുന്നതിനുള്ള യത്നത്തിൻറെ ഭാഗമായി അനുവർഷം വത്തിക്കാൻ സംസ്ഥാന ഭരണകാര്യാലയത്തിൻറെയും പാപ്പായുടെ ജീവകാരുണ്യപ്രവർത്തന വിഭാഗത്തിൻറെയും വിദ്യഭ്യാസസാംസ്കാരിക കാര്യാലയത്തിൻറെയും തിരുസംഗീത പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൻറെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന “ദരിദ്രരോടൊപ്പമുള്ള സംഗീതവിരുന്ന്” എന്ന ശീർഷകത്തിലുള്ള സംഗീതമേളയുടെ സംഘാടകരും കലാകാരന്മാരുമടങ്ങിയ ഇരുനൂറ്റിനാല്പതോളം പേരടങ്ങിയ സംഘത്തെ ശനിയാഴ്ച (07/12/24) രാവിലെ വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
ശനിയാഴ്ച വൈകുന്നേരം വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിലായിരുന്നു ഈ സംഗീതവിരുന്ന്. ഓസ്കാർ ജേതാവായ ജർമ്മൻ സംഗീതജ്ഞൻ ഹാൻസ് ഫ്ലോറിയൻ ത്സിമ്മെറിൻറെ (Hans Florian Zimmer) സിവിശേഷ സാന്നിധ്യത്തിന് പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
സംഗീതത്തിൻറെ സൗന്ദര്യം ഹൃദയങ്ങളെ ഒന്നിപ്പിക്കുകയും ആത്മാവിനെ ഉന്നമിപ്പിക്കുകയും ചെയ്യുന്നുവെന്നും സംഗീത മേള, സഭ കൂടുതൽ പൂർണ്ണതയോടെ ജീവിക്കാൻ പരിശ്രമിക്കുന്ന സിനഡാത്മക ഏകതാനതയുടെ മനോഹരമായൊരു സാദൃശ്യം ആണെന്നും പാപ്പാ പറഞ്ഞു.
ചിട്ടപ്പെടുത്തിയ സംഗീതത്തിൻറെ സ്വരങ്ങൾ എഴുതിയ ഓരോ പത്രികയും വിവിധങ്ങളായ സംഗീതോപകരണങ്ങളെയും സ്വരങ്ങളെയും അവയുടെ തനതായ നാദത്താലും സ്വരവിശേത്താലും സംയോജിപ്പിക്കുന്നുവെന്നും അങ്ങനെ സംഗീതസൗന്ദര്യത്തിനു ജന്മമേകുന്നുവെന്നും പാപ്പാ വിശദീകരിച്ചു. സംഗീതമേളയിൽ ഒരോ കലാകാരനും അവനവൻറെ പങ്ക് മറ്റുള്ളവരോടുള്ള ഐക്യത്തിൽ നിറവേറ്റാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: