തിരയുക

പാപ്പാസന്ദർശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന അജക്സിയോയിൽ നിന്നുള്ള ഒരു ചിത്രം പാപ്പാസന്ദർശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന അജക്സിയോയിൽ നിന്നുള്ള ഒരു ചിത്രം  (AFP or licensors)

ഫ്രാൻസീസ് പാപ്പാ മുന്നാമതും ഫ്രാൻസിലേക്ക്!

ഫ്രാൻസീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം ഞായറാഴ്ച. ഇത് ഏകദിന സന്ദർശനമായിരിക്കും. ഫ്രഞ്ചൂ ദ്വീപായ കോസിലെ അജക്സിയോ ആണ് സന്ദർശന വേദി. പാപ്പാ ഇതുവരെ 66 നാടുകളിൽ ഇടയസന്ദർശനം നടത്തിയിട്ടുണ്ട്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ, ഫ്രഞ്ചു ദ്വീപായ കോസിൻറെ തലസ്ഥാനഗരി, അജക്സിയോ ഡിസംബർ 15-ന്, ഞായറാഴ്ച സന്ദർശിക്കും.

ഫ്രാൻസീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനമായിരിക്കും ഇത്. പാപ്പാ ഇതുവരെ 66 നാടുകളിൽ ഇടയസന്ദർശനം നടത്തിയിട്ടുണ്ട്. പാപ്പായുടെ ഈ ഏകദിന സന്ദർശനത്തിൻറെ മുഖ്യ ലക്ഷ്യം അജക്സിയൊ രൂപത, “മദ്ധ്യധരണിയിലെ ജനപ്രിയ മതാത്മകത” (La religiosité populaire en Méditerranée ) എന്ന ശീർഷകത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ദ്വിദിന സമ്മേളനത്തിൻറെ സമാപനത്തിൽ സംബന്ധിക്കുകയാണ്.“യേശു നന്മചെയ്തുകൊണ്ട് ചുറ്റിസഞ്ചരിച്ചു” എന്നതാണ് ഈ സന്ദർശനത്തിൻറെ ആപ്തവാക്യം.  അപ്പൊസ്തോല പ്രവർത്തനം പത്താം അദ്ധ്യായത്തിലെ മുപ്പത്തിയെട്ടാമത്തെ വാക്യത്തിൽ നിന്ന് അടർത്തിയെടുത്തതാണ് പാപ്പാസന്ദർശനത്തിൻറെ ഈ മുദ്രാ വാക്യം.

കോസ് ഒരു പാപ്പായുടെ  പാദസ്പർശമേൽക്കുക ഇത് നടാടെ ആയിരിക്കും. ഫ്രാൻസീസ് പാപ്പാ ഫ്രാൻസിൽ നടത്തുന്ന മൂന്നാമത്തെ സന്ദർശനമായിരിക്കും ഇത്. 2014-ൽ സ്ട്രസ്ബൂർഗ് (Strasbourg) 2023-ൽ മർസേയി (Marseille) എന്നീ ഫ്രഞ്ചു നഗരങ്ങൾ പാപ്പാ സന്ദർശിച്ചിരുന്നു.

റോമിലെ അന്താരാഷ്ട്രവിമാനത്താവളത്തിൽ നിന്ന്, അതായത്, ഫ്യുമിച്ചിനൊയിൽ സ്ഥിതിചെയ്യുന്ന ലെയണാർദൊ ദ വിഞ്ചി, വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം രാവിലെ 9 മണക്ക് പുറപ്പെടുന്ന പാപ്പാ അജാക്സിയൊയിൽ, നപ്പൊളെയോൻ ബോനപ്പാർത്തെ രാജ്യാന്തര വിമാനത്താവളത്തിൽ 9 മണിക്കെത്തും. “മദ്ധ്യധരണിയിലെ ജനപ്രിയ മതാത്മകത” എന്ന ശീർഷകത്തിലുള്ള സമ്മേളനത്തിൻറെ സമാപനയോഗത്തിൽ സംബന്ധിക്കുന്ന പാപ്പാ സ്വർഗ്ഗാരോപിതനാഥയുടെ കത്തീദ്രലിൽ മെത്രാന്മാരും വൈദികരും ശെമ്മാശന്മാരും സമർപ്പിതരും വൈദികാർത്ഥികളുമായി കൂടിക്കാഴ്ച നടത്തുകയും ത്രികാലപ്രാർത്ഥന നയിക്കുകയും ചെയ്യും. ഉച്ചയ്ക്കു ശേഷം പാപ്പാ വിശുദ്ധ കുർബ്ബാന അർപ്പിക്കും. തദ്ദനന്തരം അജക്സിയൊയിലെ അന്താരാഷ്ട്രവിമാനത്താവളത്തിലേക്കു പോകുന്ന പാപ്പാ അവിടെവച്ച് ഫ്രാൻസിൻറെ പ്രസിഡൻറ് ഇമ്മാനുവേൽ മക്രോണുമായി (Emmanuel Macron,) കൂടിക്കാഴ്ച നടത്തും. അതിനു ശേഷം പാപ്പാ 6.15-ന് റോമിലേക്കു മടങ്ങും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 December 2024, 12:34