രോഗം ഇരുട്ടിലേക്കു തള്ളുന്നവർക്ക് വെളിച്ചം പകരുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
രോഗം പലപ്പോഴും വ്യക്തിയെയും അയാളുടെ കുടുബത്തെയും വേദനയുടെയും മനോവ്യഥയുടെയും ഇരുട്ടിലേക്ക് തള്ളിവിടുകയും ഏകാന്തതയും അടച്ചുപൂട്ടലും സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും അപ്പോൾ അവിടെ അല്പം വെളിച്ചം പകരാൻ, സൗഹൃദവും സാമീപ്യവും ശ്രവണവും കൊണ്ട് പ്രത്യാശയുടെ ഒരു ദീപനാളമാകാൻ ആരെങ്കിലും വേണമെന്നും മാർപ്പാപ്പാ.
രക്താർബുദത്തിനും രോഗപ്രതിരോധശക്തി ക്ഷയിപ്പിക്കും വിധം മജ്ജയിലുണ്ടാകുന്ന മാറ്റങ്ങൾക്കുമെതിരെ പോരാടുന്നതിനായുള്ള ഗവേഷണപഠനങ്ങൾക്ക് സാമ്പത്തിക സഹായം നല്കുകയും രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും സാന്ത്വന സാമീപ്യമാകുകയും ചെയ്യുന്ന ഇറ്റലിയിലെ ഒരു സംഘടനയുടെ (Associazione Italiana contro le Leucemie, i linfomi e il mieloma -AIL) നാലായിരത്തോളം വരുന്ന പ്രതിനിധികളെ അതിൻറെ അമ്പത്തിയഞ്ചാം വാർഷികകത്തോടനുബന്ധിച്ച് വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു. പ്രകാശിപ്പിക്കൽ, ദാനം, ചത്വരം എന്നീ ത്രിപദങ്ങൾ കോർത്തിണക്കിയതായിരുന്നു പാപ്പായുടെ പ്രഭാഷണം.
ദാതാക്കളാണ് വെളിച്ചമേകുന്നതെന്ന വസ്തുത പാപ്പാ എടുത്തു കാട്ടുകയും വലിച്ചെറിയലിൻറെ സംസ്കൃതിയിൽ മുഖ്യ മറുമരുന്നാണ് ദാനത്തിൻെറ യുക്തിയെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു.
തന്നിൽത്തന്നെ അടച്ചുപൂട്ടിയിരിക്കാതെ സ്വാർത്ഥതാൽപര്യങ്ങൾ ഊട്ടിവളർത്താതെ പൊതുസ്ഥലത്തേക്കിറങ്ങി സ്പർശവേദ്യമായ അടയാളവും ഒരിക്കലും ഇടിച്ചുകയറാത്ത ദൃശ്യ സാന്നിധ്യവുമായിത്തീരാൻ ഈ സംഘടന ശ്രമിക്കുന്നത് പാപ്പാ ചത്വരം എന്ന പദവുമായി ചേർത്തു വിശദീകരിച്ചു.
ജനങ്ങളോടു ചേർന്നിരിക്കാനും വേദനയിൽ പങ്കുചേരാനും നല്ലസമറിയക്കാരനാകാനുമുള്ള ഈ ഹിതം പൊതുസ്ഥലത്ത് ആവിഷ്കൃതമാകുന്നുവെന്ന് പാപ്പാ പറഞ്ഞു. ഇത് ഈ സംഘടന സമൂഹത്തിനു മൊത്തത്തിലേകുന്ന ഒരു ദാനമാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: