നല്ലതു പറയുക, കുറ്റം പറയാതിരിക്കുക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അപരനെക്കുറിച്ച് നല്ലതു പറയുകയും പരദൂഷണം പറയാതിരിക്കുകയും ചെയ്യുന്നത് എളിമയുടെ ഒരു ആവിഷ്കാരമാണെന്ന് മാർപ്പാപ്പാ.
റോമൻ കൂരിയായിലെ അംഗങ്ങൾക്ക്, പതിവു പോലെ ഇക്കൊല്ലവും, തിരുപ്പിറവിത്തിരുന്നാൾ ആശംസകളേകുന്നതിന് ശനിയാഴ്ച (21/12/24) വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചാവേളയിൽ അവരെ സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
മറ്റുള്ളവരെക്കുറിച്ച് നല്ലതു പറയുകയും തിന്മ പറയാതിരിക്കുകയും ചെയ്യുകയെന്നത് നാം എല്ലാവരുമായി, മെത്രാന്മാരും വൈദികരും സമർപ്പിതരും അൽമായരുമായി, ബന്ധപ്പെട്ടകാര്യമാണെന്നും കാരണം അതു നമ്മുടെ മാനവികതയെ സ്പർശിക്കുന്ന ഒന്നാണെന്നും പാപ്പാ പറഞ്ഞു.
ഒരു സഭാ സമൂഹം സന്തോഷത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുന്നത്, അതിലെ അംഗങ്ങൾ മറ്റുള്ളവരെക്കുറിച്ച് മോശമായി ചിന്തിക്കാതെയും മോശമായി സംസാരിക്കാതെയും എളിമയുടെ പാതയിലൂടെ സഞ്ചരിക്കുന്നതിന് ആനുപാതികമായിട്ടാണെന്നും കർത്താവിൻറെ മനുഷ്യാവതാരരഹസ്യത്തിൻറെ കാതലായ ഘടകമാണ് ഈ എളിമയെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
എളിമ അഭ്യസിക്കുന്നതിന്, പുരാതന ആദ്ധ്യാത്മിക നിയന്താക്കളുടെ വിശിഷ്യ, ഗാസയിലെ ദൊറോത്തായൊയുടെ പ്രബോധനമനുസരിച്ച്, അവനവനിൽ കുറ്റമാരോപിക്കുന്ന മാർഗ്ഗം സ്വീകരിക്കണമെന്ന് പാപ്പാ പറഞ്ഞു. അത് ഒരു മാർഗ്ഗവും അത്യന്താപേക്ഷിതവുമാണെന്നും അങ്ങനെ ഒരുവൻ വ്യക്തിവാദത്തോട് ഇല്ല എന്നു പറയുകയും സംഘാതാത്മകാരുപിയോട്, സഭാത്മക ചൈതന്യത്തോട് അതെ എന്നു പറയുകയും ചെയ്യുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
ഇവിടെ സംഭവിക്കുന്നത് ആന്തരികമായ ഒരു താഴ്ത്തലാണെന്നും അത് ദൈവവചനത്തിൻറെ താഴേക്കിറങ്ങൽ ചലനത്താൽ മുദ്രിതമാണെന്നും താഴ്മയുള്ള ഹൃദയം നാം ഈ ദിനങ്ങളിൽ പുൽക്കൂട്ടിൽ ധ്യാനിക്കുന്ന യേശുവിൻറെതു പോലെ സ്വയം താഴ്ത്തുന്നുവെന്നും പാപ്പാ പറഞ്ഞു.
തിന്മയാൽ അടിച്ചമർത്തപ്പെട്ട നരകുലത്തിൻറെ ദുരന്തത്തിനു മുന്നിൽ ദൈവം ഉന്നതത്തിൽ നിന്ന് ശിക്ഷ പെയ്യിക്കുകയല്ല പ്രത്യുത, നമ്മുടെ ചിന്താരീതികൾക്കു വിപരീതമായി, ദൈവം ഉന്നതത്തിൽ നിന്ന് താഴേക്കിറങ്ങുകയാണ്, ഒരു കടുകുമണിയോളം എന്ന പോലെ ചെറുതാകുകയാണ്, ഒരു സ്ത്രീയുടെ ഉദരത്തിൽ ഉരുവാകുകയാണ് ചെയ്യുന്നതെന്ന് പാപ്പാ വിശദീകരിച്ചു.
സഭയിൽ നാമെല്ലാവരും അനുഗ്രഹത്തിൻറെ ശില്പികളാകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന്, ദൈവം നമ്മെ ശപിക്കുകയല്ല മറിച്ച് അനുഗ്രഹിക്കുകയാണ് ചെയ്തതെന്ന് വചനത്തിൻറെ മനുഷ്യാവതാര രഹസ്യം കാണിച്ചു തരുന്നതിൻറെ വെളിച്ചത്തിൽ, ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: