ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ വത്തിക്കാൻ ജീവനക്കാരുമൊത്തുള്ള കൂടിക്കാഴ്ചാ വേളയിൽ, 21/12/24 ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ വത്തിക്കാൻ ജീവനക്കാരുമൊത്തുള്ള കൂടിക്കാഴ്ചാ വേളയിൽ, 21/12/24  (ANSA)

കുടുംബപ്രാർത്ഥനയിൽ ഒന്നുചേരുക, പ്രാർത്ഥനകൂടാതെ മുന്നേറാനാവില്ല, പാപ്പാ!

ഫ്രാൻസീസ് പാപ്പാ വത്തിക്കാൻ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും തിരുപ്പിറവിത്തിരുന്നാളാശംസകൾ കൈമാറി. ശനിയാഴ്ച വത്തിക്കാനിൽ പോൾ ആറാമൻ ശാലയിലായിരുന്നു കൂടിക്കാഴ്ച.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കുടുംബാംഗങ്ങൾ, മാതാപിതാക്കളും, മക്കളും, മുത്തശ്ശീമുത്തശ്ശന്മാരും കൊച്ചുമക്കളും ഐക്യത്യൽ കർത്താവിനോടു ചേർന്നു നില്ക്കണമെന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

മുൻ വർഷങ്ങളിലെന്നപോലെ, തിരുപ്പിറവിത്തിരുന്നാളാശംസകൾ കൈമാറുന്നതിനായി വത്തിക്കാനിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമായി പോൾ ആറാമൻ ശാലയിൽ വച്ച് ശനിയാഴ്ച (21/12/24) നടത്തിയ കൂടിക്കാഴ്ചാ വേളയിൽ ഫ്രാൻസീസ് പാപ്പാ തൊഴിൽ, കുടുംബം എന്നീ രണ്ടു മൂല്യങ്ങളെ അധികരിച്ച് ചിന്തകൾ പങ്കുവയ്ക്കുകയായിരുന്നു.

കുടുംബം സഭയുടെ പിള്ളത്തൊട്ടിലാണെന്ന വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായുടെ വാക്കുകൾ അനുസ്മരിച്ച പാപ്പാ, വിവാഹത്തിൽ അധിഷ്ഠിതമായ കുടുംബമാണ് ജീവന് ജന്മമേകുന്നതും അതിനെ സ്വീകരിക്കുന്നതുമായ വേദിയെന്നും അവിടെയാണ് ശൈശവം തൊട്ടുതന്നെ വിശ്വാസവുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും അനുസ്മരിച്ചു.   കുടുംബപ്രാർത്ഥനയിൽ ഒന്നുചേരണമെന്നും പ്രാർത്ഥനകൂടാതെ മുന്നേറാനാവില്ലയെന്നും പാപ്പാ പറഞ്ഞു.

കുടുംബാംഗങ്ങൾ തമ്മിലുണ്ടായിരിക്കേണ്ട പരസ്പരാദരവ്, പരസ്പര ശ്രവണം, കരുതൽ എന്നിവയുടെ പ്രാധാന്യം പാപ്പാ ഊന്നിപ്പറഞ്ഞു. പ്രത്യാശയുടെ ജൂബിലി വർഷം ആരംഭിക്കാൻ പോകുന്നതനുസ്മരിച്ച പാപ്പാ കുടുംബത്തിലു പ്രത്യാശ വളരുന്നുവെന്നു പറഞ്ഞു.

തൊഴിലിനെക്കുറിച്ചു പരാമർശിക്കവെ പാപ്പാ ഈ കുടിക്കാഴ്ചയ്ക്കെത്തിയിരിക്കുന്നവരുടെ ആഘോഷത്തിൻറെതായ, ഹൃദയോത്സവത്തിൻെറതായ അന്തരീക്ഷമുള്ള  ഈ കൂടിക്കാഴ്ചവേളയെക്കുറിച്ചും എന്നാൽ ആണ്ടിലെ മറ്റു ദിനങ്ങളിലെ അവരുടെ സാധാരണ ജീവിന്താരീക്ഷത്തെക്കുറിച്ചും സൂചിപ്പിച്ചുകൊണ്ട് ഇവ ഒരേ സൗന്ദര്യത്തിൻറെ അതായത്, സകലരുടെയും നന്മയ്ക്കുതകുന്ന എന്തെങ്കിലും മറ്റുള്ളവരോടു ചേർന്ന് അപരർക്കു വേണ്ടി നിർമ്മിക്കുന്നവരുടെ,  രണ്ട് വ്യത്യസ്ത മുഖങ്ങളാണെന്ന് പ്രസ്താവിച്ചു.

ഇത് ദൈവപുത്രൻ, യേശുതന്നെ നമുക്കു കാണിച്ചു തരുന്നുണ്ടെന്നും അവൻ നമ്മോടുള്ള സ്നേഹത്തെ പ്രതി യൗസേപ്പിൻറെ കീഴിൽ, താഴ്മയോടെ, ആശാരിപ്പണി അഭ്യസിക്കുകയായിരുന്നുവെന്നും ആ മരപ്പണിശാലയിൽ ഒരുമയിൽ, മറ്റു പലകാര്യങ്ങളിലൂടെ, കരകൗശലവിദഗ്ദ്ധരായി ലോക രക്ഷയ്ക്ക് രൂപമേകുകയായിരുന്നുവെന്നും വിശുദ്ധ പോൾ ആറാമൻ പാപ്പാ 1964-ജനുവരിയിൽ നസ്രത്തിൽ നടത്തിയ സുവിശേഷപ്രഭാഷണത്തിലെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് പാപ്പാ വിശദീകരിച്ചു.

വത്തിക്കാൻ ജീവനക്കാരുടെ പ്രവർത്തനത്തെ നസ്രത്തിലെ ആ പ്രവർത്തനത്തോട് താദാത്മ്യപ്പെടുത്തിയ പാപ്പാ അവരും നരകുലത്തിനു മുഴുവൻ ക്രിസ്തുവിനെ എത്തിച്ചു കൊടുക്കുന്നതിനും ലോകമഖിലം അവൻറെ രാജ്യം വ്യാപിക്കുന്നതിനും അവരുടെ ദൈനംദിന ജോലികളിലൂടെ സംഭാവനയേകുകയാണെന്നും വിലയേറിയ ഒരു കാര്യമാണിതെന്നും പറഞ്ഞു.

ഈ കൂടിക്കാഴ്ചയ്ക്കും അവരുടെ എല്ലാ പ്രവർത്തനങ്ങൾക്കും പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും തിരുപ്പിറവിത്തിരുന്നാളിൻറെയും ആരംഭിക്കാനിരിക്കുന്ന പ്രത്യാശയുടെ വിശുദ്ധവത്സരത്തിൻറെയും ആശംസകൾ നേരുകയും ആശീർവ്വാദമേകുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 December 2024, 12:35