ഫ്രാൻസിസ് പാപ്പാ പുഷ്പചക്രം ആശീർവദിക്കുന്നു ഫ്രാൻസിസ് പാപ്പാ പുഷ്പചക്രം ആശീർവദിക്കുന്നു   (ANSA)

മാതാവിന് തന്റെ നിയോഗങ്ങൾ സമർപ്പിച്ച് ഫ്രാൻസിസ് പാപ്പാ

മനുഷ്യരാശിക്ക് പ്രത്യാശയുടെ സന്ദേശം നല്കുവാനുതകുംവണ്ണം, ജൂബിലി വർഷം മാറുവാൻ പാപ്പാ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി പ്രാർത്ഥിച്ചു

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിരുനാൾ ദിനമായ ഡിസംബർ മാസം എട്ടാം തീയതി, പ്രാദേശിക സമയം വൈകുന്നേരം നാലുമണിക്ക്, റോമിലെ പുരാതന ചത്വരങ്ങളിലൊന്നായ സ്പാനിഷ് പടികളിലുള്ള മാതാവിന്റെ തിരുസ്വരൂപത്തിൽ ഫ്രാൻസിസ് പാപ്പാ പുഷ്പചക്രം അർപ്പിക്കുകയും, മാതാവിനോടുള്ള പ്രത്യേകമായ പ്രാർത്ഥന നടത്തുകയും ചെയ്തു. ഇതേ ചത്വരത്തിൽ വച്ചാണ് 2022 ഫ്രാൻസിസ് പാപ്പാ ഉക്രൈൻ യുദ്ധത്തെ ഓർത്തു വിതുമ്പിയത്. തന്റെ പ്രാർത്ഥനയിൽ പാപ്പാ, ലോകത്തിന്റെ വിവിധ നിയോഗങ്ങൾ  സമർപ്പിച്ചു അഭ്യർത്ഥനകൾ നടത്തി. താൻ അർപ്പിക്കുന്ന പുഷ്പങ്ങൾ, വേദനയനുഭവിക്കുന്നവരുടെ പ്രത്യേകിച്ചും സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീരും, നെടുവീർപ്പുകളുമാണെന്നു പാപ്പാ പറഞ്ഞു.

മനുഷ്യരാശിക്ക് പ്രത്യാശയുടെ സന്ദേശം നല്കുവാനുതകുംവണ്ണം, ജൂബിലി വർഷം മാറണമെന്നും, അതിനായി പ്രതിസന്ധികളും, യുദ്ധങ്ങളും തരണം ചെയ്തുകൊണ്ട് ജീവിക്കുവാനുള്ള കൃപയ്ക്കായും മാതാവിന്റെ മാധ്യസ്ഥ്യം പാപ്പാ അഭ്യർത്ഥിച്ചു. ആന്തരികമായി, ജൂബിലി വർഷം ആഘോഷിക്കുവാനുള്ള ഹൃദയവിശാലതയ്ക്കും, എല്ലാ പാപങ്ങൾക്കും മാപ്പപേക്ഷിച്ചുകൊണ്ട്  കർത്താവിന്റെ ക്ഷമിക്കുന്ന സ്നേഹം അനുഭവിക്കുവാനും എല്ലാവരെയും ഒരുക്കണമേയെന്നും പ്രാർത്ഥനയിൽ പാപ്പാ എടുത്തു പറഞ്ഞു.

തുടർന്ന് റോമൻ നഗരത്തിനുവേണ്ടിയും, ഭരണാധികാരികൾക്കും, ജനങ്ങൾക്കും വേണ്ടിയും പാപ്പാ പ്രത്യേക പ്രാർത്ഥനകൾ നടത്തി. നാളിതുവരെ പരിശുദ്ധ അമ്മ വഴിയായി സ്വീകരിച്ച എല്ലാ അനുഗ്രഹങ്ങൾക്കായും പാപ്പാ നന്ദിയർപ്പിച്ചു. അസൂയ, അടച്ചുപൂട്ടൽ എന്നീ തിന്മകളിൽ നിന്നും മനുഷ്യരാശിയെ രക്ഷിക്കണമെന്നും  പാപ്പാ പ്രത്യേകം പ്രാർത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 December 2024, 13:18