പാപ്പായുടെ ആഗോളസമാധാനദിനസന്ദേശത്തിന് നന്ദി പറഞ്ഞ് ഇറ്റലിയുടെ പ്രെസിഡന്റ് മത്തരെല്ല.
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
2025 ജനുവരി ഒന്നിന് ആചരിക്കപ്പെട്ട അൻപത്തിയെട്ടാമത് ആഗോളസമാധാനദിനത്തിലേക്കായി, ഫ്രാൻസിസ് പാപ്പാ "ഞങ്ങളുടെ കടങ്ങൾ പൊറുക്കുക, ഞങ്ങൾക്ക് നിന്റെ സമാധാനമേകുക" എന്ന പേരിൽ നൽകിയ സന്ദേശത്തിന് നന്ദി അറിയിച്ച് ഇറ്റലിയുടെ പ്രെസിഡന്റ് സേർജ്യോ മത്തരെല്ല. സാമൂഹ്യ-സാമ്പത്തിക ഭിന്നതകളും, ലോകരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ സമാധാനപൂർണ്ണമായ വളർച്ചയ്ക്കെതിരെ ഉയരുന്ന ഭീഷണികളും മൂലം ലോകത്തുണ്ടാകുന്ന മുറിവുകളുടെ മുന്നിൽ, എല്ലാ സാമൂഹിക, മത നേതൃത്വങ്ങളെയും വിചിന്തനത്തിന് ക്ഷണിക്കുന്നതാണ് പാപ്പായുടെ സന്ദേശമെന്ന് ഇറ്റലിയുടെ പ്രെസിഡന്റ് തന്റെ കത്തിൽ എഴുതി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയരുന്ന അപകടകരമായ ചില പ്രവർത്തനങ്ങളും സംരംഭങ്ങളും, ആഗോളതലത്തിൽ അംഗീകൃതമായ നിയമങ്ങളിൽ അധിഷ്ഠിതമായ അന്തർദേശീയക്രമത്തിന് ഭീഷണിയുയർത്തുന്ന ഒരു കാലമാണിതെന്ന് ഇറ്റലിയുടെ പ്രെസിഡന്റ് ഓർമ്മിപ്പിച്ചു. ജനതകളുടെയും രാജ്യങ്ങളുടെയും സഹവാസത്തെ സാധ്യമാക്കുന്ന നിയമത്തെയാണ് ഇത്തരം പ്രവർത്തനങ്ങൾ ആക്രമിക്കുന്നതെന്നും, അതുവഴി മനുഷ്യാന്തസ്സ് വികലമാക്കപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച ജൂബിലിവർഷത്തിന്റെ സന്ദേശം, ആളുകളെ പരസ്പരം ആവശ്യമുള്ളവരും, പരസ്പരം കടപ്പെട്ടവരുമെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഒന്നാണെന്ന് സേർജ്യോ മത്തരെല്ല തന്റെ കത്തിൽ കുറിച്ചു. അക്രമങ്ങളും, ചൂഷണങ്ങളും, അസമത്വങ്ങളും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വ്യക്തികളുടെ കാഴ്ചപ്പാടുകളെ തടസ്സപ്പെടുത്തുമ്പോൾ, ഐക്യത്തിന്റെ വളർച്ചയ്ക്കായി പരിശ്രമിക്കാൻ പാപ്പായുടെ സന്ദേശം ഏവരെയും ആഹ്വാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
2025 സമാധാനം വളരുന്ന ഒരു വർഷമായിരിക്കട്ടെയെന്ന പാപ്പായുടെ ആശംസയെക്കുറിച്ച് പരാമർശിച്ച ഇറ്റലിയുടെ പ്രെസിഡൻറ്, വ്യക്തിപരമായും സമൂഹപരമായും, സമാധാനചർച്ചകളിൽ വിശ്വാസമർപ്പിക്കാനും, കുടിയേറ്റം, പ്രകൃതിമലിനീകരണം, നവസാങ്കേതികവിദ്യകൾ കൊണ്ടുവരുന്ന അപകടസാധ്യതകളും അവസരങ്ങളും എന്നീ പ്രതിഭാസങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ക്ഷണിക്കുന്ന ഒരു സന്ദേശമാണ് അതിലുള്ളതെന്ന് എഴുതി.
യുവതലമുറയെ പ്രത്യേകം പരിഗണിച്ചുകൊണ്ട്, ലോകത്ത് നിലനിൽക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനും, തുല്യവും സുസ്ഥിരവുമായ വളർച്ചയ്ക്കായുള്ള വഴികൾ കണ്ടുപിടിക്കുന്നതിനുമുള്ള ഇറ്റലിയുടെ കടമയും സേർജ്യോ മത്തരെല്ല പ്രത്യേകം പരാമർശിച്ചു.
കത്തോലിക്കാസഭയുടെയും, മാനവികതയുടെയും സേവനത്തിനായി പാപ്പാ ചെയ്യുന്ന ശുശ്രൂഷകൾ പ്രത്യേകമായി പരിശ്രമിച്ച ഇറ്റലിയുടെ പ്രെസിഡന്റ്, പാപ്പായ്ക്ക് വ്യക്തിപരമായും ആധ്യാത്മികപരമായുമുള്ള നന്മകൾ രാജ്യത്തെ പൗരന്മാരുടെ കൂടി നാമത്തിൽ നേർന്നുകൊണ്ടാണ് തന്റെ കത്ത് അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: