സാമ്പത്തികകടങ്ങൾ എഴുതിത്തള്ളാനും സമാധാനം സ്ഥാപിക്കാനും ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
കടങ്ങൾ പൊറുക്കുകയെന്ന ജൂബിലിവർഷത്തിന്റെ പ്രത്യേകത കണക്കിലെടുത്ത്, സാമൂഹ്യാവസ്ഥയിൽ മാതൃകാപരമായ മാറ്റങ്ങൾ വരുത്താനും, പാവപ്പെട്ട രാജ്യങ്ങളുടെ കടങ്ങൾ എഴുതിത്തള്ളുകയോ കുറച്ചുകൊടുക്കുകയോ ചെയ്‌തുകൊണ്ട് ക്രൈസ്തവപരമ്പര്യമുള്ള രാജ്യങ്ങൾ മറ്റുള്ളവർക്ക് മാതൃക നൽകാനും ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. ഒരു വ്യക്തിയോ കുടുംബമോ ജനതയോ പോലും കടഭാരത്താൽ തകർന്നുപോകാതിരിക്കാൻ ശ്രമങ്ങൾ വേണമെന്നും പാപ്പാ ആവശ്യപ്പെട്ടു. മുൻവർഷങ്ങളിലെന്നപോലെ ഇത്തവണയും ജനുവരി ഒന്നാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഒരുമിച്ചുകൂടിയ ജനങ്ങൾക്കൊപ്പം ത്രികാലജപ്രാർത്ഥന നയിച്ച വേളയിലാണ് കടങ്ങൾ ഇളവുചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ ഏവരെയും ഓർമ്മിപ്പിച്ചത്.
വിശുദ്ധ പോൾ ആറാമൻ പാപ്പായാണ് വർഷത്തിന്റെ ആദ്യദിനം ആഗോളസമാധാനദിനമായി വേണമെന്ന് ആഗ്രഹിച്ചതെന്ന് പാപ്പാ അനുസ്മരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടന, ഇടവക, രൂപതാ തലങ്ങളിൽ സമാധാനത്തിനായി നടത്തുന്ന പ്രാർത്ഥനകളെയും പരിശ്രമങ്ങളെയും, സംഘർഷമേഖലകളിൽ സമാധാനസ്ഥാപനത്തിനായി സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നവരെയും പാപ്പാ അഭിനന്ദിച്ചു. എല്ലായിടങ്ങളിലും സംഘർഷങ്ങളും അക്രമങ്ങളും അവസാനിക്കാനും, സമാധാനവും അനുരഞ്ജനവും സാധ്യമാകാനും വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു.
കർത്തൃപ്രാർത്ഥനയെ പരാമർശിച്ചുകൊണ്ട്, ദൈവമാണ് നമ്മുടെ കടങ്ങൾ ആദ്യം പൊറുക്കുന്നതെന്ന് പറഞ്ഞ പാപ്പാ, എന്നാൽ അതേസമയം, നമ്മെ ദ്രോഹിച്ചവരോട് ക്ഷമിക്കാൻ നാം തയ്യാറാകണമെന്നും ഉദ്‌ബോധിപ്പിച്ചു.
സംഘർഷ-യുദ്ധമേഖലകളെക്കുറിച്ച് പ്രതിപാദിക്കവേ, ഉക്രൈൻ, ഗാസാ, ഇസ്രായേൽ, മ്യാന്മാർ കിവു, തുടങ്ങിയ പ്രദേശങ്ങളെ പ്രത്യേകമായി പരാമർശിച്ചു. യുദ്ധം എല്ലായ്പ്പോഴും തകർച്ചയാണ് കൊണ്ടുവരികയെന്ന് ഓർമ്മിപ്പിച്ച പാപ്പാ, യുദ്ധം എപ്പോഴും ഒരു പരാജയമാണെന്ന വാക്കുകൾ ജനുവരി ഒന്നാം തീയതിയും ആവർത്തിച്ചു.
പുതുവർഷവുമായി ബന്ധപ്പെട്ട് ഇറ്റലിയുടെ പ്രെസിഡന്റ് സേർജിയോ മത്തറെല്ല, തന്റെ സമാധാനദിനസന്ദേശത്തെ പരാമർശിച്ചതിനെക്കുറിച്ച് സംസാരിച്ച പാപ്പാ അദ്ദേഹത്തിന് പുതുവർഷത്തിൽ എല്ലാ നന്മകളും നേർന്നു. എല്ലാവരുടെയും മനസാക്ഷിയോട് സമാധാനം, പ്രത്യാശ തുടങ്ങിയ ആശയങ്ങളുമായി ബന്ധപ്പെട്ട് പാപ്പാ നടത്തിയ ആഹ്വാനങ്ങൾ പ്രെസിഡന്റ് മത്തറെല്ല തന്റെ സന്ദേശത്തിൽ പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. കുടിയേറ്റം, പ്രകൃതിമലിനീകരണം, നവസാങ്കേതികവിദ്യകൾ കൊണ്ടുവരുന്ന അപകടസാധ്യതകളും അവസരങ്ങളും തുടങ്ങിയ കാര്യങ്ങളിൽ ഇറ്റലിയുടെ പ്രതിജ്ഞാബദ്ധതയെക്കുറിച്ചും പ്രെസിഡന്റ് മത്തറെല്ല സൂചിപ്പിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: