ദൈവമാതാവിന്റെ തിരുനാൾ ക്രിസ്തുവിന്റെ ജനനമെന്ന രഹസ്യത്തിലേക്ക് നമ്മെ നയിക്കുന്നു: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഒരമ്മയെന്ന നിലയിൽ, തന്റെ പുത്രനായ യേശുവിലേക്കാണ് പരിശുദ്ധ കന്യകാമറിയം നമ്മെ നയിക്കുന്നതെന്നോർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ദൈവമാതാവായ മറിയത്തിന്റെ തിരുനാൾ ആഘോഷിക്കുന്ന ജനുവരി 1-ന് വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ വിശുദ്ധബലിമദ്ധ്യേ നടത്തിയ പ്രഭാഷണത്തിലാണ് ക്രൈസ്തവവിശ്വാസത്തിൽ പരിശുദ്ധ അമ്മയ്ക്കുള്ള പ്രാധാന്യം പാപ്പാ പ്രത്യേകം അനുസ്മരിച്ചത്.
മറിയത്തിന്റെ ഉദരത്തിലൂടെ നമ്മിലൊരാളായി മാറിയ ദൈവത്തെക്കുറിച്ചും, ജൂബിലിയുമായി ബന്ധപ്പെട്ട് അടുത്തിടെ തുറന്ന വിശുദ്ധവാതിലിനെക്കുറിച്ചും പ്രതിപാദിക്കവേ, പരിശുദ്ധ അമ്മ എന്ന വാതിലിലൂടെയാണ് ക്രിസ്തു ലോകത്തിലേക്ക് കടന്നുവന്നതെന്ന് വിശുദ്ധ അംബ്രോസിന്റെ വാക്കുകൾ പരാമർശിച്ചുകൊണ്ട് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
“സ്ത്രീയിൽനിന്ന് ജാതനായവൻ” എന്ന ക്രിസ്തുവിനെക്കുറിച്ചുള്ള വിശുദ്ധ പൗലോസിന്റെ വാക്കുകൾ (ഗലാത്തിയർ 4, 4) ഉദ്ധരിച്ച പാപ്പാ, യേശുവെന്ന നമ്മുടെ രക്ഷകൻ, മാംസത്തിന്റേതായ ദൗർബല്യതകൾക്കിടയിലാണ് തന്നെത്തന്നെ വെളിവാക്കിയതെന്ന് പറഞ്ഞു. മാനുഷികമായ ഒരു ഉദരം വഴിയാണ് ദൈവം യഥാർത്ഥ മനുഷ്യനായിത്തീർന്നതെന്ന ചിന്തയാണ് പൗലോസിന്റെ വാക്കുകളിൽ നമുക്ക് കാണാനാവുകയെന്ന് പാപ്പാ വിശദീകരിച്ചു.
അമൂർത്തമായ ഒരു ദൈവസങ്കല്പം മാത്രം സൃഷ്ടിച്ചെടുക്കുകയെന്ന ഒരു പ്രലോഭനം ഇന്ന് ക്രൈസ്തവരെയുൾപ്പെടെ കീഴ്പ്പെടുത്തുന്നുണ്ടെന്ന് പറഞ്ഞ പാപ്പാ, ദൈവപുത്രനായ ക്രിസ്തു സമൂർത്തനും യാഥാർത്ഥ മനുഷ്യനുമാണെന്ന് വ്യക്തമാക്കി. ഒരു സ്ത്രീയിൽനിന്ന് ജനിച്ച അവന് ഒരു മുഖവും പേരുമുണ്ടെന്നും, അവൻ നമ്മെ അവനുമായുള്ള സുദൃഡമായ ബന്ധത്തിനായി ക്ഷണിക്കുന്നുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ദൈവത്തിൽനിന്ന് വരുന്ന അവൻ, കന്യകാമറിയത്തിന്റെ ഉദരത്തിലാണ് മനുഷ്യനായി ജന്മമെടുക്കുന്നത്. ഉന്നതത്തിൽനിന്ന് വന്ന അവൻ ഭൂമിയോളം താഴ്ന്ന എളിമയിലാണ് ജീവിക്കുന്നത്. ദൈവപുത്രനായ അവൻ മനുഷ്യപുത്രനായി അവതരിക്കുന്നു. നമ്മിലൊരുവനായ അവൻ, അത്യുന്നതനായ ദൈവത്തിൽനിന്നുള്ളവനാണെങ്കിലും ദൗർബല്യത്തിലൂടെയാണ് കടന്നുവരിക. അതുകൊണ്ടുതന്നെ അവന് നമ്മെ രക്ഷിക്കാനാകുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
“സ്ത്രീയിൽനിന്ന് ജനിച്ചവൻ” എന്ന പ്രയോഗം, ക്രിസ്തുവിന്റെ മാനവികതയെക്കുറിച്ചാണ് നമ്മോട് സംസാരിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പൂജരാജാക്കന്മാർ കണ്ടത് അത്ഭുതകരമായ അടയാളങ്ങളല്ലെന്നും, മറിയത്തെയും യൗസേപ്പിനെയും കുട്ടിയെയുമാണെന്ന് പാപ്പാ പറഞ്ഞു. യേശുവിന്റെ ജീവിതത്തിലുടനീളം എളിമയുടെയും ഒതുങ്ങിയ ജീവിതത്തിന്റെയും വഴിയാണ് നമുക്ക് കണ്ടുമുട്ടാനാകുന്നതെന്നും പാപ്പാ വിശദീകരിച്ചു. വലിയ അടയാളങ്ങളോ അധികാരമോ കാട്ടാനല്ല അവൻ ശ്രമിക്കുന്നത്, മറിച്ച്, നമ്മോടൊപ്പം നമ്മുടെ സാധാരണ ജീവിതം പങ്കിട്ട് ജീവിച്ചുകൊണ്ടും, നമ്മോട് കരുണയും സാമീപ്യവും കാണിച്ചുകൊണ്ടുമാണ് അവൻ മുന്നോട്ടുപോകുന്നത്.
നസ്രത്തിലെ കൊച്ചുപെൺകുട്ടി, തന്റെ പുത്രനായ യേശുവെന്ന രഹസ്യത്തിലേക്കാണ് നമ്മെ എപ്പോഴും നയിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മാംസത്തിലൂടെ കടന്നുവന്ന യേശു, അവനെ കണ്ടെത്താനാവുന്നത്, നമ്മുടെ ജീവിതത്തിലും, നമ്മുടെ ദുർബലമായ മാനവികതയിലുമാണെന്ന് നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു. മറിയത്തെ ദൈവമാതാവെന്ന് വിളിക്കുന്നതിലൂടെ, ക്രിസ്തു പിതാവിനാൽ ജനിപ്പിക്കപ്പെട്ടവനാണെന്നും, എന്നാൽ ഒരു സ്ത്രീയുടെ ഉദരത്തിൽ ജനിച്ചവനാണെന്നുമാണ് നാം ഉറപ്പിച്ചുപറയുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ലോകരക്ഷകനായ അവനെ നമുക്ക് കണ്ടുമുട്ടാനാകുമെന്നും, ഓരോ മനുഷ്യമുഖങ്ങളിലും അവനെയാണ് നാം തേടേണ്ടതെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
മറിയത്തെപ്പോലെ ജീവിതത്തിന്റെ നിസ്സാരതയിൽ ദൈവത്തിന്റെ മാഹാത്മ്യം കണ്ടെത്താനും, സ്ത്രീയിൽനിന്ന് ജനിച്ച ഓരോ ജന്മങ്ങളെയും സംരക്ഷിക്കാനും, ഉദരത്തിലുള്ള ജീവനെയും കുട്ടികളെയും സഹനങ്ങളിലൂടെ കടന്നുപോകുന്നവരെയും പാവപ്പെട്ടവരെയും വയോധികരെയും ഏകരായിരിക്കുന്നവരെയും മരണാസന്നരായവരെയും കുറിച്ച് കരുതലുള്ളവരായിരിക്കാനും ഈ പുതുവർഷത്തെ ദൈവമാതാവായ മറിയത്തിന് സമർപ്പിക്കാനും പാപ്പാ ആഹ്വാനം ചെയ്തു.
തന്റെ പ്രഭാഷണത്തിൽ ലോകസമാധാനത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ, ഓരോ ജീവിതങ്ങളുടെയും അന്തസ്സ് തിരികെക്കൊടുക്കുകയെന്നതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. സമാധാനത്തിന്റെ ഒരു സാംസ്കാരികത വളർത്തിയെടുക്കുന്നതിനുള്ള അടിസ്ഥാനം കൂടിയാണിതെന്ന് പാപ്പാ വ്യക്തമാക്കി.
പഴയകാലത്ത് മെത്രാന്മാർ ദേവാലയത്തിൽ പ്രവേശിക്കുമ്പോൾ എഫേസൂസിലെ ആളുകൾ ഉദഘോഷിച്ചിരുന്നതുപോലെ, "പരിശുദ്ധ ദൈവമാതാവേ" എന്ന് മൂന്ന് വട്ടം ഉച്ചത്തിൽ പറയാൻ ഏവരെയും ക്ഷണിച്ചുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: