തിരയുക

ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച്ച നടത്തുന്നു ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച്ച നടത്തുന്നു   (VATICAN MEDIA Divisione Foto)

പ്രത്യാശയുടെ തീർത്ഥാടനത്തിൽ നാം ഏകരല്ല: ഫ്രാൻസിസ് പാപ്പാ

2025 വർഷം വ്യക്തിപരമായ വളർച്ചയ്ക്കും, തമ്മിൽത്തമ്മിലുള്ള സൗഹൃദത്തിനും കൂടുതൽ അവസരങ്ങളൊരുക്കട്ടെയെന്നു പാപ്പാ ആശംസിച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഇറ്റലിയിലെ അന്ധരും, കാഴ്ച്ചപരിമിതിയുള്ളവരുമായ യുവജനങ്ങളുടെ പ്രതിനിധി സംഘം ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തി. ജനുവരി മാസം മൂന്നാം തീയതി നടന്ന കൂടിക്കാഴ്ചയിൽ, ഫ്രാൻസിസ് പാപ്പാ, ജൂബിലി വർഷത്തിന്റെ പ്രാധാന്യം ഓരോരുത്തരുടെയും വ്യക്തിജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് സന്ദേശം പങ്കുവച്ചു. 2025 വർഷം വ്യക്തിപരമായ വളർച്ചയ്ക്കും, തമ്മിൽത്തമ്മിലുള്ള സൗഹൃദത്തിനും കൂടുതൽ അവസരങ്ങളൊരുക്കട്ടെയെന്നു പാപ്പാ ആശംസിച്ചു.

2025 സഭയെ സംബന്ധിച്ചിടത്തോളം ജൂബിലി ആഘോഷിക്കുന്നുവെന്ന പ്രത്യേകത ഉണ്ടെന്നു പറഞ്ഞ പാപ്പാ, ജൂബിലിയുടെ ആപ്തവാക്യമായ, "പ്രത്യാശയുടെ തീർത്ഥാടകർ" എന്നത് എല്ലാവരെ കൊണ്ടും ആവർത്തിച്ചു പറയിപ്പിച്ചു. അംഗങ്ങൾ ആവേശത്തോടെ വാചകം ഏറ്റുപറഞ്ഞപ്പോൾ, 'വളരെ നന്നായിരിക്കുന്നു'വെന്നു പറഞ്ഞുകൊണ്ട്  പാപ്പാ അവരെ അഭിനന്ദിച്ചു. 'തീർത്ഥാടകർ' എന്ന വാക്ക് സഞ്ചരിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നുവെന്നും, അതിനാൽ മുന്നോട്ട് പോകാനുള്ള ആഗ്രഹത്തോടെ എപ്പോഴും യാത്രയിലായിരിക്കുവാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും പാപ്പാ പറഞ്ഞു.

എന്നാൽ തീർത്ഥാടനം ലക്ഷ്യമില്ലാത്ത ഒരു യാത്രയല്ല, മറിച്ച് ഓരോ തീർത്ഥാടകന്റെയും ലക്‌ഷ്യം ഒരു വിശുദ്ധ സ്ഥലമാണെന്നതും പാപ്പാ അടിവരയിട്ടു പറഞ്ഞു. ഈ സ്ഥലം അവന്റെ യാത്രയിൽ അവനെ ആകർഷിക്കുകയും, അവനു പ്രചോദനം നൽകുകയും ചെയ്യുന്നുവെന്ന് പറഞ്ഞ പാപ്പാ, ഇത് നമ്മുടെ ക്ഷീണം പോലും അകറ്റുവാൻ സഹായിക്കുന്നുവെന്നും പറഞ്ഞു. ഇപ്രകാരം യേശുവിന്റെ പ്രതീകമാകുന്ന  വിശുദ്ധ വാതിൽ നമ്മുടെ ലക്ഷ്യമാകണമെന്നും, ഇത് പാപത്തിന്റെ അടിമത്തത്തിൽ നിന്ന് മുക്തരായി, ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കാനും സേവിക്കാനും, സ്വാതന്ത്ര്യത്തോടെ പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാൻ നമ്മെ സഹായിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

തീർത്ഥാടനത്തിൽ യേശുവിനെ കാണാനും, അദ്ദേഹത്തെ വ്യക്തിപരമായി അറിയാനും, ജീവിതത്തിന് അർത്ഥം നൽകുന്ന അവന്റെ വചനം കേൾക്കാനും നാം പരിശ്രമിക്കുമ്പോൾ, യഥാർത്ഥ ദൈവീക സന്തോഷം അനുഭവിക്കുവാൻ നമുക്ക് സാധിക്കുമെന്ന് ചില വിശുദ്ധരുടെ ജീവിതങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. നമുക്കും ഈ വിശുദ്ധരുടെ ജീവിത മാതൃക പിന്തുടരാമെന്നു പറഞ്ഞ പാപ്പാ, പ്രത്യാശയുടെ അടയാളങ്ങളായി തീരുവാൻ ഏവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 January 2025, 13:51