തിരയുക

ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ  (ANSA)

സഹോദര്യത്തിലാണ് ലോകത്തിന്റെ പ്രത്യാശ: ഫ്രാൻസിസ് പാപ്പാ

ദൈവമാതാവായ മറിയത്തിന്റെ തിരുനാൾ ആഘോഷത്തിന്റെ ഭാഗമായ സായാഹ്നപ്രാർത്ഥനയിൽ, സഹോദര്യത്തിലേക്കും, പ്രത്യാശയിലേക്കുമുള്ള വിളിയെക്കുറിച്ച് ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. സാഹോദര്യം നിറഞ്ഞ ഒരു ലോകമെന്നത് വെറും ആശയപരമായ ഒരു ചിന്ത മാത്രമല്ല, ക്രിസ്തുവിൽ യാഥാർത്ഥ്യമായ ഒരു സത്യമാണെന്നും, പരിശുദ്ധ അമ്മ ക്രിസ്തുവിലൂടെയുള്ള പ്രത്യാശയുടെയും സാഹോദര്യത്തിന്റെയും മാർഗ്ഗമാണ് നമുക്ക് കാണിച്ചുതരുന്നതെന്നും പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദൈവമക്കളും, അതുവഴി പരസ്പരം സഹോദരങ്ങളുമാണ് തങ്ങളെന്ന് ഏവർക്കും തിരിച്ചറിയാൻ സാധിക്കേണ്ടതിനായി, ഏവരെയും സ്വീകരിക്കാനുള്ള വിളി റോമാ നഗരത്തിനുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ. ജനുവരി ഒന്നിന് ആഘോഷിക്കപ്പെടുന്ന ദൈവമാതാവായ പരിശുദ്ധ അമ്മയുടെ തിരുനാളിന് മുന്നോടിയായി ഡിസംബർ 31 തിങ്കളാഴ്ച വൈകുന്നേരം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ സായാഹ്നപ്രാർത്ഥന നയിച്ച വേളയിലാണ് സഹോദര്യത്തിൽ ജീവിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും, പ്രത്യാശയിൽ വളരാനും, വളർത്താനും പരിശ്രമിക്കേണ്ടതിനെക്കുറിച്ചും പാപ്പാ ഏവരെയും ഉദ്ബോധിപ്പിച്ചത്.

2025-ലെ ജൂബിലിയുടെ "പ്രത്യാശയുടെ തീർത്ഥാടകർ" എന്ന ആപ്തവാക്യം, ഏറെ അർത്ഥസമ്പുഷ്ടമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, അത് സൂചിപ്പിക്കുന്ന സാധ്യതകൾ തീർത്ഥാടനത്തിന്റെ വിവിധ മാർഗ്ഗങ്ങൾ പോലെയാണെന്ന് വ്യക്തമാക്കി. അതിലൊന്ന് സഹോദര്യത്തോടെ വിശ്വാസമാർഗ്ഗത്തിൽ സഞ്ചരിക്കുകയെന്നതാണെന്ന് വിശദീകരിച്ച പാപ്പാ, ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനത്തിൽ താൻ ഇത്തരമൊരു മാർഗ്ഗമാണ് മുന്നോട്ടുവച്ചതെന്ന് ഓർമ്മിപ്പിച്ചു. സഹോദര്യത്തിലാണ് ലോകത്തിന്റെ പ്രത്യാശ അടങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് റോം കഴിഞ്ഞ മാസങ്ങളിൽ നിർമ്മാണ, പുനരുദ്ധാരണ, നവീകരണപ്രവർത്തനങ്ങളിലൂടെ ഒരുങ്ങിയതെന്നും, ലോകമെങ്ങും നിന്നുള്ള കത്തോലിക്കരും, ക്രൈസ്തവരും, മറ്റു വിശ്വാസികളും, സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും, നീതിയുടെയും സമാധാനത്തിന്റെയും അന്വേഷകരും,പ്രത്യാശയുടെയും  സാഹോദര്യത്തിന്റെയും തീർത്ഥാടകരും ആയ ഏവരെയും  സ്വീകരിക്കുവാനായി തയ്യാറായതെന്നും പാപ്പാ വ്യക്തമാക്കി.

സർവ്വത്രികസഹോദര്യമെന്ന ചിന്തയ്ക്ക് അടിസ്ഥാനമോ സാധ്യതയോ ഉണ്ടോയെന്നും, അത് വെറുമൊരു മുദ്രാവാക്യം പോലെ മാത്രം നിലനിൽക്കുന്നതാണോയെന്നുമുള്ള ചോദ്യത്തിന്, യേശുവിനെ കാട്ടിക്കൊണ്ട് പരിശുദ്ധ അമ്മ നമുക്ക് മറുപടി നൽകുന്നുണ്ടെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. പ്രത്യാശ എന്നത് വെറുമൊരു ആശയമോ സാമ്പത്തികവ്യവസ്ഥയോ, സാങ്കേതികപുരോഗതിയോ അല്ല എന്നും പാപ്പാ വ്യക്തമാക്കി. സ്വർഗ്ഗസ്ഥനായ പിതാവിന്റെ മക്കളും, അതുവഴി പരസ്പരം സഹോദരീസഹോദരങ്ങളുമായി നാം മാറേണ്ടതിനായി പിതാവിനാൽ അയക്കപ്പെട്ടവനാണ് ക്രിസ്തുവെന്ന് പാപ്പാ വിശദീകരിച്ചു.

ക്രൈസ്തവരഹസ്യം ഉള്ളിൽ സൂക്ഷിക്കുകയും, കാലത്തിന്റെ അടയാളങ്ങളെ തിരിച്ചറിയാൻ കഴിയുകയും ചെയ്ത പരിശുദ്ധ അമ്മ നമ്മെ അതിനായി വിളിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു. പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ആഘോഷിച്ചുകൊണ്ട് വർഷാവസാനം സന്തോഷത്തോടും നന്ദിയുടെ മനോഭാവത്തോടും കൂടി ജീവിക്കാൻ ഏവർക്കും സാധിക്കട്ടെയെന്ന് പാപ്പാ തന്റെ പ്രഭാഷണത്തിന്റെ ആരംഭത്തിൽ ആശംസിച്ചിരുന്നു.

റോമിൽ നടന്ന നിർമ്മാണ, പുനരുദ്ധാരണപ്രവർത്തനങ്ങൾക്ക് പാപ്പാ പ്രത്യേകം നന്ദി പറഞ്ഞു. തന്റെ അയൽക്കാരന്റെ സഹോദരനോ സഹോദരിയോ ആയി മാറാൻ ഒരുവനെ സഹായിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളുടെ പ്രാധാന്യം പാപ്പാ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു.

സാഹോദര്യത്തിന്റെ മാർഗ്ഗത്തിൽ, പ്രത്യാശയുടെ തീർത്ഥാടകരായി ഒരുമിച്ച് സഞ്ചരിക്കാൻ പരിശുദ്ധ അമ്മ നമ്മെ സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 January 2025, 15:57