പാപ്പാ രാത്രി ശാന്തമായി വിശ്രമിച്ചു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ഫെബ്രുവരി 14 മുതൽ ജെമെല്ലി ആശുപതിയിൽ ചികിത്‌സയിൽ കഴിയുന്ന പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ വത്തിക്കാൻ വ്യക്തമാക്കി. മാർച്ചു മാസം ആറാം തീയതി വ്യാഴാഴ്ച്ച ഇറ്റാലിയൻ സമയം വൈകുന്നേരവും, മാർച്ചു മാസം ഏഴാം തീയതി വെള്ളിയാഴ്ച്ച രാവിലെയും ഇതുസംബന്ധിച്ച കുറിപ്പുകൾ വത്തിക്കാൻ വാർത്താകാര്യാലയം മാധ്യമങ്ങൾക്ക് നൽകി. മാർച്ചുമാസം ആറാം തീയതി രാത്രി പരിശുദ്ധ പിതാവ് ശാന്തമായി ഉറങ്ങിയെന്നും, പിറ്റേന്ന് ഏഴാം തീയതി രാവിലെ എട്ടു മണിയോടെ ഉണർന്നുവെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്, പാപ്പായുടെ ആരോഗ്യസ്ഥിതി സ്ഥിരത പ്രാപിക്കുന്നുവെന്നു ആറാം തീയതി പ്രസിദ്ധീകരിച്ച ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ശ്വസന പ്രതിസന്ധിയും, പനിയും ഉണ്ടായില്ലയെന്ന ആശ്വാസവാർത്തയും കുറിപ്പിൽ എടുത്തു പറയുന്നു. എന്നാൽ ശ്വാസോഛ്വാസം സുഗമമാക്കുന്നതിനുള്ള ചികിത്സ തുടർന്ന് വരുന്നു. ആരോഗ്യസ്ഥിതി സംബന്ധിച്ച അടുത്ത മെഡിക്കൽ ബുള്ളറ്റിൻ ശനിയാഴ്ച്ചയായിരിക്കുമെന്നും വത്തിക്കാൻ അറിയിച്ചു.
അതേസമയം ഫ്രാൻസിസ് പാപ്പായ്ക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നടന്നുവരികയാണ്. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിലും, എല്ലാ ദിവസവും ഇറ്റാലിയൻ സമയം വൈകുന്നേരം ഒൻപതു മണിക്ക് നടത്തുന്ന ജപമാല പ്രാർത്ഥനയിൽ അനേകായിരങ്ങളാണ് സംബന്ധിക്കുന്നത്. പാപ്പായുടെ രോഗപൂർവ്വനിരൂപണങ്ങളെ പറ്റിയുള്ള വിവരങ്ങൾ ഡോക്ടർമാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: