കുമ്പസാരക്കാർ പ്രാർത്ഥനയുടെ മനുഷ്യരായിരിക്കണം: പാപ്പായുടെ സന്ദേശം
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
മാർച്ചുമാസം ഇരുപത്തിനാലു മുതൽ ഇരുപത്തിയെട്ടു വരെ, വത്തിക്കാനിലെ അപ്പസ്തോലിക നീതിന്യായ സംവിധാനം (Apostolic Penitentiary) സംഘടിപ്പിച്ച മുപ്പത്തിയഞ്ചാമത് വിശുദ്ധ കുമ്പസാരം ഉൾപ്പെടുന്ന 'ഇന്റേണൽ ഫോറം' പഠന ശിബിരത്തിൽ പങ്കെടുത്തവർക്ക് ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശം, അംഗങ്ങൾക്കുവേണ്ടി, മാർച്ചുമാസം ഇരുപത്തിയേഴാം തീയതി വായിക്കപ്പെട്ടു. നിരധി വൈദികരും, വൈദിക വിദ്യാർത്ഥികളും, സന്യസ്തരും ഈ കോഴ്‌സിൽ അംഗങ്ങളായിട്ടുണ്ട്. ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ, വിശുദ്ധ കുമ്പസാരത്തിന്റെ പ്രാധാന്യവും, ആവശ്യകതയും, നോമ്പുകാലത്ത് ആവശ്യമായ കാരുണ്യത്തിന്റെയും, സമാധാനത്തിന്റെയും മൂല്യവും ചൂണ്ടിക്കാണിച്ചു.
മാനസാന്തരത്തിന്റെയും, പ്രായശ്ചിത്തത്തിന്റെയും, ദൈവകരുണയുടെ സ്വീകാര്യതയുടെയും അനുഭവം നൽകുന്ന, 2025 ജൂബിലി വർഷത്തിൽ സംഘടിപ്പിക്കുന്ന ഈ പഠന ശിബിരത്തിനു വളരെയേറെ പ്രാധാന്യം അർഹിക്കുന്നുവെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു. ജൂബിലി തീർത്ഥാടകർക്കൊപ്പം, കരുണയുടെ ഈ ആഘോഷം നടത്തുന്നത്, ഒരു അംഗീകാരം ആണെന്നും, കുമ്പസാരക്കാരെന്ന നിലയിൽ, നാം ദൈവത്തിന്റെ കൃപയാൽ കരുണയുടെ ശുശ്രൂഷകരായി തിരഞ്ഞെടുക്കപ്പെട്ടവരാണെന്നും പാപ്പാ ചൂണ്ടിക്കാട്ടി. അതുപോലെ ദൈവത്തിന്റെ ക്ഷമയുടെ ആദ്യഫലം അനുഭവിച്ചവരാണ് നാം എന്നും പാപ്പാ എടുത്തു പറഞ്ഞു.
അതിനാൽ എല്ലാറ്റിനുമുപരി അനുരഞ്ജനശുശ്രൂഷ പരികർമ്മം ചെയ്യുന്നവർ പ്രാർത്ഥനയുടെ മനുഷ്യരാകണമെന്നും, കാരണം ഈ കൂദാശയുടെ ശുശ്രൂഷാ പ്രവർത്തനത്തിന്റെ അടിസ്ഥാനം പ്രാർത്ഥനയാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. "ഞാനും നിങ്ങളെ കുറ്റം വിധിക്കുന്നില്ല, പോയി ഇനി മേലിൽ പാപം ചെയ്യരുത്" എന്ന യേശുവിന്റെ വാക്കുകൾ ഇന്നും തുടരുന്നതാണ് കുമ്പസാരശുശ്രൂഷയുടെ കാതലെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
ദൈവവുമായുള്ള അനുരഞ്ജനത്തിൽ വളരുന്നതിനും, പുതിയ സാഹോദര്യ ബന്ധങ്ങൾ തുറക്കുന്നതിനും കർത്താവിന്റെ ഈ വിമോചന വചനം ജൂബിലി വർഷത്തിൽ സഭയിലുടനീളം പ്രതിധ്വനിക്കട്ടെ എന്നും പാപ്പാ ആശംസിച്ചു. നിരാശാജനകമല്ലാത്ത പ്രത്യാശ പോലെ, കരുണയിൽ നിന്നും സമാധാനം ഉടലെടുക്കട്ടെയെന്നും ഉപസംഹാരമായി പാപ്പാ കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: