ഫ്രാൻസിസ് പാപ്പാ വത്തിക്കാനിലേക്ക് തിരികെയെത്തുന്നു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഫെബ്രുവരി 14 വെള്ളിയാഴ്ച മുതൽ റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ ശ്വാസകോശസംബന്ധിയായ ബുദ്ധിമുട്ടുകളും, പിന്നീട് ന്യുമോണിയയും മൂലം ചികിത്സയിലായിരുന്ന ഫ്രാൻസിസ് പാപ്പാ മാർച്ച് 23 ഞായറാഴ്ച ആശപത്രിയിൽനിന്ന് ഡിസ്ചാർജ് ആകും. ഞായറാഴ്ച ഉച്ചയ്ക്ക് ത്രികാലജപപ്രാർത്ഥനയുടെ സമയത്ത്, ആശുപത്രിയിലെ പത്താം നിലയിലുള്ള തന്റെ മുറിയുടെ ജാലകത്തിൽ പാപ്പാ എത്തിയേക്കുമെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷമായിരിക്കും പാപ്പാ വത്തിക്കാനിലേക്ക് മടങ്ങുക.
പാപ്പായുടെ ആരോഗ്യകാര്യങ്ങൾ നോക്കുന്ന ഡോ. ലൂയിജി കാർബോണെ, വത്തിക്കാൻ പ്രെസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി, ജെമെല്ലി ആശുപത്രിയിൽ പാപ്പായുടെ ചികിത്സാസംബന്ധിയായ കാര്യങ്ങൾക്ക് നേതൃത്വം നൽകിയ ഡോ. സേർജിയോ അൽഫിയേരി എന്നിവരാണ് ജെമെല്ലി മാർച്ച് 22 ശനിയാഴ്ച വൈകുന്നേരം, പാപ്പായുടെ ആരോഗ്യവിവരങ്ങളും ഡിസ്ചാർജ്ജും സംബന്ധിച്ച കാര്യങ്ങൾ പങ്കുവച്ചത്.
ലോകം മുഴുവൻ കാത്തിരുന്ന സന്തോഷവാർത്ത നൽകുന്നു എന്ന വാക്കുകളോടെയാണ് ഡോ. അൽഫിയേരി, പാപ്പായുടെ ഡിസ്ചാർജ് സംബന്ധിച്ച കാര്യങ്ങൾ അറിയിച്ചത്. ഇരു ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ചതിനെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ കുറവുണ്ടെങ്കിലും വത്തിക്കാനിലെ വസതിയായ സാന്താ മാർത്തായിലും പാപ്പായുടെ ചികിത്സകൾ തുടരേണ്ടിവരുമെന്ന് ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയിൽ പാപ്പായുടെ ആരോഗ്യസ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടായെന്ന് ഡോ. അൽഫിയേരി അറിയിച്ചു. കടുത്ത ന്യുമോണിയ മൂലം ബുദ്ധിമുട്ടിയ പാപ്പായ്ക്ക് വിവിധ മരുന്നുകൾ ചേർന്ന ചികിത്സയാണ് നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ ന്യുമോണിയയ്ക്ക് വേണ്ട ചികിത്സകൾ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും, പൂർണ്ണമായ സൗഖ്യത്തിനായി ഇനിയും സമയം ആവശ്യമായി വരുമെന്നും പത്രപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം അറിയിച്ചു. ചികിത്സയുടെയും, ആരോഗ്യം വീണ്ടെടുക്കുന്നതിന്റെയും ഭാഗമായി, കുറച്ചു ദിവസങ്ങളിലേക്കെങ്കിലും മറ്റ് ആളുകളുമായുള്ള കൂടിക്കാഴ്ചകൾ ഒഴിവാക്കേണ്ടിവരുമെന്നും അദ്ദേഹം വിശദീകരിച്ചു.
പാപ്പായ്ക്ക് കുറഞ്ഞത് രണ്ടു മാസത്തേയ്ക്കെങ്കിലും ചികിത്സയോടുകൂടിയ വിശ്രമം ആവശ്യമാണെന്നും ആശുപത്രിവാസകാലത്ത് പാപ്പാ, ചികിത്സകളോട് പൂർണ്ണമായി സഹകരിച്ചുവെന്നും മെഡിക്കൽ നിർദ്ദേശങ്ങൾ പാലിച്ചുവെന്നും, ഈ ആശുപത്രിവാസകാലത്ത് പാപ്പാ, രണ്ടു തവണ അപകടകരമായ അവസ്ഥയിലൂടെ കടന്നുപോയെന്നും ഡോ. അൽഫിയേരി വ്യക്തമാക്കി. ഇപ്പോഴത്തെ ആശുപത്രിവാസകാലത്ത് പാപ്പായ്ക്ക് കോവിഡോ പ്രമേഹമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധയുണ്ടാവുകയും അതിന്റെ ചികിത്സ സ്വീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി രോഗികൾക്ക് താത്കാലികമായി സ്വരം നഷ്ടപ്പെടാമെന്ന് ഡോ. അൽഫിയേരി അറിയിച്ചു. സംസാരത്തിൽ പാപ്പായ്ക്കുള്ള ബുദ്ധിമുട്ടിനെക്കുറിച്ച് പത്രപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ആശുപത്രിയിൽനിന്ന് ഡിസ്ചാർജാകുന്നതിൽ പാപ്പാ സന്തോഷവാനാണെന്നും, പാപ്പായ്ക്ക് ഏറെ താമസിയാതെ സാധാരണഗതിയിലുള്ള ജോലികളിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: