പരിശുദ്ധ കന്യകാമറിയം പ്രത്യാശയുടെ ഒരു തീർത്ഥാടക, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയബാധിതനായ ഫ്രാൻസീസ് പാപ്പാ ഫെബ്രുവരി 14 വെള്ളിയാഴ്ച മുതൽ റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണല്ലൊ. പാപ്പായുടെ ആരോഗ്യസ്ഥിതിയിൽ ചെറിയ പുരോഗതി ഉണ്ടായിട്ടുണ്ടങ്കിലും ബുധനാഴ്ചത്തെ പൊതുദർശനം, ഞായറാഴ്ചത്തെ മദ്ധ്യാഹ്ന പ്രാർത്ഥന എന്നിവയുൾപ്പടെയുള്ള പരിപാടികളെല്ലാം തല്ക്കാലം റദ്ദാക്കിയിരിക്കയാണ്. എന്നാൽ, പാപ്പായുടെ ത്രികാലജപസന്ദേശവും പ്രതിവാരപൊതുകൂടിക്കാഴ്ച പ്രഭാഷണവും പരിശുദ്ധസിംഹാസനം പരസ്യപ്പെടുത്താറുണ്ട്. ജൂബിലി വത്സരാചരണത്തോടനുബന്ധിച്ച് പാപ്പാ, നമ്മുടെ പ്രത്യാശയായ യേശുവിനെ അധികരിച്ച് ആരംഭിച്ചിരിക്കുന്ന പ്രബോധനപരമ്പരയിൽ ഇപ്പോൾ പങ്കുവച്ചുകൊണ്ടിരിക്കുന്നത് യേശുവിൻറെ ബാല്യകാലത്തെക്കുറിച്ചുള്ള ചിന്തകളാണ്. ആകയാൽ മാർച്ച് 5, (05/03/25) ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചയ്ക്കു വേണ്ടി മുൻകൂട്ടി തയ്യാറാക്കിയിരുന്ന പ്രഭാഷണത്തിൽ പാപ്പാ ജറുസലേം ദേവാലയത്തിൽ വച്ച് ഉണ്ണിയേശുവിനെ കാണാതാകുകയും മൂന്നു ദിവസങ്ങൾക്കുശേഷം യൗസേപ്പും മറിയവും ഉണ്ണിയേശുവിനെ ദേവാലയത്തിൽ വേദശാസ്ത്രികളുമായി സംവാദത്തിലേർപ്പെട്ടിരിക്കുന്നതായി കണ്ടെത്തുകയും ചെയ്യുന്ന സംഭവം ആധാരമാക്കിയുള്ള ചിന്തകളാണ് പങ്കുവച്ചിരിക്കുന്നത്.
ലൂക്കായുടെ സുവിശേഷത്തിൽ നാം ഇപ്രകാരം വായിക്കുന്നു:
“മൂന്നു ദിവസങ്ങൾക്കുശേഷം അവർ അവനെ ദേവാലയത്തിൽ കണ്ടെത്തി. അവൻ ഉപാദ്ധ്യായന്മാരുടെ ഇടയിലിരുന്ന്, അവർ പറയുന്നതു കേൾക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു.... അവനെ കണ്ടപ്പോൾ മാതാപിതാക്കൾ വിസ്മയിച്ചു. അവൻറെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിൻറെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവൻ അവരോടു ചോദിച്ചു: നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാൻ എൻറെ പിതാവിൻറെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ. എന്നാൽ അവൻ തങ്ങളോടു പറഞ്ഞതെന്തെന്ന് അവർ ഗ്രഹിച്ചില്ല ” ലൂക്കായുടെ സുവിശേഷം 2,46.48-50
ഈ സുവിശേഷസംഭവത്തെ ആധാരമാക്കിയുള്ള പാപ്പായുടെ സന്ദേശം ഇപ്രകാരമാണ്:
പരിശുദ്ധ കന്യകാ മറിയത്തിൻറെ ആത്മീയ യാത്ര
പ്രിയ സഹോദരീ സഹോദരന്മാരേ ശുഭദിനം
യേശുവിൻറെ ബാല്യകാലത്തെക്കുറിച്ചുള്ള ഈ അവസാനത്തെ പ്രബോധനത്തിൽ, നമ്മുടെ ചിന്തകൾക്കുള്ള പ്രചോദനം, പന്ത്രണ്ടാം വയസ്സിൽ, യേശു, അവൻറെ മാതാപിതാക്കളോട് പറയാതെ ദേവാലയത്തിൽ ചിലവഴിച്ചതും അവർ അവനെ ഉത്കണ്ഠാകുലരായി അന്വേഷിച്ചു നടന്നതും മൂന്നു ദിവസത്തിനുശേഷം അവനെ കണ്ടെത്തിയതുമായ സംഭവമാണ്. ഈ ആഖ്യാനം മറിയവും യേശുവും തമ്മിലുള്ള വളരെ രസകരമായ ഒരു സംഭാഷണം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു, ഇത് യേശുവിൻറെ അമ്മയുടെ യാത്രയെക്കുറിച്ച് ചിന്തിക്കാൻ നമ്മെ സഹായിക്കുന്നു, തീർച്ചയായും എളുപ്പമല്ലാത്ത ഒരു യാത്രയാണത്. വാസ്തവത്തിൽ, മറിയം സ്വപുത്രൻറെ രഹസ്യം ഗ്രഹിക്കുന്നതിൽ മുന്നേറിയ ഒരു ആത്മീയ യാത്ര പൂർത്തിയാക്കി.
യേശുവിനെ ഒരു "അകലത്തിൽ "അനുഗമിക്കുന്ന മറിയം
ഈ യാത്രയുടെ വിവിധ ഘട്ടങ്ങളിലേക്ക് നമുക്കൊന്നു തിരിഞ്ഞു നോക്കാം. തൻറെ ഗർഭാവസ്ഥയുടെ ആരംഭത്തിൽ, മറിയം എലിസബത്തിനെ സന്ദർശിക്കുകയും കുഞ്ഞു യോഹന്നാൻറെ ജനനം വരെ മൂന്ന് മാസം അവളോടൊപ്പം താമസിക്കുകയും ചെയ്യുന്നു. ഒമ്പതാം മാസമായപ്പോൾ, കാനേഷുമാരിക്കായി, (ജനസംഖ്യ കണക്കെടുപ്പ്), അവൾ ജോസഫിനോടുകൂടെ ബത്ലഹേമിലേക്കു പോയി, അവിടെ വച്ച് അവൾ യേശുവിനെ പ്രസവിച്ചു. നാല്പതു ദിവസത്തിനുശേഷം അവർ ശിശുവിനെ സമർപ്പിക്കാൻ ജറുസലേമിലേക്കു പോയി. അങ്ങനെ പ്രതിവർഷം അവർ ദേവാലയത്തിൽ തീർത്ഥാടനത്തിനായി എത്തുന്നു. എന്നാൽ ശിശുവായ യേശുവിനെ, ഹേറൊദേസിൽ നിന്ന് രക്ഷിക്കാൻ അവർ ദീർഘകാലം ഈജിപ്തിൽ അഭയം തേടിയിരുന്നു, രാജാവിൻറെ മരണാനന്തരം മാത്രമാണ് അവർ നസറെത്തിൽ തിരിച്ചെത്തി അവിടെ വാസം തുടങ്ങിയത്. പ്രായപൂർത്തിയായ യേശു തൻറെ ശുശ്രൂഷ ആരംഭിച്ചപ്പോൾ കാനായിലെ കല്ല്യാണവിരുന്നിൽ മറിയം സന്നിഹിതയായിരുന്നു. അവൾ അവിടെ ഒരു പ്രധാന കഥാപാത്രവുമായിരുന്നു; പിന്നീട് അവൾ അവനെ ജറുസലേമിലേക്കുള്ള അവസാന യാത്ര വരെ, പീഢാസഹനവും മരണവും വരെ "ഒരകലത്തിൽ" അനുഗമിക്കുന്നു. യേശുവിൻറെ പുനരുത്ഥാനത്തിനുശേഷം, ശിഷ്യന്മാരുടെ അമ്മയെന്ന നിലയിൽ, പരിശുദ്ധാത്മാവിൻറെ വർഷണത്തിനായുള്ള പാർത്തിരിപ്പിൽ, അവരുടെ വിശ്വാസത്തെ പിന്തുണച്ചുകൊണ്ട്, മറിയം ജറുസലേമിൽ തുടരുന്നു.
പ്രത്യാശയുടെ തീർത്ഥാടകയായ മറിയം
ഈ യാത്രയിലുടനീളം, കന്യക പ്രത്യാശയുടെ ഒരു തീർത്ഥാടകയാണ്, ശക്തമായ അർത്ഥത്തിൽ അവൾ "തൻറെ മകൻറ മകളായി", അവൻറെ പ്രഥമ ശിഷ്യയായി മാറുന്നു. നരകുലത്തിൻറെ പ്രത്യാശയായ യേശുവിനെ മറിയം ലോകത്തിലേക്ക് കൊണ്ടുവന്നു: അവൾ അവനെ പോറ്റി, അവനെ വളർത്തി, ദൈവവചനത്താൽ ആദ്യം രൂപപ്പെടാൻ സ്വയം അനുവദിച്ചുകൊണ്ട് അവനെ അനുഗമിച്ചു. ഇക്കാര്യത്തിൽ മറിയം - ബെനഡിക്ട് പതിനാറാമൻ പറഞ്ഞതുപോലെ - "യഥാർത്ഥത്തിൽ, സ്വന്തം ഭവനത്തിലാണ്, അവൾ അതിൽ നിന്ന് പുറത്തുവരുന്നതും തിരിച്ചുകയറുന്നതും സ്വാഭാവികമായിട്ടാണ്. അവൾ ദൈവവചനത്താൽ സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്നു […]. അങ്ങനെ അവളുടെ വിചാരങ്ങൾ ദൈവത്തിൻറെ വിചാരങ്ങളുമായി ചേർന്നുനില്ക്കുന്നുവെന്നും, അവളുടെ ഇഷ്ടം ദൈവത്തിൻറെ ഇഷ്ടവുമായി ഒന്നായിരിക്കുന്നുവെന്നും വെളിപ്പെടുന്നു. മറിയം ദൈവവചനത്താൽ പൂർണ്ണമായി നിറഞ്ഞിരിക്കുന്നതിനാൽ, അവൾക്ക്, മനുഷ്യാവതാര വചനത്തിൻറെ അമ്മയാകാൻ കഴിയും" (ചാക്രികലേഖനം ദേവൂസ് കരിത്താസ് ഏസ്ത്, 41). എന്നിരുന്നാലും, ദൈവവചനവുമായുള്ള ഈ അതുല്യമായ കൂട്ടായ്മ, ശ്രമകരമായ ഒരു "പരിശീലനഘട്ടത്തിൻറെ" ബുദ്ധിമുട്ടുകളിൽ നിന്ന് അവളെ ഒഴിവാക്കുന്നില്ല.
ഭയപ്പെടുന്ന മറിയം
പന്ത്രണ്ടു വയസ്സുള്ള യേശുവിനെ ജറുസലേമിലേക്കുള്ള വാർഷിക തീർത്ഥാടന വേളയിൽ കാണാതെപോയ അനുഭവം, മകനെ തിരിച്ചുകിട്ടുന്ന വേളയിൽ ജോസഫിനു വേണ്ടിയും സംസാരിക്കത്തവിധം അത്രമാത്രം മറിയത്തെ ഭയപ്പെടുത്തുന്നു, അവൾ ഇങ്ങനെ പറയുന്നു: “മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിൻറെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. " (ലൂക്കാ 2:48). ഒരു കുഞ്ഞിനെ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദന മറിയയും ജോസഫും അനുഭവിച്ചു: യേശു ബന്ധുക്കളുടെ ഒരു യാത്രാസംഘത്തിലുണ്ടെന്ന് അവർ രണ്ടുപേരും കരുതിയിരുന്നു, പക്ഷേ ഒരു ദിവസം മുഴുവൻ അവനെ കാണാതായപ്പോൾ, അവർ അന്വേഷണം തുടങ്ങുന്നു, അങ്ങനെ അവർ തിരിച്ചുപോകുന്നു. ദേവാലയത്തിൽ മടങ്ങിയെത്തുമ്പോൾ, അവർ കാണുന്നത്, കുറച്ചു മുമ്പ് വരെ അവരുടെ കണ്ണിൽ സംരക്ഷിക്കപ്പെടേണ്ട ഒരു കുട്ടിയായിരുന്ന അവൻ ഇപ്പോൾ തിരുവെഴുത്തുകളെക്കുറിച്ചുള്ള ചർച്ചകളിൽ ഏർപ്പെടാനും നിയമജ്ഞരോടു വാദിച്ച് സ്വന്തം നിലപാട് എടുക്കാനും പ്രാപ്തനായി, ഞൊടിയിടയിൽ വളർന്നിരിക്കുന്നതായിട്ടാണ്.
കണ്ടുകിട്ടുന്ന യേശുവിൻറെ പ്രതികരണം
അമ്മയുടെ ശാസനയ്ക്കു മുന്നിൽ, യേശു പ്രതിരോധിക്കാൻ കഴിയാത്തതായ ഒരു ലാളിത്യത്തോടെ പ്രത്യുത്തരിക്കുന്നു: "നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാൻ എൻറെ പിതാവിൻറെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ.?” (ലൂക്കാ 2:49). മറിയത്തിനും ജോസഫിനും മനസ്സിലാകുന്നില്ല: ശിശുവായിത്തീർന്ന ദൈവത്തിൻറെ രഹസ്യം അവരുടെ ബുദ്ധിയ്ക്ക് അതീതമാണ്. മാതാപിതാക്കൾ ഏറ്റം അമൂല്യമായ ആ കുഞ്ഞിനെ തങ്ങളുടെ സ്നേഹത്തിൻറെ ചിറകിനടിയിൽ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു; മറിച്ച്, യേശുവാകട്ടെ, പിതാവിൻറെ ശുശ്രൂഷയിൽ മുഴുകി, അവൻറെ വചനത്തിൽ ആമഗ്നനായി ജീവിക്കുന്ന പുത്രൻ എന്ന തൻറെ വിളി ജീവിക്കാൻ ആഗ്രഹിക്കുന്നു.
യൗസേപ്പിൻറെ പിതൃത്വം
അങ്ങനെ യേശുവിൻറെ ബാല്യകാല വിവരണം ലൂക്കാ ഉപസംഹരിക്കുന്നത്, യേശുവിനെ സംബന്ധിച്ച യൗസേപ്പിൻറെ പിതൃത്വത്തെ അനുസ്മരിപ്പിക്കുന്ന മറിയത്തിൻറെ അവസാന വാക്കുകളോടെയാണ്. കൂടാതെ ഈ പിതൃത്വം സ്വർഗ്ഗസ്ഥനായ പിതാവിൽ നിന്ന് എങ്ങനെ ഉത്ഭവിക്കുന്നുവെന്ന് അംഗീകരിക്കുന്ന യേശുവിൻറെ ആദ്യ വാക്കുകളോടെയുമാണ്. സ്വർഗ്ഗീയപിതാവിൻറെ അവിതർക്കിത പ്രാഥമ്യം യേശു തിരിച്ചറിയുന്നു.
പ്രത്യാശാഭരിതരായി മുന്നേറാം
പ്രിയ സഹോദരീ സഹോദരന്മാരേ, നമ്മുടെ അനുശാസനങ്ങളിൽ ഒതുങ്ങിനിൽക്കാൻ സ്വയംഅനുവദിക്കാത്തവനും ഏതെങ്കിലും ഒരിടത്ത് എന്നതിലുപരി, ആർദ്രമായ ദിവ്യ പിതൃത്വത്തോടുള്ള സ്നേഹത്തിൻറെ പ്രതികരണമായ, പുത്രസഹജ ജീവിതമാകുന്ന പ്രതികരണത്തിൽ, തന്നെത്തന്നെ കണ്ടെത്താൻ അനുവദിക്കുന്നവനുമായ കർത്താവിൻറെ കാലടികൾ, മറിയത്തെയും ജോസഫിനെയും പോലെ പ്രത്യാശാഭരിതരായി, നമുക്കും പിൻചെല്ലാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: