ഹൃദയാന്ധകാരത്തിൽ നിന്നു വെളിച്ചത്തിലേക്കു കടക്കാൻ കഴിയും, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ശ്വാസകോശരോഗമായ ന്യുമോണിയബാധിതനായി ഫെബ്രുവരി 14 വെള്ളിയാഴ്ച മുതൽ റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പാ ബുധനാഴ്ചത്തെ പൊതുദർശനം, ഞായറാഴ്ചത്തെ മദ്ധ്യാഹ്ന പ്രാർത്ഥന എന്നിവയുൾപ്പടെയുള്ള പരിപാടികളെല്ലാം തല്ക്കാലം റദ്ദാക്കിയിരിക്കയാണല്ലോ. എന്നിരുന്നാലും പാപ്പായുടെ ത്രികാലജപസന്ദേശവും പ്രതിവാരപൊതുകൂടിക്കാഴ്ച പ്രഭാഷണവും പരിശുദ്ധസിംഹാസനം പരസ്യപ്പെടുത്താറുണ്ട്. ജൂബിലി വത്സരാചരണത്തോടനുബന്ധിച്ച്, പൊതുകൂടിക്കാഴ്ചാവേളയിൽ, പാപ്പാ, നമ്മുടെ പ്രത്യാശയായ യേശുവിനെ അധികരിച്ച് ആരംഭിച്ചിരിക്കുന്ന പ്രബോധനപരമ്പരയിൽ, യേശുവിൻറെ ബാല്യകാലത്തെക്കുറിച്ചുള്ള പരിചിന്തനം സമാപിച്ചതിനെ തുടർന്ന് ഈ പരമ്പരയുടെ രണ്ടാംഘട്ടത്തിന് ഈയാഴ്ച തുടക്കംകുറിച്ചു. “യേശുവിൻറെ ജീവിതം. കൂടിക്കാഴ്ചകൾ” എന്ന ശീർഷകമാണ് പാപ്പാ ഇതിനു നല്കിയിരിക്കുന്നത്. ഇതിൽ ആദ്യത്തേതായി, വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾദിനമായ മാർച്ച് 19-ാം തീയതി ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചയ്ക്കു വേണ്ടി തയ്യാറാക്കിയ പ്രഭാഷണത്തിൽ, പാപ്പാ, പരിചിന്തനവിഷയമാക്കിയിരിക്കുന്നത് യേശുവും നിക്കോദേമോസുമായുള്ള കൂടിക്കാഴ്ചയാണ്. സുവിശേഷകൻ യോഹന്നാൻ ഈ കൂടിക്കാഴ്ച അവതരിപ്പിക്കുന്നത് ഈ വാക്കുകളിലാണ്:
“ഫരിസേയരിൽ നക്കൊദേമോസ് എന്നു പേരായ ഒരു യുഹൂദപ്രമാണിയുണ്ടായിരുന്നു. അവൻ രാത്രി യേശുവിൻറെ അടുത്തു വന്നു പറഞ്ഞു: റബ്ബീ, അങ്ങ് ദൈവത്തിൽനിന്നു വന്ന ഒരു ഗുരുവാണെന്ന് ഞങ്ങൾ അറിയുന്നു. ദൈവം കൂടെയില്ലെങ്കിൽ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങൾ പ്രവർത്തിക്കാൻ കഴിയുകയില്ല. യേശു പറഞ്ഞു: സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കിൽ ഒരുവനും ദൈവരാജ്യം കാണാൻ കഴിയുകയില്ല” യോഹന്നാൻറെ സുവിശേഷം 3,1-3
യേശുവും നിക്കൊദേമോസുമായുള്ള ഈ കൂടിക്കാഴ്ച വിശകലനം ചെയ്തുകൊണ്ട് പാപ്പാ തൻറെ വിചിന്തനത്തിൽ ഇപ്രകാരം പറയുന്നു:
ജീവിതത്തിൽ കൂടിക്കാഴ്ചകളുടെ പ്രസക്തി
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!
യേശു പ്രത്യാശ പ്രദാനംചെയ്യുന്ന രീതി ഗ്രഹിക്കുന്നതിനായി, നമ്മൾ, സുവിശേഷങ്ങളിൽ വിവരിക്കപ്പെട്ടിരിക്കുന്ന ചില കണ്ടുമുട്ടലുകളെക്കുറിച്ച് ഈ പ്രബോധനത്തിലൂടെ മനനം ചെയ്യാൻ തുടങ്ങുകയാണ്. തീർച്ചയായും, ജീവിതത്തെ പ്രകാശിപ്പിക്കുകയും പ്രത്യാശ പകരുകയും ചെയ്യുന്ന സമാഗമങ്ങളുണ്ട്. ഉദാഹരണത്തിന്, നമ്മളനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടോ പ്രശ്നമോ വ്യത്യസ്തമായ ഒരു വീക്ഷണകോണിൽ നിന്ന് കാണാൻ ആരെങ്കിലും നമ്മെ സഹായിച്ചെന്നിരിക്കാം; അല്ലെങ്കിൽ നമ്മൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന വ്യഥയിൽ തനിച്ചാണെന്ന പ്രതീതിയുണ്ടാകാതിരിക്കാൻ സഹായിക്കുന്ന കേവലം ഒരു വാക്ക് ആരെങ്കിലും പറഞ്ഞേക്കാം. ചിലപ്പോഴൊക്കെ ഒന്നും ഉരിയാടത്തതായ നിശബ്ദ കൂടിക്കാഴ്ചകളും ഉണ്ടാകാം, എന്നിരുന്നാലും ആ നിമിഷങ്ങൾ നമ്മെ വീണ്ടും യാത്ര പുനരാരംഭിക്കാൻ സഹായിക്കുന്നു.
യേശുവും നിക്കൊദേമോസും
നമ്മൾ പരിചിന്തനപാത്രമാക്കാൻ ആഗ്രഹിക്കുന്ന ആദ്യ കൂടിക്കാഴ്ച, യോഹന്നാൻറെ സുവിശേഷത്തിൽ, മൂന്നാം അദ്ധ്യായത്തിൽ വിവരിച്ചിരിക്കുന്ന യേശുവും നിക്കോദേമോസുമായുള്ളതാണ്. ഈ സംഭവത്തിൽ നിന്നാണ് ഞാൻ തുടങ്ങുന്നത്, കാരണം അന്ധകാരത്തിൽ നിന്ന് പുറത്തുവരാനും ക്രിസ്തുവിനെ അനുഗമിക്കാനുള്ള ധൈര്യം കണ്ടെത്താനും കഴിയുമെന്ന് നിക്കോദേമോസ് സ്വന്തം കഥയിലൂടെ തെളിയിക്കുന്നു.
കൂടിക്കാഴ്ചയുടെ അസാധാരണ സമയം
നിക്കോദേമോസ് രാത്രിയിലാണ് യേശുവിൻറെ അടുക്കൽ പോകുന്നത്: ഒരു കൂടിക്കാഴ്ചയ്ക്കുള്ള അസാധാരണമായ ഒരു സമയം. യോഹന്നാൻറെ ശൈലിയിൽ, സമയസംബന്ധമായ പരാമർശങ്ങൾക്ക് പലപ്പോഴും പ്രതീകാത്മക മൂല്യമുണ്ട്: ഇവിടെ ഇരുൾ നിക്കോദേമോസിൻറെ ഹൃദയത്തിലുള്ളതായിരിക്കാം. നമ്മുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് മനസ്സിലാകാതിരിക്കുകയും, പിന്തുടരേണ്ട പാത വ്യക്തമായി കാണാതിരിക്കുകയും ചെയ്യുമ്പോൾ നാം അനുഭവിക്കാറുള്ള ആ സംശയങ്ങളുടെ അന്ധകാരത്തിൽ ആയിപ്പോകുന്ന ഒരു മനുഷ്യനാണ് അദ്ദേഹം.
വെളിച്ചം തേടാൻ
നീ ഇരുട്ടിലാണെങ്കിൽ, നീ തീർച്ചയായും വെളിച്ചം അന്വേഷിക്കും. യോഹന്നാൻ തൻറെ സുവിശേഷത്തിൻറെ തുടക്കത്തിൽ ഇങ്ങനെ കുറിക്കുന്നു: "എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർത്ഥ വെളിച്ചം ലോകത്തിലേക്ക് വരുന്നുണ്ടയിരുന്നു" (1:9). തന്‍റെ ഹൃദയത്തിന്‍റെ ഇരുട്ടിൽ പ്രകാശം പരത്താന്‍ യേശുവിന് കഴിയുമെന്ന് നിക്കോദേമോസ് മനസ്സിലാക്കിയതിനാല്‍ അവന്‍ അവനെ അന്വേഷിക്കുന്നു.
മാനുഷിക യുക്തി വചനം ഗ്രഹിക്കാൻ വിഘാതം
എന്നിരുന്നാലും, യേശു അവനോട് പറയുന്നതെന്തെന്ന് മനസ്സിലാക്കാൻ നിക്കോദേമോസിന് പെട്ടെന്ന് കഴിയുന്നില്ലെന്ന് സുവിശേഷം നമ്മോട് പറയുന്നു. അതിനാൽ ഈ സംഭാഷണത്തിൽ ധാരാളം തെറ്റിദ്ധാരണകളും സുവിശേഷകനായ യോഹന്നാൻറെ സവിശേഷതയായ ധാരാളം വിരോധാഭാസങ്ങളും ഉണ്ടെന്ന് നമുക്ക് കാണാൻ കഴിയും. യേശു എന്താണ് പറയുന്നതെന്ന് നിക്കോദേമോസിന് മനസ്സിലാകുന്നില്ല, കാരണം അവൻ സ്വന്തം യുക്തിയും സ്വന്തമായ തരംതിരിവുകളും അടിസ്ഥാനമാക്കി ചിന്തിക്കുന്നത് തുടരുന്നു. അദ്ദേഹം സുവ്യക്ത വ്യക്തിത്വമുള്ള ഒരാളാണ്, ഒരു പൊതുസ്ഥാനമുള്ളയാളാണ്, യഹൂദനേതാക്കളിൽ ഒരാളാണ്. എന്നാൽ, കണക്കുകൂട്ടലുകൾ ഒത്തുവരുന്നില്ലായിരിക്കാം. തൻറെ ജീവിതത്തിൽ എന്തോ പന്തികേടുണ്ടെന്ന് നിക്കോദേമോസിന് തോന്നുന്നു. മാറ്റം ആവശ്യമാണെന്ന തോന്നൽ അയാൾക്കുണ്ടാകുന്നു, എന്നാൽ, എവിടെ തുടങ്ങണമെന്ന് അവനറിയില്ല.
മാറ്റം അംഗീകരിക്കാനുള്ള ധൈര്യം ആവശ്യം
ജീവിതത്തിലെ ഏതെങ്കിലും ചില ഘട്ടങ്ങളിൽ നമുക്കെല്ലാവർക്കും ഇത് സംഭവിക്കാറുണ്ട്. നമ്മൾ മാറ്റം അംഗീകരിക്കുന്നില്ലെങ്കിൽ, നമ്മുടെ കാർക്കശ്യത്തിൽ, അല്ലെങ്കിൽ, നമ്മുടെ ശീലങ്ങളിലോ, ചിന്താരീതികളിലോ സ്വയം അടച്ചുപൂട്ടുകയാണെങ്കിൽ, നാം മരണമടയാനുള്ള സാദ്ധ്യതയുണ്ട്. സ്നേഹിക്കാനുള്ള ഒരു പുതിയ വഴി കണ്ടെത്തുന്നതിനായി ജീവിതം പരിവർത്തനം ചെയ്യാനുള്ള കഴിവിലാണ് ജീവൻ അടങ്ങിയിരിക്കുന്നത്. വാസ്തവത്തിൽ, യേശു നിക്കോദേമോസിനോട് ഒരു പുതിയ ജനനത്തെക്കുറിച്ച് സംസാരിക്കുന്നു, അത് സാദ്ധ്യമാണെന്ന് മാത്രമല്ല, നമ്മുടെ യാത്രയിലെ ചില നിമിഷങ്ങളിൽ അത്യാവശ്യവുമാണ്. സത്യം പറഞ്ഞാൽ, ഉപയോഗിച്ചിരിക്കുന്ന പ്രയോഗം തന്നെ അവ്യക്തമാണ്, കാരണം അനോതെൻ (ἄνωθεν) എന്നപദം "ഉന്നതത്തിൽ നിന്ന്" എന്നും "വീണ്ടും" എന്നും വിവർത്തനം ചെയ്യാൻ കഴിയും. ഈ രണ്ട് അർത്ഥങ്ങളും കൈകോർത്തു പോകുന്നുവെന്ന് നിക്കോദേമോസ് ക്രമേണ മനസ്സിലാക്കും: നമ്മിൽ ഒരു പുതിയ ജീവൻ സൃഷ്ടിക്കാൻ പരിശുദ്ധാത്മാവിനെ നാം അനുവദിച്ചാൽ, നമ്മൾ വീണ്ടും ജനിക്കും. നമ്മിൽ അണഞ്ഞുകൊണ്ടിരിക്കുന്ന ആ ജീവൻ വീണ്ടും നമ്മൾ കണ്ടെത്തും.
മാറ്റം സാദ്ധ്യമാണെന്ന് തെളിയിച്ച നിക്കൊദേമോസ്
നിക്കോദേമോസിൽ നിന്നുതന്നെ തുടങ്ങാൻ ഞാൻ തീരുമാനിച്ചതിനു കാരണം, ഈ മാറ്റം സാദ്ധ്യമാണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ഒരു മനുഷ്യനാണ് അദ്ദേഹം. നിക്കോദേമോസിന് അത് സാധിക്കും: അവസാനം, യേശുവിന്‍റെ ശരീരം ചോദിക്കാൻ പീലാത്തോസിന്‍റെ അടുക്കൽ പോകുന്നവരിൽ അവനുമുണ്ടായിരിക്കും (യോഹന്നാൻ 19:39 കാണുക)! നിക്കോദേമോസ് ഒടുവിൽ വെളിച്ചത്തിലായി, അവൻ പുനർജനിച്ചു, ഇനി അവന് ഇരുളിൽ കഴിയേണ്ടതില്ല.
മാറ്റം നമ്മെ ഭയപ്പെടുത്തുന്നുണ്ടോ?
മാറ്റം ചിലപ്പോൾ നമ്മെ ഭയപ്പെടുത്തുന്നു. ഒരു വശത്ത് അവ നമ്മെ ആകർഷിക്കുന്നു, ചിലപ്പോൾ നാം അവ ആഗ്രഹിക്കുന്നു, എന്നാൽ മറുവശത്ത്, നമ്മുടെ സുഖസൗകര്യങ്ങളിൽ തുടരാൻ നാം ഇഷ്ടപ്പെടുന്നു. ആകയാൽ ഈ ഭീതികളെ നേരിടാൻ ആത്മാവ് നമുക്ക് പ്രചോദനം പകരുന്നു. മരുഭൂമിയിലൂടെ നടക്കുമ്പോൾ ഇസ്രായേല്യരും പേടിച്ചിരുന്നുവെന്ന് യേശു, ഇസ്രായേലിലെ ഒരു പ്രമാണിയുമായിരുന്ന, നിക്കൊദേമോസിനെ ഓർമ്മിപ്പിക്കുന്നു. ആ ഭയം, ഒരു പ്രത്യേക ഘട്ടത്തിൽ, വിഷപ്പാമ്പുകളുടെ രൂപമെടുക്കത്തക്കവിധത്തിൽ (സംഖ്യ 21:4-9 കാണുക) അവർ അവരുടെ ഉത്കണ്ഠകളിൽ ആമഗ്നരായിരുന്നു. അവയിൽ നിന്നു മോചിതരാകണമെങ്കിൽ അവർ, മോശ ഒരു വടിയിൽ ഉയർത്തിയ പിച്ചള സർപ്പത്തെ നോക്കണമായിരുന്നു; അതായത്, അവരുടെ ഭയത്തെ പ്രതിനിധീകരിക്കുന്ന വസ്തുവിൻറെ മുമ്പിൽ അവർ മുകളിലേക്ക് നോക്കി നിൽക്കണമായിരുന്നു. നമ്മെ ഭയപ്പെടുത്തുന്നതിനെ അഭിമുഖീകരിച്ചുകൊണ്ടു മത്രമേ നമുക്ക് മോചനം നേടാൻ കഴിയൂ.
യേശുവിനെ നോക്കുക-പ്രത്യാശ കണ്ടെത്തുക
നമ്മുടെ സകല ഭയങ്ങളുടെയും മൂലകാരണമായ മരണത്തെ പരാജയപ്പെടുത്തിയവനെ, ക്രൂശിതരൂപത്തെ, നമ്മളെപ്പോലെതന്നെ. നിക്കൊദേമോസിനും നോക്കാൻ കഴിയും. അവർ കുത്തിയവനെ നമുക്ക് നോക്കാം, യേശുവുമായി കണ്ടുമുട്ടുന്നതിന് നമുക്ക് നമ്മെത്തന്നെ അനുവദിക്കാം. നമ്മുടെ ജീവിതത്തിലെ മാറ്റങ്ങളെ നേരിടാനും വീണ്ടും ജനിക്കാനുമുള്ള പ്രത്യാശ അവനിൽ നാം കണ്ടെത്തുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: