പാപ്പാ,ആശീർവ്വാദമേകാൻ ഞായറാഴ്ച ആശുപത്രിജാലകത്തിങ്കൽ പ്രത്യക്ഷനാകാൻ ഉദ്ദേശിക്കുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ശ്വാസകോശസംബന്ധമായ രോഗം മൂലം ഒരു മാസത്തിലേറെയായി റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12 മണികഴിയുമ്പോൾ ആശീർവ്വാദം നല്കുന്നതിനായി ആശുപത്രിയുടെ ജാലകത്തിങ്കൽ പ്രത്യക്ഷപ്പെടാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയം, അഥവാ, പ്രസ്സ് ഓഫീസ് മാർച്ച് 22-ന് ശനിയാഴ്ച വെളിപ്പെടുത്തി.
പാപ്പായ്ക്കുണ്ടായിട്ടുള്ള ശ്വസന-ചലനപരങ്ങളായ നേരിയ പുരോഗതികളിൽ തുടർച്ചയുണ്ടെന്ന് വാർത്താ കാര്യാലയം, മാർച്ച് 21-ന് (21/03/25) വെള്ളിയാഴ്ച രാത്രി അറിയിച്ചിരുന്നു. പാപ്പായുടെ ആരോഗ്യസ്ഥിതി സ്ഥായിയാണെന്നും വാർത്താകാര്യാലയം അന്നു വെളിപ്പെടുത്തി. രാത്രിയിൽ ശ്വസനത്തിന് യന്ത്രസഹായം (മെക്കാനിക്കൽ വെൻറിലേഷൻ) ഉപയോഗപ്പെടുത്തുന്നില്ലെയെന്നും എന്നാൽ അതിനു പകരം നാസാരന്ധ്രങ്ങളിലേക്ക് കുഴലുകളിലൂടെ ഉയർന്ന പ്രവാഹത്തോതിൽ ഓക്സിജൻ നല്കുന്നുണ്ടെന്നും പകൽ സമയത്ത് ഇത് കുറച്ചുമാത്രമാണ് ഉപയോഗിക്കുന്നതെന്നും ഈ കാര്യാലയം വ്യക്തമാക്കി.
പാപ്പായ്ക്ക് എന്ന് ആശുപത്രി വിടാൻ കഴിയുമെന്ന് ഭിഷഗ്വരന്മാർ ഇതുവരെ സൂചന നൽകിയിട്ടില്ലെന്നും, ചികിത്സ, പ്രാർത്ഥന, ചെറുജോലികൾ എന്നിവയാണ് പാപ്പായുടെ ദിനചര്യയെന്നും അതുപോലെ, കഴിഞ്ഞു പോയ ഞായാറാഴ്ചകളിലെ രീതിയിൽ തന്നെ ആയിരിക്കും ഈ ഞായറാഴ്ചത്തെയും മദ്ധ്യാഹ്നപ്രാർത്ഥനയെന്നും പരിശുദ്ധസിംഹാസനത്തിൻറെ വാർത്താകാര്യലയം വെളിപ്പെടുത്തി. ആശുപത്രിയിലായതിനു ശേഷം പാപ്പാ ഞായറാഴ്ചകളിൽ പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചിട്ടില്ല, എന്നാൽ പാപ്പായുടെ ഹ്രസ്വ ത്രികാലജപസന്ദേശം പരിശുദ്ധസിംഹാസനം പരസ്യപ്പെടുത്താറുണ്ട്.
ശ്വാസനാള വീക്കത്തെത്തുടർന്നാണ് പാപ്പാ, ഫെബ്രുവരി 14-ന്, റോമിലെ ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. പീന്നീട് നടത്തിയ പരിശോധനകളിലാണ് പാപ്പായുടെ ഇരുശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചിരിക്കുന്നവെന്ന് കണ്ടെത്തിയത്. പാപ്പായുടെ സുഖപ്രാപ്തിക്കായുള്ള പ്രാർത്ഥനകൾ വത്തിക്കാനിലും ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലും നടക്കുന്നു. പാപ്പായ്ക്കു വേണ്ടി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ എല്ലാദിവസവും രാത്രി നടത്തിവരുന്ന പ്രത്യേക കൊന്തനമ്സകാരം, ചില സമയമാറ്റത്തോടെ, തുടരുന്നു. ഫെബ്രുവരി 24 മുതൽ മാർച്ച് 8 വരെ റോമിലെ സമയം രാത്രി 9 മണിക്കും മാർച്ച് 9 മുതൽ 13 വരെ വെകുന്നേരം 6 മണിക്കും ആയിരുന്നു. മാർച്ച് 14 മുതൽ കൊന്തനസ്കാരം വൈകുന്നേരം 7.30-നാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: