പാപ്പായുടെ ആരോഗ്യപുനരാർജ്ജന പ്രക്രിയ മന്ദഗതിയിൽ തുടരുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ശ്വാസകോശസംബന്ധമായ രോഗം മൂലം റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പായുടെ ആരോഗ്യം വീണ്ടെടുക്കൽ പ്രക്രിയ മന്ദഗതിയിലാണെന്നും ഉണ്ടായിട്ടുള്ള പുരോഗതികൾ സുദൃഢീകരിക്കപ്പടുന്നതിന് സമയം ആവശ്യമാണെന്നും പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയം, അഥവാ, പ്രസ്സ് ഓഫീസ് പതിനാലാം തീയതി (14/03/25) വെള്ളിയാഴ്ച രാത്രി അറിയിച്ചു.
പാപ്പായുടെ ആരോഗ്യനില സുസ്ഥിരമായി തുടരുന്നുവെന്നു കരുതുന്നതിനാൽ വെള്ളിയാഴ്ച ഭിഷഗ്വരന്മാർ ഔദ്യോഗിക വിജ്ഞാപനം, അഥവാ, ബുള്ളറ്റിൻ, പുറപ്പെടുവിച്ചില്ലെന്നും അതു പോലെ തന്നെ, പാപ്പാ രാത്രി എങ്ങനെ ചെലവഴിച്ചു എന്നതിനെക്കുറിച്ച് രാവിലെ പുറപ്പെടുവിക്കുന്ന അറിയിപ്പ് ഇനി ഉണ്ടാകില്ലെന്നും എന്നാൽ പാപ്പായുടെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള ഹ്രസ്വ സായാഹ്നക്കുറിപ്പുണ്ടാകുമെന്നും വത്തിക്കാൻ വാർത്താകാര്യാലയം വെളിപ്പെടുത്തി.
ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിനു വേണ്ട വ്യായാമ ചികിത്സകൾ പാപ്പാ വെള്ളിയാഴ്ചയും തുടർന്നുവെന്നും അന്ന് ഉച്ചതിരിഞ്ഞ് പാപ്പാ പ്രാർത്ഥനയ്ക്കായി നീക്കിവച്ചുവെന്നും അറിയിപ്പിൽ കാണുന്നു.
ശ്വാസനാള വീക്കത്തെത്തുടർന്ന് പാപ്പാ, ഫെബ്രുവരി 14-ന്, റോമിലെ ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും പീന്നീട് ഇരുശ്വാസകോശങ്ങളിലും ബ്രോങ്കൈറ്റിസ് ബാധിതനാണെന്ന് കണ്ടെത്തുകയുമായിരുന്നു.
പാപ്പായുടെ സുഖപ്രാപ്തിക്കായുള്ള പ്രാർത്ഥനകൾ വത്തിക്കാനിലും ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലും നടക്കുന്നു. പാപ്പായ്ക്കു വേണ്ടി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ എല്ലാദിവസവും രാത്രി നടത്തിവരുന്ന പ്രത്യേക കൊന്തനമ്സകാരം, ചില സമയമാറ്റത്തോടെ, തുടരുന്നു. ഫെബ്രുവരി 24 മുതൽ മാർച്ച് 8 വരെ റോമിലെ സമയം രാത്രി 9 മണിക്കും മാർച്ച് 9 മുതൽ 13 വരെ വെകുന്നേരം 6 മണിക്കും ആയിരുന്നു. 14 മുതൽ കൊന്തനസ്കാരം വൈകുന്നേരം 7.30-നാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: