പാപ്പാ:സ്നേഹം ഒന്നിപ്പിക്കുകയും ഒരുമിച്ചുവളർത്തുകയും ചെയ്യുന്നു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഒന്നിപ്പിക്കുകയും ഒരുമിച്ചുവളരാൻ പ്രേരിപ്പിക്കുകയും ചെയ്യുകയെന്നത് സ്നേഹത്തിൻറെ സവിശേഷതയാണെന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
പ്രത്യാശയുടെ ജൂബിലിവത്സരാചരണത്തോടനുബന്ധിച്ച്, ഇറ്റലിയിലെ നാപ്പൊളി അതിരൂപത റോമിലേക്കു നടത്തിയ ജൂബിലി തീർത്ഥാടനനവേളയിൽ ശനിയാഴ്ച (22/03/25) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ പ്രസ്തുത അതിരൂപതയുടെ ആർച്ചുബിഷപ്പ് കർദ്ദിനാൾ ദൊമേനിക്കൊ ബത്താല്ല്യയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ, അദ്ദേഹംതന്നെ വായിച്ച, റോമിലെ ജെമേല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന, ഫ്രാൻസീസ് പാപ്പായുടെ സന്ദേശത്തിലാണ് ഈ ഉദ്ബോധനമുള്ളത്.
ഇറ്റലിയിലെ അൽബാനൊ, കസ്തെല്ലനേത്ത, ഫ്രസ്കാത്തി, ത്രാനി-ബർല്ലേത്ത, ബൊളോഞ്ഞ, കൂനെയൊ-ഫൊസ്സാനൊ, ചെസേന-സർസീന, അമാൽഫി-കാവ തുടങ്ങിയ രൂപത-അതിരൂപതകളും ശനിയാഴ്ച ജൂബിലി തീർത്ഥാടനം നടത്തിയതിനാൽ പ്രസ്തുത രൂപതകളിൽ നിന്നുള്ള തീർത്ഥാടകരും ഈ ദിവ്യബലിയിൽ പങ്കെടുത്തിരുന്നു.
ആകയാൽ ഈ രൂപതാ ജൂബിലി തീർത്ഥാടനം നടത്തുന്ന എല്ലാ മെത്രാന്മാരെയും വിശ്വാസികളെയും അഭിവാദ്യം ചെയ്യുന്ന പാപ്പാ, തങ്ങളുടെ ഇടയന്മാരെയും റോമിൻറെ മെത്രാനെയും വലയംചെയ്ത് നില്ക്കുന്ന ഒരു സമൂഹമായി വിശ്വാസികളെ ഒന്നിച്ചുകൂട്ടുന്ന ഐക്യത്തിൻറെ ആവിഷ്കാരമാണ് ഈ തീർത്ഥാടനമെന്ന് സന്ദേശത്തിൽ കുറിക്കുന്നു. "ഇടുങ്ങിയ വാതിലിലൂടെ" പ്രവേശിക്കാനുള്ള യേശുവിൻറെ ക്ഷണം സ്വീകരിക്കാനുള്ള പ്രതിബദ്ധതയും ഇതിൽ പ്രകടമാണെന്ന് പാപ്പാ കൂട്ടിച്ചേർക്കുന്നു. ഇക്കാരണത്താൽ, വ്യത്യസ്ത വഴികളിലൂടെയാണെങ്കിലും യേശു അവരെ എല്ലാവരെയും പത്രോസിൻറെ ശവകുടീരത്തിൽ ഒരുമിച്ച് കൊണ്ടുവന്നിരിക്കുന്നുവെന്നും അവിടെ നിന്ന് അവർക്ക് വിശ്വാസത്തിൽ കൂടുതൽ ശക്തരായും സ്നേഹത്തിൽ കൂടുതൽ ഐക്യപ്പെട്ടും യാത്ര പുനരാരംഭിക്കാൻ കഴിയുമെന്നും പാപ്പാ പറയുന്നു.
ഈ ദിവസങ്ങളിൽ എല്ലാവരും തന്നോടു പ്രകടിപ്പിച്ച സാമീപ്യം, വിശിഷ്യ പ്രാർത്ഥനാ സഹായം, താൻ അനുഭവിച്ചറിഞ്ഞുവെന്നും ആകയാൽ, ഒരു സഭ എന്ന നിലയിൽ എല്ലാവരും തന്നോടും പരസ്പരവും കർത്താവായ യേശുവിൽ ഐക്യപ്പെട്ടിരിക്കുന്നതിൽ തനിക്കുള്ള വലിയ സന്തോഷം, തനിക്ക് ശാരീരികമായി സന്നിഹിതനാകാൻ കഴിയില്ലെങ്കിലും, അവരെ എല്ലാവരെയും അറിയിക്കുന്നുവെന്നും പാപ്പാ കുറിക്കുന്നു. തീർത്ഥാടകർക്കെല്ലാവർക്കും പാപ്പാ തൻറെ പ്രാർത്ഥന ഉറപ്പുനല്കുകയും തനിക്കുള്ള അവരുടെ പ്രാർത്ഥനാസഹായം തുടരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: