ഒരു ശിശുവോ ദുർബ്ബലനോ സുരക്ഷിതനെങ്കിൽ, അവിടെ ക്രിസ്തു സേവിക്കപ്പെടുന്നു, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഒരു കുട്ടിയോ ദുർബ്ബലനായ വ്യക്തിയോ എവിടെ സുരക്ഷിതനാണോ അവിടെ ക്രിസ്തു ശുശ്രൂഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുവെന്ന് പാപ്പാ.
പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ സമതിയുടെ മാർച്ച് 24-28 വരെ നടക്കുന്ന സമ്പൂർണ്ണസമ്മേളനത്തിന് അയച്ച തൻറെ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രസ്താവനയുള്ളത്.
ഈ സമതിനടത്തുന്ന പ്രവർത്തനങ്ങൾ പ്രാദേശികസഭകൾക്കും സന്ന്യസ്തസമൂഹങ്ങൾക്കും ജീവവായുവാണെന്ന് വിശേഷിപ്പിച്ച പാപ്പാ അടിയന്തരാവസ്ഥകളുണ്ടാകുമ്പോൾ വിരിക്കേണ്ട ഒരു പുതപ്പല്ല കുട്ടികളുടെ ദുരുപയോഗം തടയൽ പ്രവർത്തനമെന്നും മറിച്ച്, സുവിശേഷത്തോട് വിശ്വസ്തത പുലർത്തുന്ന സമൂഹങ്ങളെ കെട്ടിപ്പടുക്കുന്നതിനുള്ള അടിത്തറകളിൽ ഒന്നാണതെന്നും ഉദ്ബോധിക്കുകയും അവരോട് തൻറെ നന്ദി അറിയിക്കുകയും ചെയ്യുന്നു.
പ്രായോഗികമാക്കേണ്ട പ്രവർത്തനചട്ടങ്ങളിൽ ഒതുങ്ങിനില്ക്കുന്നതല്ല അവരുടെ ജോലിയെന്നും പ്രത്യുത, സംരക്ഷണ നടപടികൾക്ക് പ്രചോദനം പകരുന്നുവെന്നും പാപ്പാ അവരുടെ പ്രവർത്തന ശൈലികൾ ഉദാഹരിച്ചുകൊണ്ട് വിശദീകരിക്കുന്നു. ഏറ്റവും വിദൂര സമൂഹങ്ങളിൽ പോലും പ്രതിരോധ നടപടികൾ പ്രാവർത്തികമാക്കുമ്പോൾ, അവർ ഓരോ കുട്ടിയും, ഓരോ ദുർബ്ബല വ്യക്തിയും, സഭാ സമൂഹത്തിൽ സുരക്ഷിതമായ ഒരു അന്തരീക്ഷം കണ്ടെത്തുമെന്ന് ഉറപ്പാക്കുകയാണെന്ന് പാപ്പാ ശ്ലാഘിക്കുന്നു. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ സമിതി ഇക്കഴിഞ്ഞ ദശകത്തിനുള്ളിൽ സഭയിൽ ഒരു സുരക്ഷാ ജാലം തീർത്തിട്ടുണ്ടെന്ന് അനുസ്മരിക്കുന്ന പാപ്പാ മുന്നേറാനും ലോകം ഉറങ്ങുമ്പോൾ ഉണർന്നിരിക്കുന്ന കാവൽക്കാരായി തുടരാനും പ്രചോദനം പകരുന്നു.
പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ സമതിയോടു പാപ്പാ മൂന്നു കാര്യങ്ങൾ തൻറെ സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. റോമൻ കൂരിയായിലെ വിഭാഗങ്ങളുമായുള്ള (ഡിക്കാസ്റ്ററികൾ) പൊതുവായ പ്രവർത്തനം വർദ്ധമാനമാക്കുക, ഇരകളെയും അതിജീവിച്ചവരെയും, നല്ല സമരിയാക്കാരൻറെ, ശൈലിയിൽ, സ്വീകരിക്കുകയും അവരുടെ ആത്മാവിനേറ്റ മുറിവുകൾക്ക് പരിചരണനൽകുകയും, രേഖപ്പെടുത്തുന്നതിനുള്ള രേഖാഗ്രന്ഥം ഓരോ സാക്ഷ്യവും കണ്ടെത്തുന്നതിനു പകരം വീണ്ടും ജനിക്കാൻ ആവശ്യമായ കാരുണ്യത്തിൻറെ ഉദരം കണ്ടെത്താൻ കഴിയുന്നതിനായി അവരെ ഹൃദയത്തിൻറെ കാതുകൾ കൊണ്ട് കേൾക്കുകയും ചെയ്യുക, സംരക്ഷണം എന്നത് ഒരു സാർവ്വത്രിക ശൈലിയായി ഭവിക്കുന്നതിന്, സഭേതര സ്ഥാപനങ്ങളുമായി, അതായത്, പൗരാധികാരികൾ, വിദഗ്ദ്ധർ, സംഘനകൾ എന്നിവയുമായി സഖ്യമുണ്ടാക്കുക എന്നിവയാണ് പാപ്പാ ആവശ്യപ്പെടുന്ന ത്രിവിധ കാര്യങ്ങൾ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: