പാപ്പായുടെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടുവെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്സിന്‍റെ പ്രതികരണം
ഒക്ടോബര്‍ 26, തിങ്കളാഴ്ച മുമ്പൈയിലുള്ള തന്‍റെ അതിരൂപതാ ഓഫീസില്‍നിന്നും പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് റോമാ ഫിലിം ഫെസ്റ്റിവെലില്‍ ഈയിടെ പ്രദര്‍ശിപ്പിക്കപ്പെട്ട ഡോക്യുമെന്‍ററി ചിത്രത്തിലെ അഭിമുഖത്തില്‍ പാപ്പാ സ്വവര്‍ഗ്ഗാനുരാഗികളെക്കുറിച്ചു പറഞ്ഞകാര്യങ്ങള്‍ വളരെ ഖേദകരമായ വിധത്തില്‍ ചില വ്യക്തികളും മാധ്യമങ്ങളും വളച്ചൊടിക്കുകയും, സാധാരണ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തത് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ചൂണ്ടിക്കാട്ടി. ഡോക്യുമെന്‍ററി ചിത്രത്തില്‍ നാലുവര്‍ഷങ്ങള്‍ക്കു മുന്‍പ് പാപ്പാ പറഞ്ഞകാര്യങ്ങളെ സംബന്ധിച്ച വിവാദങ്ങളോട് വത്തിക്കാന്‍ പ്രതികരിക്കാതിരുന്നപ്പോള്‍, ഇന്ത്യയിലെ മാധ്യമങ്ങളില്‍ ഉയര്‍ന്ന വൈവിധ്യമാര്‍ന്ന പ്രതികരണങ്ങള്‍ കണ്ട് മനംനൊന്താണ് സഭാ ഭരണകാര്യങ്ങളില്‍ പാപ്പായുടെ ഉപദേശകസമിതി അംഗവും മുമ്പൈ അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമായ മറുപടി നല്കിയത്.
2. അന്തസ്സും അവകാശങ്ങളും മാനിക്കപ്പെടണം
സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് തങ്ങളുടെ കുടുംബത്തിലും സമൂഹത്തിലും അവരുടേതായ അന്തസ്സും അവകാശങ്ങളുമുണ്ടെന്ന് 2016-ല്‍ പാപ്പാ ഒരു അഭിമുഖത്തില്‍ പറഞ്ഞകാര്യമാണ് ഡോക്യുമെന്‍ററി ചിത്രത്തില്‍ കൂട്ടിച്ചേര്‍ത്തത് 2020 ഒക്ടോബറില്‍ വിവാദമാക്കിയതെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കി. “ജനിച്ച കുടുംബങ്ങളിലും സമൂഹത്തിലും സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് അവകാശമുണ്ടെന്നും, അവരുടെ ജീവിതത്തില്‍ വന്നിട്ടുള്ള ലൈംഗിക ക്രമക്കേടുമൂലം അവരെ സമൂഹവും കുടുംബവും ഭ്രഷ്ടുകല്പിക്കുന്നതിനു പകരം, അവരോട് കരുണകാട്ടുകയാണു വേണ്ടത്" എന്നാണ് പാപ്പാ ഫ്രാന്‍സിസ് അഭിമുഖത്തില്‍ പറഞ്ഞതെന്ന് കര്‍ദ്ദിനാള്‍ ഉദ്ധരിച്ചു. സ്പാനിഷ് ഭാഷയിലായിരുന്നു പാപ്പായുടെ അഭിമുഖം.
3. വിവാദങ്ങള്‍ സഭാനിയമങ്ങളെ മാറ്റിമറിക്കുന്നില്ല
“ഒരുമിച്ചു ജീവിക്കുന്ന സ്വവര്‍ഗ്ഗാനുരാഗികളുടെ കൂട്ടായ്മയ്ക്ക് (civil union) സംരക്ഷണം നല്കണ”മെന്ന് സമൂഹത്തോടും സര്‍ക്കാരിനോടും പാപ്പാ അഭ്യര്‍ത്ഥിക്കുമ്പോള്‍ വ്യക്തിപരവും സാമൂഹികവുമായ കാരണങ്ങളാല്‍, അല്ലെങ്കില്‍ ജീവിതസാഹചര്യങ്ങള്‍കൊണ്ട് സ്വവര്‍ഗ്ഗ ബന്ധങ്ങളില്‍ ജീവിക്കുന്നവരുടെ ‘സ്വവര്‍ഗ്ഗവിവാഹ’ത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു ആഗോള സഭാദ്ധ്യക്ഷന്‍ അംഗീകരിച്ചു എന്നെല്ലാം ചിലര്‍ വ്യാഖ്യാനിച്ചതാണ് തെറ്റിദ്ധാരണകള്‍ക്ക് കാരണമായതെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വിശദീകരിച്ചു. അതിനാല്‍ പാപ്പായുടെ വാക്കുകളില്‍ സ്വവര്‍ഗ്ഗാനുരാഗികളുടെ സഹവാസം വിവാഹമായി കത്തോലിക്കാ സഭ നടത്തിക്കൊടുക്കുമെന്നോ, അംഗീകരിക്കുമെന്നോ ഉള്ള ധ്വനിയൊന്നും ഇല്ലെന്ന്, സ്പാനിഷ് ഭാഷയില്‍ പറഞ്ഞകാര്യങ്ങള്‍ വിശകലനംചെയ്തുകൊണ്ട് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് സ്ഥിരപ്പെടുത്തി.
ഡോക്യുമെന്‍ററിയിലെ അഭിമുഖത്തിനു പുറമേ, ഇതിനുമുന്‍പും സ്വവര്‍ഗ്ഗബന്ധത്തില്‍ ജീവിക്കുന്നവരെക്കുറിച്ച് അനുകമ്പയോടെ പാപ്പാ പറഞ്ഞിട്ടുള്ള വാക്കുകള്‍ ഒന്നുംതന്നെ വിശുദ്ധ ഗ്രന്ഥത്തെയും സഭാപാരമ്പര്യങ്ങളെയും ആധാരമാക്കിയുളള കത്തോലിക്ക സഭയുടെ പ്രബോധനങ്ങളില്‍ മാറ്റംവരുത്തുന്നവയല്ലെന്നും മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍ വിശദമാക്കി.
4. സുവിശേഷത്തിന്‍റെ കാരുണ്യകടാക്ഷം
വ്യക്തിപരമായും മാനസികവും സാമൂഹികവുമായും പ്രതിസന്ധിയില്‍ കഴിയുന്ന ഇത്തരക്കാരായ സഹോദരീ സഹോദരന്മാരെ തന്‍റെ അജപാലന അനുഭവ സമ്പത്തില്‍ അര്‍ജന്‍റീനയില്‍വച്ചുതന്നെ അടുത്തു മനസ്സിലാക്കിയിട്ടുള്ള പാപ്പാ അവരുടെ ഇന്‍ഷൂറന്‍സ്, സാമൂഹിക സുരക്ഷ മുതലായ പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും, അവരോട് സമൂഹം കരുണ കാണിക്കണമെന്നുമാണ് ഡോക്യുമെന്‍ററിയിലെ ചെറിയ അഭിമുഖത്തില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വ്യക്തമാക്കി. ആഗോളതലത്തില്‍ അങ്ങിങ്ങായി ഏതു സമൂഹത്തിലും ഇന്നു തലപൊക്കുന്ന ഈ ലൈംഗികബന്ധത്തിന്‍റെ വീഴ്ച മാത്രമല്ല, ജീവിതചുറ്റുപാടുകളില്‍ ഇടറിപ്പോയവരെ വിധിക്കാതെ സുവിശേഷത്തില്‍ ക്രിസ്തു കാണിച്ച കാരുണ്യത്തിന്‍റെ മനോഭാവത്തില്‍ ഉള്‍ക്കൊള്ളണമെന്നാണ് പാപ്പാ ഫ്രാന്‍സിസ് പൊതുവെ വച്ചുപുലര്‍ത്തുന്ന അടിസ്ഥാന വീക്ഷണമെന്ന് പ്രസ്താവിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ വാര്‍ത്താക്കുറിപ്പ് ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: