ക്ലേശങ്ങള്‍ക്കിടയിലും പാവങ്ങളെ പിന്‍തുണയ്ക്കുന്ന ജീവിതപൂര്‍ണ്ണത
ഒരുക്കിയത്
മരിയ ഡാവിനയും ഫാദര്‍ വില്യം നെല്ലിക്കലും
1. ഒരു പുരാതന വിജ്ഞാനം
“ദരിദ്രര്‍ക്കു നിങ്ങള്‍ കൈതുറന്നു കൊടുക്കുക…” (പ്രഭാഷകന്‍ 7, 32) എന്ന ഈ പുരാതന വിജ്ഞാനം ജീവിതവഴികളില്‍ ജീവല്‍ പ്രകാശമാണ്. പഴയനിയമത്തില്‍ പ്രഭാഷകന്‍റെ ഗ്രന്ഥത്തിലെ ഈ വചനം കാലിക പ്രസക്തിയുളളതാണ്. നമ്മുടെ കണ്ണുകള്‍ സാരവത്തായ കാര്യങ്ങളില്‍ പതിപ്പിക്കുന്നതിനും നിസംഗതയുടെ അതിരുകള്‍ മറികടക്കുന്നതിനും ഈ വചനം സഹായകമാകും. ദാരിദ്ര്യം വിവിധ മുഖങ്ങളായിട്ടാണ് സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നതും, ഒരു പ്രത്യേക സാഹചര്യത്തിലേയ്ക്കു നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതും. ഈ സാഹചര്യം എന്തുതന്നെ ആയിരുന്നാലും എളിയ സഹോദരങ്ങളില്‍ തന്നെത്തന്നെ വെളിപ്പെടുത്തിയ യേശുവിനെ കണ്ടെത്തുവാനുള്ള പ്രചോദനം ഈ വചനം നമുക്കു നല്കുന്നു.
പാപ്പാ ആമുഖമായി പ്രസ്താവിക്കുന്നു പഴയ നിയമത്തിലെ പ്രഭാഷകന്‍റെ പുസ്തകം വിവരിക്കുന്നതും, ക്രിസ്തുവിനു 200 വര്‍ഷങ്ങള്‍ക്കു മുന്‍പു ജീവിച്ചിരുന്നതുമായ ഒരു താപസവര്യനെക്കുറിച്ചാണ്. ജീവന്‍റെ കാര്യങ്ങളില്‍ സകലര്‍ക്കും ഉള്‍ക്കാഴ്ചനല്കുന്ന വിജ്ഞാനം തേടിയ താപസന്‍ എന്നതാണ് അയാളുടെ പ്രത്യേകത. പിന്നെ അദ്ദേഹം ഈ ചിന്തകള്‍ വികസിപ്പിച്ചത് ഇസ്രായേല്‍ ജനത വിദേശ മേല്‍ക്കോയ്മയും മര്‍ദ്ദനങ്ങളുംകൊണ്ട് ഏറെ പീഡിപ്പിക്കപ്പെടുകയും ദാരിദ്ര്യവും ക്ലേശവും അനുഭവിക്കുകയുംചെയ്തൊരു കാലത്തായിരുന്നു.
2. ദാരിദ്ര്യത്തെക്കുറിച്ച് അറിവു നേടിയ പ്രഭാഷകന്‍
ഒരു വിശ്വാസി എന്ന നിലയിലും, തന്‍റെ പൂര്‍വ്വീകരുടെ പാരമ്പര്യങ്ങളില്‍ ഊന്നിനിന്ന വ്യക്തിയെന്ന നിലയിലും ദൈവത്തിങ്കലേയ്ക്കു തിരിയുവാനും അറിവിന്‍റെ വരദാനത്തിനായി യാചിക്കുവാനും പ്രഭാഷകന്‍ തീരുമാനിച്ചു. ദൈവം അയാളെ കേള്‍ക്കാതിരുന്നില്ല. പ്രഭാഷകന്‍റെ പുസ്തകത്താളുകളില്‍നിന്നും നമുക്കു മനസ്സിലാക്കാം, അദ്ദേഹത്തിനു കിട്ടിയ ആദ്യ അറിവ് ദാരിദ്ര്യത്തെക്കുറിച്ചായിരുന്നു. അതിനാല്‍ അയാള്‍ നിഷ്ക്കര്‍ഷിക്കുന്നത് ക്ലേശങ്ങളില്‍ നാം ദൈവത്തില്‍ വിശ്വസിക്കണമെന്നാണ്. “ആപത്തില്‍ അടിപതറരുത്. അവിടുത്തെ വിട്ടകലാതെ ചേര്‍ന്നുനില്ക്കുക. നിന്‍റെ അന്ത്യദിനങ്ങള്‍ ധന്യമായിരിക്കും. വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുക. ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളില്‍ ഒരിക്കലും ശാന്തത കൈവെടിയരുത്. എന്തെന്നാല്‍, സ്വര്‍ണ്ണം അഗ്നിയിലല്ലേ ശുദ്ധിചെയ്യപ്പെടുന്നത്. സഹനത്തിന്‍റെ തീച്ചൂളയിലാണ് ദൈവത്തിനു സ്വീകാര്യമായ മനുഷ്യര്‍ വളരുന്നത്. ദൈവത്തില്‍ ആശ്രയിക്കുക. നേരായ മാര്‍ഗ്ഗത്തില്‍ ചരിക്കുക. അവിടുന്നില്‍ പ്രത്യാശ അര്‍പ്പിക്കുക. ദൈവഭക്തരേ, അവിടുത്തെ കരുണയ്ക്കുവേണ്ടി കാത്തിരിക്കുവിന്‍, വീഴാതിരിക്കുവാന്‍ വഴി തെറ്റരുത്”. ഇത് പ്രഭാഷകന്‍റെ വാക്കുകളാണ് (പ്രഭാ. 2, 2-7).
3. ദൈവ-മനുഷ്യ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന താപസന്‍
തന്‍റെ എല്ലാ മക്കളോടും ഔദാര്യത്തോടും നീതിയോടുംകൂടി വര്‍ത്തിക്കുന്ന പ്രപഞ്ചദാതാവും, സൃഷ്ടിയെ സ്നേഹിക്കുന്നവനുമായ ദൈവവുമായുള്ള അടുത്ത ബന്ധത്തില്‍ എപ്രകാരം നീങ്ങണം എന്നു പറയുന്ന വ്യക്തമായ ഉപദേശങ്ങളുടെ അമൂല്യമായൊരു സംക്ഷേപമാണ് പ്രഭാഷകന്‍റെ ഗ്രന്ഥം. എന്നാല്‍ ദൈവവുമായുള്ള ബന്ധം വിവരിക്കുന്ന ഇടതോരാത്ത ഈ രചനയില്‍ മാനവകുലത്തെക്കുറിച്ചുള്ള വ്യക്തമായ പരിഗണനയും രചനയില്‍ ഇല്ലാതെ പോകുന്നില്ല. മറിച്ച് ഈ രചന ദൈവ-മനുഷ്യബന്ധത്തെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്യുന്നത്.
ഈ വര്‍ഷം പാവങ്ങളുടെ ദിനത്തിനുള്ള സന്ദേശമായി എടുത്തിരിക്കുന്ന പ്രഭാഷകന്‍റെ വചനഭാഗം, ദൈവ-മനുഷ്യ ബന്ധത്തിന്‍റെ കഥ വ്യക്തമാക്കുന്നു (7, 29-36). ദൈവത്തോടുള്ള പ്രാര്‍ത്ഥനയും പാവങ്ങളോടു കാണിക്കേണ്ട ഐക്യദാര്‍ഢ്യവും അവിഭക്ത ഘടകങ്ങളാണ്.
ദൈവത്തിനു സ്വീകാര്യമായൊരു ആരാധന നടത്തുന്നതിന് ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഏറ്റവും പാവപ്പെട്ടവരും പരിത്യക്തരുമായ ഒരു വ്യക്തിയെപ്പോലും നാം അംഗീകരിക്കേണ്ടിയിരിക്കുന്നു. അങ്ങനെ നാം പാവങ്ങളോടു കാണിക്കുന്ന ഔദാര്യത്തെക്കുറിച്ചുള്ള അവബോധമുണ്ടെങ്കില്‍ മാത്രമേ, ദൈവിക ദാനമായ കൃപയ്ക്കും അനുഗ്രഹങ്ങള്‍ക്കും നാം യോഗ്യരാവുകയുള്ളൂ. പ്രാര്‍ത്ഥനയ്ക്കായി നാം ഉപയോഗിക്കുന്ന സമയം ഒരിക്കലും ആവശ്യത്തിലായിരിക്കുന്ന സഹോദരങ്ങളില്‍നിന്നും അകന്നിരിക്കുന്നതിനുള്ള ഒരു കൃത്യവലോപമായി മാറുന്നില്ല. മറിച്ചാണ് സത്യം. പാവങ്ങളുടെ പരിചരണത്തെ പ്രാര്‍ത്ഥനയോടെ പിന്‍തുടരുമ്പോള്‍ ദൈവാനുഗ്രഹം നമ്മിലേയ്ക്ക് ഇറങ്ങിവരികയും നമ്മുടെ പ്രാര്‍ത്ഥന അതിന്‍റെ ലക്ഷ്യത്തില്‍ എത്തുകയും ചെയ്യുമെന്ന് പാപ്പാ സന്ദേശത്തില്‍ വിവരിക്കുന്നു.
4. എളിയവരെ പിന്‍തുണയ്ക്കുന്ന ജീവിത പൂര്‍ണ്ണത
പ്രഭാഷകന്‍റെ ഈ പുരാതനമായ ചിന്തകള്‍ എത്ര കാലിക പ്രസ്കതിയുള്ളതാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഇവിടെ ആവര്‍ത്തിക്കുന്നു. സംശയമില്ല, ദൈവവചനം സ്ഥല-കാല, മത-സംസ്കാര സീമകളെ അതിലംഘിക്കുന്നു. അതിനാല്‍ പൂര്‍ണ്ണതയുള്ളൊരു മര്‍ത്ത്യജീവിതം എളിയവരെ പിന്‍തുണയ്ക്കുകയും ക്ലേശിതരെ സാന്ത്വനപ്പെടുത്തുകയും, ദുഃഖിതരെ സമാശ്വസിപ്പിക്കുകയും അവരുടെ ഉരിഞ്ഞെടുക്കപ്പെട്ട അന്തസ്സ് വീണ്ടെടുക്കുകയും ചെയ്യേണ്ടത് പൂര്‍ണ്ണതയുള്ളൊരു ജീവിതത്തിനു ഉണ്ടായിരിക്കേണ്ട വ്യവസ്ഥയാണെന്നും പാപ്പാ ഫ്രാന്‍സിസ് അനുസ്മരിപ്പിക്കുന്നു.
പാവങ്ങളെയും അവരുടെ വിവിധ ആവശ്യങ്ങളെയും സഹായിക്കുവാനുള്ള തീരുമാനത്തെ അല്ലെങ്കില്‍ സമര്‍പ്പണത്തെ നമ്മുടെ വ്യക്തി താല്പര്യങ്ങള്‍കൊണ്ടോ അല്ലെങ്കില്‍ സമര്‍പ്പണമില്ലാത്തതും, പ്രകടനപരതയുള്ളതുമായ അജപാലന സാമൂഹ്യ പദ്ധതികള്‍കൊണ്ടോ പരിമിതപ്പെടുത്തുവാന്‍ ഇടയുണ്ട്. നമ്മെത്തന്നെ മുന്‍പന്തിയില്‍ നിര്‍ത്തുവാനും, വ്യക്തിഗത താല്പര്യങ്ങള്‍ സംരക്ഷിക്കുവാനും ശ്രമിക്കുമ്പോള്‍ ദൈവകൃപയുടെ ശക്തിയെ നാം സ്വാര്‍ത്ഥതകൊണ്ട് തടസ്സപ്പെടുത്തുകയാണെന്നും പാപ്പാ ചൂണ്ടിക്കാട്ടുന്നു.
5. ദൈവസ്നേഹത്തെപ്രതി മനുഷ്യര്‍ക്കുവേണ്ടി
നമ്മുടെ വ്യക്തി ജീവിതത്തിനും സാമൂഹിക ജീവിതത്തിനും കടിഞ്ഞാണിട്ടില്ലെങ്കില്‍ പാവങ്ങളുടെ പരിചരണം അല്ലെങ്കില്‍ അവര്‍ക്കായുള്ള സഭയുടെ ശുശ്രൂഷകള്‍ കൂടുതല്‍ ക്ലേശകരമാകുവാനാണ് സാദ്ധ്യത. പാവങ്ങളുടെ ശുശ്രൂഷയില്‍ വാക്കുകളുടെ സുന്ദര പ്രയോഗങ്ങള്‍ക്കോ പുറംമോടിയുള്ള ആഘോഷങ്ങള്‍ക്കോ പ്രവൃത്തികള്‍ക്കോ പ്രസക്തിയില്ല. ഇവിടെ ആവശ്യം ദൈവസ്നേഹത്തില്‍ ഊന്നിയതും, ദൈവസ്നേഹത്താല്‍ പ്രചോദിതവുമായ സമര്‍പ്പണമാണ്. ദൈവസ്നേഹത്തെപ്രതി സഹോദരങ്ങള്‍ക്കായി പൂര്‍ണ്ണസമര്‍പ്പണം ചെയ്യുന്നൊരു ജീവിതമാണിവിടെ ആവശ്യം. ഓരോ വര്‍ഷവും, പാവങ്ങളുടെ ദിനത്തില്‍ താന്‍ അടിവരയിട്ടു പറയുന്ന സഭാജീവിതത്തിന്‍റെ അടിസ്ഥാന സത്യമിതാണ് : “പാവങ്ങള്‍ എന്നും നമ്മുടെകൂടെ ഉണ്ടായിരിക്കും….”. അനുദിന ജീവിതത്തില്‍ അവരുടെ സാന്നിദ്ധ്യം ക്രിസ്തുവിന്‍റെ സാന്നിദ്ധ്യാനുഭവമായി നമ്മുടെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. (യോഹ. 12, 8).
6. പാവങ്ങളുടെ പക്ഷംചേരേണ്ട ക്രൈസ്തവര്‍
പാവങ്ങളോടുള്ള പക്ഷംചേരലും അവരുടെ ആവശ്യങ്ങളിലുള്ള ഇടപഴകലും നമ്മെ നിരന്തരമായി വെല്ലുവിളിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. എങ്ങനെ അവരുടെ യാതനകളും പാര്‍ശ്വവത്ക്കരണവും, ക്ലേശങ്ങളും കുറയ്ക്കുന്നതിന് അവരെ സഹായിക്കുവാന്‍ നമുക്കു സാധിക്കും? പാവങ്ങളുടെ സാമൂഹിക പ്രതിസന്ധികളെ സര്‍ക്കാരിനോ, മറ്റുസേവകര്‍ക്കോ, അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലുമായി മാറ്റിവയ്ക്കാതെ ക്രൈസ്തവ സമൂഹം അതില്‍ പങ്കുചേരുകയും പാവങ്ങളെ തുണയ്ക്കുവാന്‍ കടപ്പെട്ടിരിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. പാവങ്ങളെ സഹായിക്കുവാന്‍ ആദ്യമായി നാം തന്നെ സുവിശേഷദാരിദ്ര്യം ഉള്‍ക്കൊള്ളുകയും, ആ അരൂപി അനുഭവികുമാറ് ലാളിത്യത്തില്‍ ജീവിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
7. ശബ്ദമില്ലാത്തവരുടെ ശബ്ദമാകേണ്ടവര്‍
മാനവകുടുംബത്തിലെ ഒരംഗം പിന്‍തള്ളപ്പെടുകയും ജീവിതത്തിന്‍റെ കരിനിഴലില്‍ നിപതിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് ഒരിക്കലും സ്വൈര്യത അനുഭവിക്കുവാനാവില്ല. പാവങ്ങളായ സ്ത്രീ പുരുഷന്മാരുടെയും കുഞ്ഞുങ്ങളുടെയും നിശബ്ദമായ കരച്ചില്‍ സാന്ത്വനത്തിന്‍റെയും സഹായത്തിന്‍റെയും മുന്‍നിരയില്‍ നില്ക്കുവാന്‍ എവിടെയും എപ്പോഴും ദൈവജനത്തെ പ്രചോദിപ്പിക്കേണ്ടതാണ്. കാരണം ഒരിക്കലും നിവര്‍ത്തിതമാകാത്ത പൊള്ളയായ വാഗ്ദാനങ്ങളും പദ്ധതികളുംകൊണ്ട് സമൂഹത്തില്‍ പാവങ്ങള്‍ കബളിപ്പിക്കപ്പെടുന്നുണ്ട്. അതിനാല്‍ എളിയവരും പാവങ്ങളുമായവരെ സംരക്ഷിക്കുവാനും, ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദമാകുവാനും സുവിശേഷസ്നേഹത്താല്‍ നിറഞ്ഞ് അവരെ കാപട്യത്തില്‍നിന്നും സംരക്ഷിക്കുവാനും നയിക്കുവാനും ക്രൈസ്തവര്‍ക്ക് സാധിക്കേണ്ടതും, പാവങ്ങളായവരെ അങ്ങനെ സമൂഹത്തില്‍ ആശ്ലേഷിക്കേണ്ടതുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
8. ജീവിതസാക്ഷ്യവും ഉപവിപ്രവൃത്തികളും
സമൂഹത്തില്‍ പൊന്തിനില്ക്കുന്ന ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് സഭയ്ക്ക് നല്കുവാന്‍ പൂര്‍ണ്ണവും സമഗ്രവുമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലെന്നതാണ് സത്യം. എന്നാല്‍ ക്രിസ്തുവിന്‍റെ കൃപയാല്‍ നിറഞ്ഞ് ജീവിതസാക്ഷ്യത്തിലൂടെയും ഉപവിപ്രവര്‍ത്തികളിലൂടെയും അവള്‍ക്ക് എളിയവരുടെ ക്ലേശങ്ങളില്‍ പങ്കുചേരുവാനും, ആവുന്നത്ര സമാശ്വാസമേകുവാനും സാധിക്കുമെന്ന് ഉറപ്പുണ്ട്.
ജീവിതത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍പോലും നിവര്‍ത്തിതമാവാത്തവര്‍ക്കുവേണ്ടി സ്വരമുയര്‍ത്തുവാനും സഭ നിര്‍ബന്ധിതയാവുന്നുണ്ട്. പൊതുവായ നന്മയ്ക്കുവേണ്ടി നിലകൊള്ളുകയെന്നത് ക്രൈസ്തവ ജീവിതത്തിന്‍റെ മഹത്തായ മൂല്യമായിരിക്കണം. ജീവിതത്തിന്‍റെ ഒരു മേഖലയിലും മനുഷ്യാന്തസ്സ് നഷ്ടമാക്കപ്പെടുകയോ ലംഘിക്കപ്പെടുകയോ ചെയ്യരുതെന്നത് ഓരോ ക്രൈസ്തവന്‍റെയും ജീവിതത്തിലെ താല്പര്യവും കരുതലുമായിരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് പാവങ്ങളുടെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു.
8. സഹോദരങ്ങള്‍ക്കായ് നീട്ടിയ കരങ്ങള്‍
എളിയവര്‍ക്കായ് സഹായഹസ്തം നീട്ടുവാനുള്ള സന്നദ്ധത മനുഷ്യജീവിതത്തിന് അര്‍ത്ഥംത രുവാന്‍ പോരുന്ന നമ്മുടെ ഉള്ളിന്‍റെ ഉള്ളിലെ കഴിവും കരുത്തുമാണ്. സഹായത്തിനായി നീട്ടിയ എത്രയോ കരങ്ങളാണ് നാം അനുദിനം കാണുന്നത്. ഇന്നത്തെ ജീവിതത്തിന്‍റെ ഭ്രാന്തവേഗത നമ്മെ നിസംഗതയുടെ നീര്‍ഛുതിയില്‍ ആഴ്ത്തുകയാണ്. ഇതുവഴി ചുറ്റും നിശബ്ദമായും ഔദാര്യത്തോടുംകൂടെ മറ്റുള്ളവര്‍ ചെയ്യുന്ന നല്ലകാര്യങ്ങളും സല്‍പ്രവൃത്തികളും നാം കാണാതെ പോകുന്ന വിധത്തില്‍ നാം നിസംഗരായിത്തീരുന്നു. നമ്മുടെ ജീവിതഗതിയെ തകര്‍ക്കുന്ന എന്തെങ്കിലും സംഭവിക്കുമ്പോള്‍ മാത്രമാണ് നാം കണ്ണുതുറക്കുന്നതും, നമ്മുടെ അയല്‍പക്കത്തും ചുറ്റും ജീവിക്കുന്ന വിശുദ്ധരുടെ നന്മ കാണുവാന്‍ പരിശ്രമിക്കുന്നതും, അല്ലെങ്കില്‍ നമ്മിലും നമുക്കു ചുറ്റുമുള്ള ദൈവിക സാന്നിദ്ധ്യം തിരിച്ചറിയുവാന്‍ സാധിക്കുന്നതും (GE, 7).
പത്രമാസികകളുടെ താളുകളും, ടെലിവിഷന്‍ സ്ക്രീനുകളും, സാമൂഹ്യമാദ്ധ്യമ വേദികളും മോശമായ വാര്‍ത്തകള്‍കൊണ്ടു നിറയുമ്പോള്‍ നമുക്കു ചുറ്റും തിന്മയുടെ ആധിപത്യം കൊടികുത്തി വാഴുന്നുവെന്നുവേണം മനസ്സിലാക്കുവാന്‍. എന്നാല്‍ അതല്ല സംഭവിക്കുന്നത്!
തിന്മയും അതിക്രമങ്ങളും, ലൈംഗികപീഡനങ്ങളും അഴിമതിയും തിങ്ങിയ ലോകത്താണു നാം ജീവിക്കുന്നതെങ്കിലും, ധാരാളം പരസ്പരാദരവിന്‍റെയും ഔദാര്യത്തിന്‍റെയും പ്രവൃത്തികള്‍, തീര്‍ച്ചയായും തിന്മയെ ചെറുക്കുകയോ പകരംവയ്ക്കുകയോ ചെയ്യുന്നുണ്ട്. മാത്രമല്ല, ഒരു പടികൂടി ഉയര്‍ന്ന് അവ മനുഷ്യഹൃദയങ്ങളെ പ്രത്യാശകൊണ്ടു നിറയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു.
9. നീട്ടിയ കരം സ്നേഹത്തിന്‍റെ അടയാളം
നീട്ടിപ്പിടിച്ച കരം സാമീപ്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും അടയാളമാണ്. മഹാമാരിയായി വന്ന ഒരു ചെറിയ വൈറസ്ബാധ വേദനയും മരണവും നിരാശയും പരിഭ്രാന്തിയും ദുഃഖവും ലോകമെമ്പാടും പരത്തുമ്പോള്‍, ക്ലേശിക്കുന്ന ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും എത്രയെത്ര നീട്ടിയ കരങ്ങളാണ് നാം കാണുന്നത്. ഓരോ രോഗിയേയും പരിചരിച്ച് അവരുടെ ജീവന്‍ രക്ഷിക്കാന്‍ ദിനരാത്രങ്ങള്‍ അദ്ധ്വാനിക്കുന്ന ഡോക്ടര്‍മാര്‍, ജോലിയുടെ സമയപരിധി നോക്കാതെ രോഗീപരിചരണത്തിനായി കഠിനാദ്ധ്വാനംചെയ്യുന്ന നഴ്സുമാര്‍, ഇനിയും ജീവന്‍ രക്ഷിക്കാന്‍വേണ്ടി അതിനുള്ള പുതിയ പോംവഴികളും ഉപകരണങ്ങളും മരുന്നും തേടുന്ന മെഡിക്കല്‍ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാര്‍...!
ജനങ്ങളുടെ വൈവിധ്യമാര്‍ന്ന ക്ലേശങ്ങള്‍ മനസ്സിലാക്കി സഹകരിച്ച് മരുന്നുകള്‍ നല്കുന്ന ഫാര്‍മസിസ്റ്റുകള്‍, ഹൃദയവ്യഥയോടെ അന്ത്യനിമിഷങ്ങളില്‍ മരണാസന്നരുടെ ചാരത്ത് സാന്ത്വനവുമായി ഓടിയെത്തുന്ന വൈദികര്‍...! മാനുഷികയാതനകള്‍ക്ക് എതിരെ സാന്ത്വനമായി നീട്ടിയ കരങ്ങളുടെ ഒരു നീണ്ട നിരതന്നെ പിന്നെയുമുണ്ട്. വൈറസ്ബാധയുടെയും അതിന്‍റെ വ്യാപനത്തിന്‍റെയും ഭീതി തട്ടിമാറ്റി സാന്ത്വനമായും സമാശ്വാസമായും രംഗത്തിറങ്ങിയ ധീരരാണ് ഇവരെല്ലാമെന്ന് പാപ്പാ വിശേഷിപ്പിച്ചു.
10. സഹായഹസ്തം തുറക്കാം സമാശ്വാസം പങ്കുവയ്ക്കാം
മനുഷ്യകുലത്തെ നിസ്സഹായതയിലും പരിഭ്രാന്തിയിലും ആഴ്ത്തിക്കൊണ്ട് ഒരു മഹാമാരി ലോകത്തെ കീഴ്പ്പെടുത്തിയത് അപ്രതീക്ഷിതമായിട്ടാണ്. എന്നിട്ടും വേദനിക്കുന്ന പാവങ്ങള്‍ക്കായി നീട്ടിയ കരങ്ങള്‍ ഇനിയും പിന്മാറുകയില്ല. ലോകത്തുള്ള ബഹൂഭൂരിപക്ഷംവരുന്ന പാവങ്ങളുടെ സാന്നിധ്യത്തോടൊപ്പം, സഹായത്തിനായുള്ള അവരുടെ മുറവിളിയും ഈ മഹാമാരിക്കിടെ പ്രതിധ്വനിക്കുകയാണ്. അവരുടെ നിലവിളികേള്‍ക്കുവാനും, ത്യാഗപൂര്‍വ്വം സഹായഹസ്തം അവര്‍ക്കായി നീട്ടുവാനും നമുക്കു പരിശ്രമിക്കാം.
നാം എല്ലാവരും ക്ലേശിക്കുന്ന സമയമാണിത്. എല്ലാവരും മുറിപ്പെട്ടവരും വ്രണിതാക്കളുമാണ്. എന്നിരുന്നാലും ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും ഉള്‍ക്കൊണ്ട് ത്യാഗപൂര്‍വ്വം, മുറിപ്പെട്ടവരെങ്കിലും നമ്മില്‍ എളിയവരുടെയും ക്ലേശിക്കുന്നവരുടെയും സൗഖ്യദായകരാകാം നമുക്ക് അവര്‍ക്കായി സാന്ത്വനവും സമാശ്വാസവും പങ്കുവയ്ക്കാം...!
പരിപാടിയിലെ സംഗീത ശകലങ്ങള്‍ ഇറ്റാലിയന്‍ ഫ്ലൂട്ടിസ്റ്റ്, ശാസ്ത്രോയുടേതാണ്.
ഗാനമാലപിച്ചത് ഡോ. കെ. ജെ. യേശുദാസാണ്. ഗാനരചന ഫാദര്‍ വര്‍ഗ്ഗീസ് പാലത്തിങ്കല്‍, സംഗീതം ബേണി&ഇഗ്നേഷ്യസ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: