ചാരംഗൊ തന്ത്രിവാദ്യം  മീട്ടുന്ന ബൊളീവിയക്കാരിയായ  ഒരു മുത്തശ്ശി, ഒരു പഴയ ചിത്രം ചാരംഗൊ തന്ത്രിവാദ്യം മീട്ടുന്ന ബൊളീവിയക്കാരിയായ ഒരു മുത്തശ്ശി, ഒരു പഴയ ചിത്രം 

"യുവതയ്ക്ക് ഒരു വിജ്ഞാന സമ്മാനം, മുത്തശ്ശീമുത്തശ്ശന്മാരെ ശ്രവിക്കൽ"!

“ക്രിസ്തുമസ്സിന് വിജ്ഞാനത്തിൻറെ ഒരു സമ്മാനം, മുത്തശ്ശീമുത്തശ്ശന്മാരെയും പ്രായാധിക്യം ചെന്നവരെയും ശ്രവിക്കുക” എന്ന സംരംഭവുമായി അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മുത്തശ്ശീമുത്തശ്ശന്മാരെ അമൂല്യ നിധിയായി കാത്തുപരിപാലിക്കുന്നതിന് ഒരു സംരംഭവുമായി അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗം.

“ക്രിസ്തുമസ്സിന് വിജ്ഞാനത്തിൻറെ ഒരു സമ്മാനം, മുത്തശ്ശീമുത്തശ്ശന്മാരെയും പ്രായാധിക്യം ചെന്നവരെയും ശ്രവിക്കുക” എന്ന ശീർഷകമാണ് ഈ സംരംഭത്തിന് നല്കിയിരിക്കുന്നത്.

മുപ്പത്തിരണ്ടാം ലോകയുവജനദിനത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പാ യുവതയ്ക്കേകിയ സന്ദേശത്തിൽ കുറച്ചിരിക്കുന്ന, “പ്രിയ യുവജനമേ, നിങ്ങൾക്ക് പ്രായാധിക്യത്തിലെത്തിയവരുടെ വിജ്ഞാനവും അവരുടെ വീക്ഷണവും ആവശ്യമായിരിക്കുന്നു. നിങ്ങളുടെ മനസ്സിനെ പുളകംകൊള്ളിക്കുന്നതും ഹൃദയങ്ങളെ ചലിപ്പിക്കുന്നതുമായ കാര്യങ്ങൾ അവർ നിങ്ങളോടു പറയും” എന്നീ വാക്കുകളിൽ അധിഷ്ഠിതമാണ് ഈ സംരംഭം. 

അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗം വെള്ളിയാഴ്ച (27/11/20) ഒരു പത്രക്കുറിപ്പിലൂടെയാണ് ഈ സംരംഭത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

കോവിദ് 19 മഹാമാരിക്കാലമായതിനാൽ തിരുപ്പിറവിയോടടുക്കുന്ന ഈ വേളയിൽ ഒറ്റയ്ക്ക് താമസിക്കാൻ നിർബന്ധിതരായിത്തീരുന്ന പ്രായംചെന്നവരുടെ സംഖ്യ കൂടുതലായിരിക്കുമെന്ന വസ്തുത അനുസ്മരിക്കുന്ന ഈ വത്തിക്കാൻ വിഭാഗം അവരോരുത്തരുമായി ബന്ധം സ്ഥാപിക്കാൻ നമുക്കു സാധിക്കുമെന്നും അത് നിധി കണ്ടെത്തുന്നതിനുള്ള ഒരു മാർഗ്ഗമായിരിക്കുമെന്നും പറയുന്നു.

ഇക്കൊല്ലം നാം ജീവിക്കുന്ന ഈ പ്രത്യേക സാഹചര്യം യുവജനത്തിന് സവിശേഷമായ ഒരു സമ്മാനം സ്വീകരിക്കുന്നതിനുള്ള അവസരമാണെന്നും ഈ പത്രക്കുറിപ്പ് ഓർമ്മിപ്പിക്കുന്നു.

“ഓരോ വൃദ്ധനും നിൻറെ മുത്തച്ഛൻ” എന്ന വിജയകരമായ ഒരു മുൻപരിപാടിയിലൂടെ മുത്തശ്ശീ മുത്തശ്ശന്മാരെ അകലെയിരുന്നുകൊണ്ടുതന്നെ ആശ്ലേഷിക്കാൻ സാധിച്ചതിനെക്കുറിച്ചും അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗം ഈ പത്രക്കുറിപ്പിൽ പരാമർശിക്കുകയും വൃദ്ധജനത്തിൻറെ വിജ്ഞാനസമ്മാനം സ്വീകരിക്കാൻ കഴിയുന്നതിന് അവരുടെ വാക്കുകൾ ശ്രവിക്കാൻ ഇപ്പോൾ യുവജനത്തെ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

മുത്തശ്ശീമുത്തശ്ശന്മാരുടെ വാക്കുകൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും ഈ വിഭാഗം ക്ഷണിക്കുന്നു. 

മുത്തശ്ശീമുത്തശ്ശന്മാരുമായുള്ള കൂടിക്കാഴ്ചകൾ, കോവിദ് 19 മഹാമാരിമൂലം, പലർക്കും ശാരീരികമായി അകലെയിരുന്നുകൊണ്ട് മാത്രമെ സാധിക്കുകയുള്ളു എന്ന വസ്തുതയും വത്തിക്കാൻ വിഭാഗം വിസ്മരിക്കുന്നില്ല

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 November 2020, 15:04