സഹിഷ്ണുതയിൽ നിന്ന് സാഹോദര്യ സഹവർത്തിത്വത്തിലേക്ക്!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
കേവല സഹിഷ്ണുതയിൽ നിന്ന് സാഹോദര്യ സഹവർത്തിത്വത്തിലേക്ക് മാറേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് നാം അവബോധം പുലര്‍ത്തണമെന്ന് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മിഖേല്‍ ആംഹെല്‍ അയുസൊ ഗിസ്സൊത് (Card. Miguel Ángel Ayuso Guixot).
ഫ്രാന്‍സീസ് പാപ്പാ ഇക്കൊല്ലം (2021) മാര്‍ച്ച് 5-8 വരെ തീയതികളില്‍ ഇറാഖില്‍ നടത്തിയ ചരിത്രപരമായ ഇടയസന്ദര്‍ശനത്തിന്‍റെ അനന്തരഫലത്തെക്കുറിച്ച് സംഘടിപ്പിക്കപ്പെട്ട വെബിനാര്‍ (Webinar) പരിപാടിയുടെ ആദ്യഘട്ടത്തില്‍ വ്യാഴാഴ്ച (03/06/21) പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പാപ്പായുടെ സന്ദര്‍ശനം മാനവസാഹോദര്യത്തെ സംബന്ധിച്ചിടത്തോളം പ്രാധാന്യമര്‍ഹിക്കുന്നത് എന്തുകൊണ്ട്” എന്ന ചോദ്യമായിരുന്നു കര്‍ദ്ദിനാള്‍ ഗിസ്സൊത്തിന്‍റെ വിചിന്തനത്തിന് ആധാരം.
വെറും സഹിഷ്ണുതയില്‍ നിന്ന് സാഹോദര്യസഹജീവനത്തിലേക്കുള്ള മാറ്റത്തിന് പൗരത്വം പൂര്‍ണ്ണമായി അംഗീകരിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും ഒരുവന്‍റെ അനന്യത കാത്തുസൂക്ഷിക്കുന്നതിന് സംമ്പൂര്‍ണ്ണ പൗരത്വം മൗലികമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഈ ഒരു വീക്ഷണത്തില്‍, എല്ലാ രാഷ്ട്രീയ, സാമൂഹ്യ ഘടകങ്ങളുടെയും മതവിഭാഗങ്ങളുടെയും ഭാഗഭാഗിത്വവും പൗരന്മാര്‍ എന്ന നിലയിലുള്ള അവരുടെ മലികാവകാശങ്ങളും ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകള്‍ കര്‍ദ്ദിനാള്‍ ഗിസോത് ഉദ്ധരിച്ചു.
ഇറാഖിനെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം വര്‍ഗ്ഗ, മത, സാസ്ക്കാരിക, ഭാഷാപരങ്ങളായ വീക്ഷണത്തിള്‍ ഏറ്റം സമ്പന്നമായ അറബ് രാഷ്ട്രമാണ് അതെന്നും സസൂക്ഷ്മം പുനസംയോജിപ്പിക്കേണ്ടതും അതുപോലെതന്നെ ശ്രദ്ധയോടെ കാത്തുപരിപാലിക്കേണ്ടതുമായ മനോഹരമായ നാനോപലഖചിത സൃഷ്ടിയാണെന്നും വിശദീകരിച്ചു.
ഈ രാജ്യത്തെ തകര്‍ത്തുതരിപ്പണമാക്കുന്നത് നേരിട്ടു കണ്ട താന്‍ ഒരു ക്രിസ്തുവിശ്വാസി എന്ന നിലയില്‍ ഏറെ വേദനിച്ചിട്ടുണ്ടെന്നും അന്നാട്ടിലെ യുദ്ധത്തെയും ക്രൈസ്തവര്‍ മാത്രമല്ല സകലരും അനുഭവിച്ച അക്രമങ്ങളെയും കുറിച്ച് സകലവും ഇന്നും വിളിച്ചോതുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ ഗിസോത് കൂട്ടിച്ചേര്‍ത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: