സുരക്ഷിതമായ കുടിവെള്ളലഭ്യത ഒരു അടിസ്ഥാന മനുഷ്യാവകാശം
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
എല്ലാവർക്കും കുടിവെള്ളവും ശുചിത്വ സേവനങ്ങളും ഉറപ്പാക്കേണ്ടത് ഒരു അത്യാവശ്യമാണെന്നും, കുടിവെള്ളം അടിസ്ഥാനമനുഷ്യാവകാശങ്ങളിൽ ഒന്നനാണെന്നും പരിശുദ്ധ സിംഹാസനം അഭിപ്രായപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശസംഘടന, ജലവും ശുചിത്വവും എന്ന വിഷയത്തിൽ, ജനീവയിൽ സംഘടിപ്പിച്ച 48-മത് പരസ്പരസംവാദത്തിൽ സംസാരിക്കവെ, യു. എന്നിലേക്കുള്ള വത്തിക്കാന്റെ സ്ഥിരം മിഷന്റെ താത്കാലിക ചുമതലയുള്ള മോൺസിഞ്ഞോർ ജോൺ പുറ്റ്സർ, സാർവത്രികമായ കുടിവെള്ളലഭ്യത എന്നത്, മനുഷ്യാന്തസ്സിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രധാന കേന്ദ്രമാണെന്ന് ആവർത്തിച്ചു. ഈ ആവശ്യത്തിന് വത്തിക്കാൻ എന്നും മുൻഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്താകമാനമുള്ള മാനവികത നേരിടുന്ന ജലദൗർലഭ്യതയെ, ജലത്തിന്റെ സാമ്പത്തികവൽക്കരണവും, കാലാവസ്ഥാ വ്യതിയാനവും, ഇപ്പോഴത്തെ കോവിഡ്-19 മഹാമാരിയും കൂടുതൽ വഷളാക്കിയതിനെക്കുറിച്ചുള്ള റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കവെയാണ് മോൺസിഞ്ഞോർ പുറ്റ്സർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
“മനുഷ്യന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായതിനാൽ സുരക്ഷിതമായ കുടിവെള്ളം ലഭിക്കുന്നത് അടിസ്ഥാനപരവും സാർവത്രികവുമായ മനുഷ്യാവകാശമാണ്" എന്നും, "മറ്റ് മനുഷ്യാവകാശങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഒരു വ്യവസ്ഥയുമാണ് ഇതെന്നും", ഫ്രാൻസിസ് മാർപ്പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
എല്ലാ ആളുകൾക്കും ശുദ്ധവും മതിയായതുമായ വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കൂട്ടായ ഒരു ശ്രമം ആവശ്യമുണ്ടെന്നും വത്തിക്കാൻ പ്രതിനിധി ജനീവയിൽ ആവർത്തിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: